മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപിള്ളയുടെയും ഈശ്വരിഅമ്മയുടെയും മകനായി 1931 മാര്‍ച്ച് 11 ന് ജനിച്ചത്. ശൂരനാട് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റായാണ് തെന്നലയുടെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായും പ്രവര്‍ത്തിക്കുകയും കൊല്ലം ഡിസിസിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. 2001ല്‍ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ തെന്നല ബാലകൃഷ്ണപിള്ളയായിരുന്നു കെപിസിസി പ്രസിഡന്റ്.

1962 മുതല്‍ കെപിസിസി അംഗമാണ്. 1977ലും 1982ലും അടൂരില്‍ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2004 ലാണ് രണ്ടാമതായി കെപിസിസി അധ്യക്ഷപദവിയിലെത്തുന്നത്. 1991 ലും 1992 ലും 2000 ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top