കാലവര്‍ഷം; അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ നടപടികളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

കോഴിക്കോട്: ജില്ലയില്‍ കാലവര്‍ഷം ആരംഭിക്കുകയും ജൂണ്‍ എട്ടിന് ഓറഞ്ച് അലര്‍ട്ട്, ജൂണ്‍ ഒന്‍പതിന് യെല്ലോ അലര്‍ട്ട് എന്നിവ പ്രഖ്യാപിക്കുകയും ചെയ്തതിനാല്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ നടപടികളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ മുന്‍കരുതല്‍ നടപടികളും അടിയന്തിര സാഹചര്യം നേരിടാനുള്ള നടപടികളും സംബന്ധിച്ച് ദുരന്തനിവാരണ നിയമം പ്രകാരം ജില്ലാ കലക്ടര്‍ എ.ഗീത ഉത്തരവ് പുറപ്പെടുവിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ മുഴുവന്‍ വകുപ്പുകളും തയ്യാറായിരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ലാ ദുരന്തനിവാരണ അടിയന്തിര കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ താലൂക്ക് ഓഫീസുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തന ക്ഷമമായിരിക്കും. പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ഇറിഗേഷന്‍, വൈദ്യുതി, ബി.എസ്.എന്‍.എല്‍ എന്നീ വകുപ്പുകള്‍ക്ക് അടിയന്തിര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡാമുകളിലെയും നദികളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനും ഓരോ ആറുമണിക്കൂറിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കാനും ഈ വിവരം ജില്ലാ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യാനും നിര്‍ദ്ദേശമുണ്ട്. നദികളില്‍ ജലനിരപ്പ് ഉയരുകയും പ്രാദേശിക വെള്ളക്കെട്ട് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ബോട്ടുകള്‍ സജ്ജമാക്കാന്‍ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

24 മണിക്കൂറില്‍ അധികം മഴ തുടര്‍ന്നാല്‍ മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിര്‍ത്തിവയ്ക്കാനുള്ള നടപടി അതാത് തഹസില്‍ദാര്‍മാര്‍ സ്വീകരിക്കും. വാഹനങ്ങള്‍ ആവശ്യമായി വന്നാല്‍ അടിയന്തിരമായി അവ ഏര്‍പ്പാടാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ നടപടി സ്വീകരിക്കും. നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഡ്രൈനേജിലെ തടസ്സങ്ങള്‍ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശമുണ്ട്.

റോഡുകളിലെ അപകടകരമായ കുഴികളും തടസ്സങ്ങളും നീക്കാന്‍ ആവശ്യമായ ജോലിക്കാരുടെ ടീമിനെ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തയ്യാറാക്കി നിര്‍ത്തണം. നദികള്‍, വെള്ളവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍, പാറക്കെട്ടുകള്‍, വെള്ളപ്പൊക്കം നേരിടുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മഴയുടെ കാഠിന്യം കുറയുന്നത് വരെ പ്രവേശനം നിരോധിക്കും.

ജില്ലയില്‍ പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന മലയോര മേഖലയിലെ നദീതീരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിക്കും. പോലീസും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും കര്‍ശനമായി നിരോധനം നടപ്പാക്കണം. കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി വിതരണത്തില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ നീക്കാനും വൈദ്യുതി ലൈനുകളിലെ തടസ്സങ്ങള്‍, അപകടങ്ങള്‍ എന്നിവ ഒഴിവാക്കാനും എമര്‍ജന്‍സി ടീമിനെ കെ.എസ്.ഇ.ബി നിയോഗിക്കും.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലില്‍ മത്സ്യബന്ധനത്തിനോ അല്ലാതെയോ ജനങ്ങള്‍ പ്രവേശിക്കുന്നത് പൂര്‍ണമായും നിരോധിക്കും. ഇക്കാര്യം ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തും. മത്സ്യത്തൊഴിളികള്‍ക്കുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്നും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തും. ഓറഞ്ച് അലര്‍ട്ട് പിന്‍വലിക്കും വരെ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോരപ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ അടിയന്തിര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണം.

പുനരധിവാസ ക്യാമ്പുകള്‍ ആരംഭിക്കേണ്ട സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികള്‍ തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തും. ക്യാമ്പുകളില്‍ വൈദ്യസഹായം ലഭ്യമാക്കാനുള്ള നടപടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്വീകരിക്കും. ക്യാമ്പുകളില്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും ഡോക്ടര്‍ സന്ദര്‍ശനം നടത്തണം. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍, സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ ഉറപ്പുവരുത്തും.

ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും മറ്റും ആവശ്യത്തിനനുസരിച്ച് വിതരണം നടത്താന്‍ ജില്ലാ സപ്ലൈ ഓഫീസര്‍, സിവില്‍ സപ്ലൈസ് റീജണല്‍ മാനേജര്‍ എന്നിവര്‍ നടപടി സ്വീകരിക്കും. ആവശ്യം വരുന്ന മുറയ്ക്ക് സര്‍ക്കാര്‍ വകുപ്പുകളുടെ വാഹനങ്ങള്‍ ദുരന്തനിവാരണ അതോറിറ്റിക്ക് വിട്ടു നല്‍കേണ്ടതാണ്.

ദേശീയപാത 66 ലെ പ്രവൃത്തി മൂലം വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കി എന്നും മണ്ണെടുത്തത് മൂലം അപകടാവസ്ഥയിലായ വീടുകളില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കി എന്നും ഡ്രൈനേജുകള്‍ വൃത്തിയാക്കി വെള്ളത്തിന് സുഗമമായ ഒഴുക്കിന് സംവിധാനം ഒരുക്കി എന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്റ്റ് ഡയറക്ടര്‍ ഉറപ്പുവരുത്തണം. റോഡ് അരികിലെ ഓടകള്‍ തുറന്നിരിക്കുന്നില്ലെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ഉറപ്പുവരുത്തും.

അടിയന്തിര ഘട്ടങ്ങളില്‍ സഹായത്തിനായി ബന്ധപ്പെടേണ്ട കണ്‍ട്രോള്‍ റൂം നമ്പറുകള്‍-
ജില്ലാ അടിയന്തര കാര്യനിര്‍വഹണ കേന്ദ്രം – 1077, 0495-2371002
കോഴിക്കോട് താലൂക്ക് – 0495-2372967
താമരശ്ശേരി താലൂക്ക്- 0495-2224088
കൊയിലാണ്ടി താലൂക്ക്- 0496-2623100
വടകര താലൂക്ക് -0496-2520361

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top