പൊതുവിദ്യാഭ്യാസം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കാലത്തുനിന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി മാറിയെന്ന്
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മരുത ഗവ. ഹൈസ്‌ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലയും കായികവും പഠനവും ചേര്‍ന്ന് കൊണ്ടുള്ള കേന്ദ്രങ്ങളായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ മാറി. വിദ്യാലയങ്ങളെ സാംസ്‌കാരിക കേന്ദ്രങ്ങളായി മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിച്ചിരുന്ന 11 ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ ഇന്ന് പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നു. കാലത്തിന് അനുസൃതമായി കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ കഴിഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് മലപ്പുറം ജില്ലക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നബാര്‍ഡ് ഫണ്ടുപയോഗിച്ച് രണ്ട് കോടി വിനിയോഗിച്ചാണ് ഇരുനില കെട്ടിടം നിര്‍മിച്ചത്. ചടങ്ങില്‍ ജര്‍മനിയില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം നേടിയ മരുത സ്വദേശി അബ്ദുള്‍ നിസാറിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി, ജനപ്രതിനിധികളായ പാത്തുമ്മ ഇസ്മായീല്‍, എം.ഷിഹാബ്, ജലജ മണി, പി.കെ അബ്ദുള്‍ കരീം, ജയ്‌മോള്‍, പി.ടി.എ പ്രസിഡന്റ് പി.ഉമ്മര്‍, ടി.രവീന്ദ്രന്‍, കെ.ടി വര്‍ഗീസ്, എം.ടി അലി, സി.യു ഏലിയാസ്, ഇ.എ സുകു, ഗോപന്‍ മരുത എന്നിവര്‍ സംസാരിച്ചു.
പ്രധാനധ്യാപിക സൂസന്‍ സാമുവേല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുധീര്‍ അല്ലിപ്ര നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




