സതീഷ് തോട്ടത്തില്‍ എഴുതുന്നു
മനസ്സ് നോവിച്ചതും കുളിര്‍പ്പിച്ചതുമായ
പുസ്തക വായനാനുഭവങ്ങള്‍ പലര്‍ക്കുമുണ്ടാവും.
പലരും അത് എഴുതിയും പറഞ്ഞും തന്നിട്ടുമുണ്ട്.
വ്യക്തിപരമായ് എനിയ്ക്കാ അനുഭവം കിട്ടിയത് വര്‍ഷങ്ങള്‍ക്ക് മുമ്പൊരു കുട്ടിയില്‍ നിന്നാണ്.
അവനിപ്പോള്‍ എവിടേയെന്നോ എന്തെന്നോ ഒരു നിശ്ചയുമില്ല.
സംഭവവും സന്ദര്‍ഭവും ജനിച്ചുവീണത്
ഒരു വായനാവാരകാലത്താണ്.
കുറച്ചുവര്‍ഷങ്ങളായ് ലെെബ്രററിയില്‍ വെച്ച് നടന്നുപോരുന്ന പുസ്തകോത്സവ കാലത്താണ്.
മലയാളത്തിലെ ഏറെകുറേ എല്ലാ പ്രസാധകരുടേയും പുസ്തകങ്ങളുടെ ഒരു മേള അവിടെ വര്‍ഷംതോറും നടന്നുവരുന്നുണ്ടായിരുന്നു.
മുന്‍കൂട്ടി അറിയിപ്പ് കൊടുക്കുന്നതിനാല്‍
കുട്ടികളുടെ പങ്കാളിത്തവും ശക്തമായിരുന്നു.
അധ്യാപകരും സജീവതയോടെ ഇടപെട്ടു.
ചിത്രകാരനും വായനക്കാരനുമായ സുരേഷ് തോലിലും കൂട്ടുകാരിയുമായിരുന്നൂ
ഈ പുസ്തകങ്ങളുമായ് സ്കൂളിലെത്തിയിരുന്നത്.
മുദ്രാ ബുക്സിന്റെ പേരിലായിരുന്നത്.
മൂന്ന് നാല് ദിവസങ്ങളോളം അത് നീളും.
പൊതുവേ ആ ദിവസങ്ങളില്‍ ഒരു സാസ്കാരിക ഉണര്‍വും സ്കൂളിലുണ്ടാവും.
ഏറ്റവും അവസാനം നടന്നതില്‍
പ്രശസ്തകവി റഫീഖ് അഹമ്മദിന്റെ സാനിധ്യമായിരുന്നൂ ഇതിനെ സമ്പന്നമാക്കിയത്.
അതങ്ങനെ നടന്നുകൊണ്ടിരിക്കവേ
സ്റ്റാഫ് റൂമിലിരുന്ന് സൊറ പറയുന്നതിനിടയിലാണ്
സുരേഷിന്റെ ഫോണ്‍ വരുന്നത്.
മാഷേ., മാഷ് എവിടെയുണ്ട് ?
സ്റ്റാഫ് റൂമില്‍.
തിരക്കില്ലെങ്കില്‍ ഒന്നിങ്ങട്ട് വരുമോ ?
നേരെ അങ്ങോട്ടു ചെന്നു.
അപ്പോഴും കുട്ടികളുടെ തിരക്കുണ്ടവിടെ.
ഇന്ന് അവസാനിക്കും എന്നറിഞ്ഞതുകൊണ്ടുമാവാമത്.
സുരേഷ് നേരെ വിഷയത്തിലേക്ക് കടന്നു.
മാഷെ.,
ഇതുവരേയും സ്മൂത്തായാണ് നീങ്ങിയത്.
ചെറിയ പ്രശ്നങ്ങളൊഴിച്ചാല്‍ പൊതുവേ ശാന്തമായിരുന്നു.
എന്നാല്‍ ഈ തിരക്കിനിടയില്‍ വെച്ച്
ഒരു പയ്യന്‍ ഒരു പുസ്തകം അരയില്‍ തിരുകി ഓടികളഞ്ഞു.
ഞാന്‍ കണ്ടു എന്നറിഞ്ഞതോടെ അവന്‍ ഡെസ്കും ചാടി കടന്ന് ഓടുകയായിരുന്നു.
അവനെ മറ്റ് കുട്ടികള്‍ക്കറിയാം.
കുട്ടികളെ കണ്ട് ക്ലാസും പേരും സംഘടിപ്പിച്ചു.
ഒരു പത്താം ക്ലാസുകാരനാണ്.
നേരെ ക്ലാസിലേക്ക് ചെന്നു.
മറ്റൊരു കുട്ടിയെ വിട്ട് അവനെ വിളിപ്പിച്ചു.
അവന്‍ വളരെ കൂളായ് മുമ്പില്‍ നിന്നു.
ഞാന്‍ അവന്റെ അരക്കെട്ടിലേക്ക് നോക്കുമ്പോഴെല്ലാം അവന്റെ കെെ അറിയാതെ അവിടെയെത്തും.
ഒരു പന്തികേട് അവനും മണത്തിരുന്നു.
അരയില്‍ മടക്കിയ പുസ്തകം ഷര്‍ട്ടിനേയും കവച്ചുവെച്ച് പുറത്തേക്ക് ഉന്തിനിന്നിരുന്നു.
അത് കാണാതിരിക്കാന്‍ അവന്‍ കുറച്ചുകൂടി നെഞ്ചുന്തി നിന്നു.
ഷര്‍ട്ട് പൊന്തിക്കാന്‍ പറഞ്ഞു.
പൊന്തിച്ചപ്പോള്‍ പുസ്തകം മടങ്ങാവുന്ന പരിതിയും വിട്ട് താഴ്ന്ന് കിടന്നിരുന്നു.
പുസ്തകമെടുത്തവന്‍ നിവര്‍ത്തിയിട്ടു.
അരയിലെ വിയര്‍പ്പില്‍ അത് നനഞ്ഞിരുന്നു.
പുസ്തകചട്ട പൂര്‍ണ്ണരൂപത്തില്‍ നിവര്‍ന്നപ്പോള്‍
ഞാനത് ഒറ്റയടിക്ക് തന്നെ വായിച്ചുതീര്‍ത്തു.
ചെഗുവേരയുടെ ”മോട്ടോര്‍ സെെക്കിള്‍ ഡയറീസ് ‘
അവന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു കഴിഞ്ഞിരുന്ന് അപ്പോഴേക്കും.
പുസ്തകത്തേയും അവനേയും ഞാന്‍ മാറിമാറി നോക്കി കൊണ്ടിരുന്നു.
എട., ഇയ്യ് എന്തിനാണ് പുസ്തകം കട്ടത് ?
എന്തിനാ അതുംകൊണ്ട് ഓടിയത് ?
അവന്‍ തലതാഴ്ത്തി നിന്നു.
വിയര്‍പ്പ് കൂടികൂടി വന്നു.
ഒടുവിലവന്‍ പറഞ്ഞുതുടങ്ങി.
മാഷെ…ഞാനീ പുസ്തകം കട്ടതാണ്.
ചെഗുവേരയെ ഇനിയ്ക്ക് അത്രക്കും ഇഷ്ടാണ്..
രണ്ട് ദിവസോം ഞാന്‍ പുസ്തകം അവിടെപോയി നോക്കിനിന്നിരുന്നു.
വാങ്ങാന്‍ പെെസയില്ലാതെ തിരിച്ചുപോന്നു.
ആ പുസ്തകം വായിക്കാന്‍ വല്ലാതെ കൊതിയായിരുന്നു…
ഇന്ന് വെെന്നേരത്തോടെ പുസ്തകം വിക്കല്‍ തീരുമെന്ന് മെെക്കില് വിളിച്ച് പറയണതും കേട്ടു…
പിന്നെ ഒന്നും ചിന്തിച്ചില്ല പുസ്തകം അരേല് തിരുകി…
കണ്ട് എന്ന് തോന്നിയപ്പം…ചാടികടന്ന് ഓടി.
അവനത് നിര്‍ത്താതെ പറഞ്ഞ് തീര്‍ക്കുകയായിരുന്നു.
പുസ്തകം വാങ്ങി. അവനെ ക്ലാസിലേക്ക് വിട്ടു.
കാര്യങ്ങളെല്ലാം സുരേഷിനോടും പറഞ്ഞു.
ഉച്ചക്കുള്ള രണ്ടാം പിരീഡില്‍ സുരേഷുമായ് അവന്റെ ക്ലാസില്‍ കയറി.
പുസ്തകവില്‍പ്പന ഇന്ന് തീരുമെന്നും ആര്‍ക്കെങ്കിലും വാങ്ങാന്‍ ഇനിയും സമയമുണ്ടെന്നും പറഞ്ഞങ്ങനെ തുടങ്ങി .
അവനെ ഞാന്‍ ഇടക്കൊക്കെ ഒളികണ്ണിട്ട് നോക്കുമ്പോഴെല്ലാം അവന്‍ ഡെസ്കില്‍ തലതാഴ്ത്തി കിടക്കുകയാണ്.
അവനെ ഞാന്‍ കള്ളനായ് പ്രഖ്യാപിക്കുന്ന നിമിഷവും കാത്ത്.
ഞാന്‍ വിഷയം മാറ്റി മറ്റൊന്നിലേക്ക് കടന്നു.
ഈ ക്ലാസിലെ ഇന്ന കുട്ടിയെ കാണാനും അഭിനന്ദിക്കാനുമാണ് ഞങ്ങള് വന്നത്.
ഈ പ്രദര്‍ശനത്തിന്റെ മൂന്ന് ദിവസവും വളരെ സജീവതയോടെ ലെെബ്രററിയില്‍ സുരേഷിനോടൊപ്പം നിന്ന ഒരു കുട്ടി ഈ ക്ലാസിലുണ്ട്.
അവന് ഒരു പുസ്തകം സമ്മാനമായ് നല്‍കാനാണ് ഇവര് ഇവിടെ എത്തിയത്.
ആരാണെന്നറിയാന്‍ പലരും കണ്ണുകള്‍ പരസ്പരം പായിച്ചു.
അവന്റെ പേര് വിളിച്ചു.
എല്ലാ കണ്ണുകളും അവന്റെ നേര്‍ക്കായി.
എല്ലാവരുടേയും മുമ്പില്‍ വെച്ച്
ഒരു പുസ്തകം അവന് സമ്മാനമായ് നല്‍കി.
കയ്യടികള്‍കൊണ്ട് ക്ലാസ് നിറഞ്ഞൊഴുകി.
പുസ്തകം എല്ലാവരേയും കാണിച്ചു
കുട്ടികള്‍ കൂട്ടത്തോടെ വായിച്ചു
‘ചെഗുവേരയുടെ ‘മോട്ടോര്‍ സെെക്കിള്‍ ഡയറീസ് ‘
അത് ചുളിഞ്ഞ് മടങ്ങിയ പുസ്തകമായിരുന്നില്ല.
ഒരു മടങ്ങലുമില്ലാത്ത പുത്തന്‍ പുസ്തകം.
വെെകീട്ട് സ്റ്റാഫ് റൂമിന്റെ പുറത്തവന്‍ നില്‍ക്കുന്നു.
മറ്റുള്ളവരെല്ലാം പോകാന്‍ കാത്തുനിന്നതാണ്.
അവന്‍ കരയുമെന്ന് തോന്നി.
ഉറക്കെ കരയുമെന്ന് തോന്നി.
അത്രക്കും വിങ്ങലായത് മൂടികെട്ടിയിരുന്നു.
അവനെങ്ങാനും കരഞ്ഞാല്‍
ചിലപ്പോള്‍ ഞാനും കരഞ്ഞുപോയാലോ.
അവനോടൊന്നും പറയാതെ
അവന് മുഖം കൊടുക്കാതെ
ബാഗുമായ് ഞാന്‍ പുറത്തേക്ക് നടന്നുപോയി….



