മയക്കുമരുന്നു കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഒക്ടോബര്‍ ഏഴു വരെ എന്‍സിബി കസ്റ്റഡിയില്‍. തുടര്‍അന്വേഷണത്തിന് ആര്യനെ കസ്റ്റഡിയില്‍ വിടേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ചുകൊണ്ട് കോടതി ഉത്തരവ്. സംഭവസമയത്ത് ആര്യനില്‍ നിന്ന് ലഹരിവസ്തുകള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും ഫോണില്‍ നിന്ന് നിന്ന് ലഭിച്ച തെളിവുകള്‍ കേസിന്റെ തുടര്‍അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ കോടതി അറിയിച്ചു.
Cruise ship raid case | Narcotics Control Bureau seeks 9-day custody of the other five accused in the case
Aryan Khan, Arbaz Seth Merchant and Munmun Dhamecha sent to NCB custody till 7th October.
— ANI (@ANI) October 4, 2021
ആര്യന്‍ കഴിഞ്ഞ നാല് വര്‍ഷമായി ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു. വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്നാണ് ഇക്കാര്യവും വ്യക്തമായതെന്ന് അന്വേഷണസംഘം അറിയിച്ചു. യുകെ, ദുബായ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ വെച്ചും ആര്യന്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി ഇവര്‍ പറയുന്നു.
കഴിഞ്ഞ ദിവസം മുംബൈയിലെ ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക് ബ്യൂറോ നടത്തിയ പരിശോധനയിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായത്. ആര്യന്‍ ഖാന്റെ ലെന്‍സ് കെയിസിലും കപ്പലിലെ മെഡിസിന്‍ ബോക്സില്‍ നിന്നും കപ്പലിലുണ്ടായിരുന്ന സാനിറ്ററി പാഡുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. എംഡിഎംഎ, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി മരുന്നുകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.
ആര്യന്‍, അര്‍ബാസ് മര്‍ച്ചന്റ് എന്നിവര്‍ക്ക് പുറമെ നടിയും മോഡലുമായ മുന്‍മുന്‍ ധമേച നുപുര്‍ സരിക, ഇസ്മീത് സിംഗ്, മൊഹാക് ജസ്വാള്‍, വിക്രാത് ചോക്കര്‍, ഗോമിത് ചോപ്ര എന്നിവരാണ് ഇന്നലെ എന്‍സിബിയുടെ പിടിയിലായത്. കപ്പലില്‍ റേവ് പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ വേഷത്തിലാണ് കപ്പലില്‍ കയറിയത്. കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയതോടെയാണ് പാര്‍ട്ടി ആരംഭിച്ചതും പിന്നാലെ റെയ്ഡ് നടന്നതും.
കേസില്‍ മലയാളി ബന്ധമുണ്ടെന്ന് സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മലയാളിയായ ശ്രേയസ് നായരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. ആര്യനും അര്‍ബാസ് മര്‍ച്ചന്റിനും ശ്രേയസ് നായരാണ് മയക്കുമരുന്ന് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആര്യന്റെ വാട്സ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ശ്രേയസിലേക്ക് എത്തിയത്. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത ശ്രേയസിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



