തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്. മാളുകള്‍ , എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവയിലെ വൈഫൈ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്നാണ് മുന്നറിയിപ്പ്.
ഇത്തരം സാഹചര്യങ്ങളില്‍ സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പോലും വിവരങ്ങള്‍ ചോര്‍ത്താനാവും. തട്ടിപ്പുകാര്‍ക്ക് ഇടപാടുകളുടെ സെഷന്‍ ഹൈജാക്ക് ചെയ്യാനും ഇടപാടുകാരമെ പോലെ തന്നെ ലോഗിന്‍ ചെയ്യാനും കഴിയും. പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് പോലും ഇത്തരത്തില്‍ ഹാക്കിങ് സാധ്യമാകും. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാനിടയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
സാമ്പത്തിക വിവരങ്ങള്‍ സൂക്ഷിക്കുന്ന സൈറ്റുകള്‍ ഉള്‍പ്പെടെ മറ്റ് വെബ്സൈറ്റുകളില്‍ നിങ്ങളുടെ യൂസര്‍ ഐഡികളും പാസ്വേഡുകളും ഹാക്ക് ചെയ്യുന്നതിനോ അല്ലെങ്കില്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റുകളിലെ ആള്‍ക്കാരെ തട്ടിപ്പിനിരയാക്കുന്നതിനോ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാം. തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, അവര്‍ക്ക് നിങ്ങളുടെ ഐഡന്റിറ്റി തന്നെ തട്ടിപ്പിനിരയാക്കാമെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദ്ദീകരിക്കുന്നു.



