Section

malabari-logo-mobile

കൃത്യമായ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍  ശബരിമല വികസനം പ്രാവര്‍ത്തികമാക്കണം -മുഖ്യമന്ത്രി

HIGHLIGHTS : കൃത്യമായ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം ശബരിമലയിലെ വികസനം പ്രാവര്‍ത്തികമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമല സന്ന...

കൃത്യമായ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം ശബരിമലയിലെ വികസനം പ്രാവര്‍ത്തികമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് ടൂറിസം വകുപ്പിന്റെ പുണ്യദര്‍ശനം കോംപ്ലക്‌സിന്റേയും ദേവസ്വം ബോര്‍ഡിന്റെ ജലസംഭരണിയുടെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇവിടെയെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ സൗകര്യത്തിനായിരിക്കണം ശബരിമല വികസന പദ്ധതിയില്‍ പ്രാധാന്യം നല്‍കേണ്ടത്. തീര്‍ത്ഥാടകര്‍ വരികയും ദര്‍ശനം നടത്തി വേഗത്തില്‍ മടങ്ങിപ്പോവുകയുമാണ് ശബരിമലയെ സംബന്ധിച്ച് ആവശ്യം. വികസനത്തിന്റെ പേരില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടം വരാതിരിക്കുകയാണ് പ്രധാനം. അതിനു പകരം തീര്‍ത്ഥാടകര്‍ക്കായി മറ്റു സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

മതസൗഹാര്‍ദ്ദത്തിന്റെ വേദിയാണ് ശബരിമലയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയുടെ ചരിത്രത്തില്‍ തന്നെ വിപുലമായ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 204 കോടി രൂപയാണ് ചെലവഴിക്കാന്‍ നിശ്ചയിച്ചിയിക്കുന്നത്. കേന്ദ്ര ഫണ്ട് ഉള്‍പ്പെടെ 304 കോടി രൂപയുടെ വികസനമാണ് നടത്തുക. ഇതിലൂടെ തീര്‍ത്ഥാടകരുടെ ആവശ്യം പൂര്‍ണമായി നിറവേറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നു എന്ന ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്. വിവിധ ക്ഷേത്രങ്ങളുടെ ആവശ്യത്തിനായി സര്‍ക്കാര്‍ ഫണ്ട് നല്‍കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
21 സെന്റില്‍ 24 മുറികളുള്ള പുണ്യദര്‍ശനം കോംപ്ലക്‌സ് 18 മാസം കൊണ്ട് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 100 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും ഡൈനിംഗ് ഹാളും വിശാലമായ ലോബിയും ഉണ്ടാവും. പാണ്ടിത്താവളത്ത് 6 കോടി രൂപ ചെലവിലാണ് 36 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാനാവുന്നസംഭരണി നിര്‍മ്മിക്കുന്നത്.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ.രാജു, ജി.സുധാകരന്‍, മാത്യു ടി. തോമസ്, എം പിമാരായ ആന്റോ ആന്റണി, ജോയിസ് ജോര്‍ജ്, രാജു എബ്രഹാം എം.എല്‍.എ,  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ദേവസ്വം കമ്മീഷണര്‍ സി.പി രാമരാജ പ്രേമപ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!