കോഴിക്കോട്:സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള കൊല്ലം,ആലപ്പുഴ, പത്തനംതിട്ട,തൃശ്ശൂര്‍,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലെ റോഡ് പ്രവൃത്തികളുടെ പരിശോധന ഇന്ന് (22/09/22 ) നടക്കും.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെയും ഒന്നും രണ്ടും റണ്ണിങ് കോണ്‍ട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവന്‍ പ്രവൃത്തിയുടെയും പുരോഗതി വിലയിരുത്തും. പ്രവൃത്തിയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
പൊതുമരാമത്തു മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നാല് ഐ എ എസ് ഉദ്യോഗസ്ഥര്‍, എട്ട് ചീഫ് എന്‍ജിനീയര്‍മാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുക. ഓരോ പ്രവൃത്തിയുടെയും മെഷര്‍മെന്റ് ബുക്ക് സഹിതം പരിശോധനക്ക് വിധേയമാക്കും.




