Section

malabari-logo-mobile

‘വൈപ്പിന്‍ കരയോടുള്ള അവഗണന അവസാനിപ്പിക്കണം’ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടി അന്നാ ബെന്‍

HIGHLIGHTS : Actress Anna Ben writes an open letter to the Chief Minister, 'We must stop neglecting Vypin Kari'

sameeksha-malabarinews
മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ചലച്ചിത്രതാരം അന്ന ബെന്‍. വൈപ്പിന്‍ കരയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. വൈപ്പിന്‍കരയിലെ ബസ്സുകള്‍ക്ക് നഗരപ്രവേശം 18 വര്‍ഷമായി നടപ്പായിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് അന്നാ ബെന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.

നടി അന്നാ ബെന്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്:-

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക്,
വൈപ്പിന്‍കരയെ വന്‍കരയായി ബന്ധിപ്പിക്കുന്ന ഒരു പാലം എന്നത് ഞങ്ങളുടെ മുന്‍തലമുറകളുടെ സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന കാലത്ത് അങ്ങനൊരു സ്വപ്നത്തിന്റെ വിത്ത് വൈപ്പില്‍കരയുടെ മനസ്സില്‍ പാകിയത് ആ വലിയ മനുഷ്യനാണ്, സഹോദരന്‍ അയ്യപ്പന്‍. വൈപ്പിന്‍കരക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ഗോശ്രീ പാലങ്ങള്‍ യാഥാര്‍ഥ്യമായിട്ട് വര്‍ഷങ്ങള്‍ തികഞ്ഞു. പാലങ്ങള്‍ വന്നാല്‍, അഴിമുഖത്തുകൂടിയുള്ള അപകടം തുറിച്ചുനോക്കുന്ന യാത്രയില്‍ നിന്നും ഞങ്ങള്‍ക്ക് മോചനം ലഭിക്കുമെന്നും കൊച്ചി നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസ്സില്‍ നേരിട്ടെത്താമെന്നും മോഹിച്ചിരുന്നു.

പാലം വന്നു, ബസ്സുകളും വന്നു. പക്ഷേ വൈപ്പിന്‍കരക്കാരെ ഇന്നും നഗരത്തിന്റെ പടിവാതില്‍ക്കല്‍ നിര്‍ത്തിയിരിക്കയാണ്. ഞങ്ങള്‍ ഹൈക്കോടതിക്കവലയില്‍ ബസിറങ്ങി അടുത്ത ബസ് സ്റ്റോപ്പിലേക്ക് നടന്ന് മറ്റൊരു ബസ്സില്‍ കയറി വേണം നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കു പോകുവാന്‍. സെന്റ് തെരേസാസില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുഴുവന്‍ ഈ ബുദ്ധിമുട്ട് ഞാനും അനുഭവിച്ചതാണ്. ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും നഗരത്തിലേക്ക് ബസുകള്‍ വരുന്നു. വൈപ്പിന്‍ ബസുകള്‍ക്ക് മാത്രം നഗരത്തിലേക്ക് പ്രവേശനമില്ല.

നഗരത്തിനുള്ളില്‍ത്തന്നെയുള്ള വിവിധ സ്ഥലങ്ങളിലെത്തേണ്ടവര്‍ ഹൈക്കോടതി കവലയില്‍ ബസിറങ്ങി അടുത്ത ബസില്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് വേണ്ടി വരുന്ന അധികച്ചെലവ് പലര്‍ക്കും താങ്ങാനാവുന്നതിലും അധികമാണ്. പ്രത്യേകിച്ച് നഗരത്തിലെ ടെക്സ്റ്റെല്‍ ഷോപ്പുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക്.

വൈപ്പിന്‍ ബസ്സുകളുടെ നഗരപ്രവേശം നേടിയെടുക്കുന്നതിനായി വൈപ്പിന്‍ നിവാസികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തര സമരത്തിലാണ്. വൈപ്പിന്‍ ബസുകള്‍ക്ക് നഗരര്രവേശം അനുവദിക്കണോ എന്ന കാര്യത്തില്‍ നാറ്റ്പാക് ഒരു പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് നഗരപവേശത്തിന് അനുകൂലമാണെന്ന് അറിയുന്നു. മാത്രമല്ല, വൈപ്പിന്‍ ബസുകള്‍ നഗരത്തില്‍ പ്രവേശിച്ചാല്‍, വൈപ്പിനില്‍ നിന്നും ദിവസവും നഗരത്തിലേക്കു വന്നുകൊണ്ടിരിക്കുന്ന കാറുകളുടെയും ഇരുച്രകവാഹനങ്ങളുടെയും എണ്ണത്തില്‍ സാരമായ കുറവുണ്ടാവുമെന്നും, തന്മൂലം നഗരത്തിലെ വാഹനത്തിരക്ക് കുറയാനാണിടയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

വൈപ്പിന്‍കരയോടുള്ള അഗവണന ഒരു തുടര്‍ക്കഥയായി മാറുന്നു. സ്ഥാപിത താല്‍പ്പര്യക്കാരും ചില ഉദ്യോഗസ്ഥരും ഉര്‍ത്തുന്ന നിയമത്തിന്റെ നൂലാമാലകള്‍, അര്‍പ്പണബോധവും, ഉറച്ച തീരുമാനങ്ങളെടുക്കുവാന്‍ കഴിവുള്ള അങ്ങ് നിഷ്പ്രയാസം മറികടക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, വൈപ്പിന്‍ ജനതയുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക