ക്രാഫ്റ്റ് വില്ലേജില്‍ നിന്ന് ബേപ്പൂര്‍ വരെ ടൂറിസം പദ്ധതിയ്ക്ക് 96 കോടി രൂപയുടെ അനുമതി: മന്ത്രി മുഹമ്മദ് റിയാസ്

പയ്യോളി ക്രാഫ്റ്റ് വില്ലേജില്‍ നിന്ന് ബേപ്പൂര്‍ വരെയുള്ള ടൂറിസം പദ്ധതിയ്ക്ക് 96 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ വിവിധ ടൂറിസം സര്‍ക്യൂട്ടുകള്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പദ്ധതിയ്ക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ചാലിയം ബീച്ചില്‍ ഓഷ്യാനസ് ചാലിയം ബീച്ച് വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പുഴയും കടലും തമ്മില്‍ ഒന്നിക്കുന്ന മനോഹരമായ തീരമാണ് ചാലിയാര്‍. പ്രത്യേകതരം പുലിമുട്ട്, ആകര്‍ഷകമായി ലാന്‍ഡ്‌സ്‌കേപിംഗ്, മുള കൊണ്ടുള്ള ഇരിപ്പിടങ്ങള്‍, കണ്ടെയ്‌നര്‍ ടോയ്‌ലറ്റുകള്‍, ലൈറ്റിംഗ്, പ്രത്യേകമായി ഡിസൈന്‍ ചെയ്ത കടകള്‍ ഇതെല്ലാം ചാലിയാര്‍ തീരത്ത് ഓഷ്യാനസ് ചാലിയം പദ്ധതിയിലൂടെ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുലിമുട്ടിന്റെയും ബീച്ചിന്റെയും സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികള്‍ നടപ്പിലാക്കിയതോടെ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്നതിനും ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ബീച്ചില്‍ നിന്നും ബേപ്പൂര്‍ ബീച്ചിലേക്ക് ഉല്ലാസ നൗക സര്‍വീസ് ഉടന്‍ ആരംഭിക്കാനാകും. ഇങ്ങനെ ബീച്ച് ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി കോഴിക്കോടിനെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

കാട് മൂടി ഉപയോഗശൂന്യമായി കിടന്ന ചാലിയം കടല്‍ത്തീരവും സമീപത്തെ പുലിമുട്ടും ടൂറിസം വികസന പ്രവര്‍ത്തികള്‍ നടപ്പിലാക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ച് ആയി രൂപപ്പെടുത്തിയ ‘ഓഷ്യാനസ് ചാലിയം’ ടൂറിസം പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി 9.53 കോടി രൂപയുടെ വികസന പ്രവര്‍ത്തികളാണ് ടൂറിസം വകുപ്പ് നടപ്പിലാക്കിയത്.

ചടങ്ങില്‍ കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ശൈലജ, വാര്‍ഡ് മെമ്പര്‍ ടി.കെ റബീലത്ത്, വിനോദസഞ്ചാര വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടര്‍ ഡി. ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത് ശങ്കര്‍, ഡിടിപിസി സെക്രട്ടറി ടി നിഖില്‍ദാസ്, ടി. രാധാഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top