കയര്‍ കെട്ടിയുറപ്പിച്ച സീറ്റുകളും തുരുമ്പിച്ച പ്ലാറ്റ്‌ഫോമും ഫിറ്റ്‌നസ് ഇല്ലാതെ കുട്ടികളെ കുത്തി നിറച്ചോടിയ ‘സ്‌കൂള്‍ ബസ് പിടിയില്‍

മലപ്പുറം : തുരുമ്പിച്ച പ്ലാറ്റ്‌ഫോമും കയര്‍ കെട്ടിയുറപ്പിച്ച സീറ്റുകളും . ഫിറ്റ്‌നസ് ഇല്ലാതെ കുട്ടികളെ കുത്തി നിറച്ചോടിയ ‘പറക്കുംതളിക’യെ കണ്ട് ഉദ്യോഗസ്ഥര്‍ തന്നെ ഞെട്ടി. നിയമത്തെ വെല്ലുവിളിച്ചും
വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് സുരക്ഷ കല്‍പ്പിക്കാതെയും സര്‍വീസ് നടത്തിയ സ്‌കൂള്‍ ബസ്സിനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം . എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ പി കെ മുഹമ്മദ് ഷഫീഖ് എ എം വി ഐ പി ബോണി എന്നിവരുടെ നേതൃത്വത്തില്‍ ആലത്തിയൂരില്‍ ഓപ്പറേഷന്‍ ഫോക്കസ് ത്രീയുടെ ഭാഗമായി പരിശോധന നടത്തുന്നതിനിടെയാണ് ബസ് പിടിയിലായത്.

കെ. എച്ച്. എം. എച്ച്. എസ് എസ് ആലത്തിയൂര്‍ എന്ന സ്‌കൂള്‍ ബസ്സിനെതിരെയാണ് നടപടി എടുത്തത്. 45 സീറ്റ് കപ്പാസിറ്റിയുള്ള സ്‌കൂള്‍ ബസ്സില്‍ 70 സ്‌കൂള്‍ കുട്ടികളെ കുത്തിനിറച്ച് ഡോര്‍ അടക്കാതെയും ഡോര്‍ അറ്റന്‍ഡര്‍ ഇല്ലാതെയും ആണ് സര്‍വീസ് നടത്തിയത്. കൂടാതെ ബസ്സിന്റെ ഫ്‌ലാറ്റ്‌ഫോം സീറ്റ് എന്നിവ തകര്‍ന്ന നിലയിലും പല സീറ്റുകളും താല്‍ക്കാലികമായി കയര്‍ കൊണ്ട് കെട്ടിവച്ച നിലയിലുമായിരുന്നു. ഫിറ്റ്‌നസ് ഇല്ലാത്ത വാഹനം ഉപയോഗിച്ച് കുട്ടികളെ കുത്തി നിറച്ച് ഡോര്‍ അടക്കാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു.

ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ അനുമതി കൊടുത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ പി കെ മുഹമ്മദ് ഷഫീക്ക് പറഞ്ഞു. വിദ്യാര്‍ത്ഥികളെ മറ്റു വാഹനങ്ങളില്‍ ഉദ്യോഗസ്ഥര്‍ തന്നെ മുന്‍കൈയെടുത്ത് സുരക്ഷിതമായി വീടുകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top