HIGHLIGHTS : 'Romancham', 'Adi Kapyare Kootamani', 'In Ghost House In' and now 'Hello Mummy
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്. ‘രോമാഞ്ചം’, ‘അടി കപ്യാരേ കൂട്ടമണി’, ‘ഇൻ ഗോസ്റ്റ് ഹൗസ് ഇൻ’ എന്നീ സിനിമകളെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയാണ്. ഈ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഇനി ‘ഹലോ മമ്മി’ കൂടി ചേർത്തുവെക്കാം എന്നാണ് പ്രേക്ഷക പ്രതികരണം. പ്രേക്ഷക ഹൃദയങ്ങളിൽ ഭീതിയും തിയറ്ററുകളിൽ ചിരിയുടെ ഓളവും തീർത്ത് മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ് ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ചിത്രമായ ‘ഹലോ മമ്മി’. ചിരിപ്പിച്ചും പേടിപ്പിച്ചും വിസ്മയിപ്പിക്കുന്ന ചിത്രം പ്രേക്ഷകർ ഹൃദയത്താൽ സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ വീണ്ടുമൊരു കോമഡി-ഹൊറർ എത്തിയതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികൾ. കൂടെ ഫാന്റസി ഘടകം കൂടിയായപ്പോൾ കുടുംബ പ്രേക്ഷകരും ഡബിൾ ഹാപ്പി.
ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായി ഐശ്വര്യ ലക്ഷ്മിയും നിറഞ്ഞാടിയ ചിത്രം നവാഗതനായ വൈശാഖ് എലൻസാണ് സംവിധാനം ചെയ്തത്. പ്രേതത്തിന് പ്രാധാന്യം നൽകി ഒരുക്കിയ സിനിമ ആയതിനാൽ ബോണിയെ പിന്തുടരുന്ന ആത്മാവിനെയും ആ ആത്മാവിനാൽ ബോണി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചിത്രത്തിലുടനീളം കാണാം. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.
വിവാഹം കഴിക്കാതെ ഉഴപ്പി നടക്കുന്ന ബോണി സ്റ്റെഫിയെ കാണുന്നതോടെ തീരുമാനം മാറ്റുന്നു. ശേഷം വീട്ടുകാരുടെ സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരാവുന്നു. വിവാഹ ശേഷം സ്റ്റെഫിയോടൊപ്പം ബോണിയുടെ ജീവിതത്തിലേക്ക് മറ്റൊരാൾകൂടെ കടന്നുവരുന്നു. അവിടെ നിന്നാണ് ചിരിയുടെ ചരടുവലിച്ച് രസകരമായ മുഹൂർത്തങ്ങളിലൂടെ ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുന്നത്. കഥയിലെ ഫാന്റസി എലമെന്റ് ചിത്രത്തിന് പുതുമ സമ്മാനിക്കുന്നുണ്ട്. ഛായാഗ്രഹണവും ചിത്രസംയോജനവും കൃത്യമായ് നിർവഹിച്ചിട്ടുണ്ട്. വിഎഫ്എക്സും ആർട്ടും ഇഴചേർന്നു കിടക്കുന്നതിനാൽ വേറിട്ട ദൃശ്യാവിഷ്ക്കാരം അനുഭവപ്പെടുന്നുണ്ട്. കഥാപാത്രങ്ങളെ പക്വതയോടെ അവതരിപ്പിച്ചതോടെ അഭിനേതാക്കളും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.
സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഡ്രീം ബിഗ് പിക്ച്ചേഴ്സാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ജേക്സ് ബിജോയിയുടെ സംഗീതം സിനിമയുടെ മാറ്റ് കൂട്ടുന്നുണ്ട്. ‘വരത്തൻ’ന് ശേഷം ഷറഫുദ്ദീനും ഐശ്വര്യയും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് ‘ഹലോ മമ്മി’. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ തക്കവണ്ണം കംബ്ലീറ്റ് എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.