Section

malabari-logo-mobile

മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

HIGHLIGHTS : Risk of Dengue Fever After Rain: Caution Health Department. ഡെങ്കിപ്പനിയ്‌ക്കെതിരായ ക്യാമ്പയിന്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ശക്തമാക്കിയിരുന്നു

തിരുവനന്തപുരം; സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. ഡെങ്കിപ്പനിയ്‌ക്കെതിരായ ക്യാമ്പയിന്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ശക്തമാക്കിയിരുന്നു. ആരോഗ്യ വകുപ്പ് നടത്തുന്ന കൊതുക്, കൂത്താടി നിയന്ത്രണ-നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ജൂണ്‍മാസത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടി ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ എന്ന ക്യാമ്പയിനും ആവിഷ്‌ക്കരിച്ചിരുന്നു. ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്പ്പുകളോ ഇല്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം. കോവിഡ് പ്രതിരോധത്തിനിടയിലും ഡെങ്കിപ്പനിക്കെതിയുള്ള പ്രതിരോധം ശക്തമാക്കണം. വീടുകളും സ്ഥാപനങ്ങളും ആശുപത്രികളും സിഎഫ്എല്‍ടിസികളും ദുരിതാശ്വാസ ക്യാമ്പുകളും കൊതുകില്‍ നിന്നും മുക്തമാക്കണം. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍പ്പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നു തിണര്‍ത്ത പാടുകള്‍ കാണാന്‍ സാധ്യതയുണ്ട്.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറഞ്ഞ് മരണത്തിലേക്ക് നീങ്ങും എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാല്‍ ആരംഭത്തില്‍ തന്നെ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണം.
വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍കൂരകളിലും പരിസരത്തും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കെട്ടിടത്തിനുള്ളിലും ടെറസ്, സണ്‍ഷേഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുകയും വേണം. ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ ഇടയുളള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച് കുത്താടികളെ നശിപ്പിക്കണം.
ബ്രേക്ക് ദ ചെയിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുടേയും കടകളുടെയും മുന്നില്‍ കൈകള്‍ കഴുകുന്നതിനായി സംഭരിച്ചിരിക്കുന്ന വെള്ളം ദിവസവും മാറ്റി ബക്കറ്റ്, സംഭരണി എന്നിവ കഴുകി വൃത്തിയാക്കണം.. മാര്‍ക്കറ്റുകളില്‍ മത്സ്യം സൂക്ഷിക്കുന്ന പെട്ടികള്‍, വീട്ടുമുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞ പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക. റബ്ബര്‍ മരങ്ങളില്‍ വച്ചിട്ടുളള ചിരട്ടകളിലും കവുങ്ങിന്‍ തോട്ടങ്ങളില്‍ വീണു കിടക്കുന്ന പാളകളിലും മരപ്പൊത്തുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിലും കൊതുകുകള്‍ മുട്ടയിടാം. അതിനാല്‍ തോട്ടങ്ങളില്‍ കൊതുക് പെരുകുന്നില്ലെന്ന് ഉറപ്പാക്കുക.
വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഫ്രിഡ്ജിനിടയിലെ ട്രേ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക. ജല ദൗര്‍ലഭ്യമുളള പ്രദേശങ്ങളില്‍ ജലം സംഭരിച്ചു സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളും ടാങ്കുകളും ഭദ്രമായി അടച്ചു സൂക്ഷിക്കാനും ശ്രദ്ധിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!