റിജിത്ത് വധക്കേസ്;പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ;ശിക്ഷാവിധി 19 വര്‍ഷത്തിനു ശേഷം

കൊച്ചി: കണ്ണപുരം ചൂണ്ടയിലെ സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗം റിജിത്ത് ശങ്കരെ(25) കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ.
കുറ്റക്കാരാണെന്ന് കോടതി വിധിച്ച ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം വിധിച്ചു. ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള്‍ ഒടുക്കണം. 19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണ വേളയില്‍ മരണപ്പെട്ടു. ഇയാള്‍ ഉള്‍പ്പെടെ 10 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ആര്‍എസ്എസ് പ്രവര്‍ത്തകരായ ചുണ്ടയില്‍ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്‍, കെ ടി ജയേഷ്, സി പി രഞ്ജിത്ത്, പി പി അജീന്ദ്രന്‍, ഐ വി അനില്‍, കെ ടി അജേഷ്, വി വി ശ്രീകാന്ത്, വി വി ശ്രീജിത്ത്, പി പി രാജേഷ്, ടി വി ഭാസ്‌കരന്‍ എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ കൊലപാതകം (302), വധശ്രമം (307), അന്യായമായി സംഘംചേരല്‍ (143), സംഘം ചേര്‍ന്ന് ലഹളയുണ്ടാക്കല്‍ (147), തടഞ്ഞുവെക്കല്‍ (341), ആയുധം ഉപയോഗിച്ച് പരിക്കേല്‍പിക്കല്‍ (324) വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, 10 പ്രതികള്‍ ആയുധവുമായി സംഘം ചേര്‍ന്നതിന് 148, 149 വകുപ്പ് പ്രകാരം കുറ്റക്കാരാണ്.

2005 ഒക്ടോബര്‍ മൂന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രാത്രി 7.45 മണിയോടെ ചുണ്ട തച്ചന്‍ക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് റിജിത്തിനെ മാരകായുധങ്ങളുമായി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സൃഹുത്തുക്കള്‍ക്കൊപ്പം പോകുമ്പോഴാണ് റിജിത്ത് കൊലപ്പെടുന്നത്. ആക്രമണ സമയത്ത് ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ വി നികേഷ്, ആര്‍ എസ് വികാസ്, കെ എന്‍ വിമല്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Share news
error: Content is protected !!
Scroll to Top