HIGHLIGHTS : Right to Information Commission said that strict action will be taken against officers who do not provide information within time
കോഴിക്കോട്:നിശ്ചിത 30 ദിവസത്തിനുള്ളില്‍ വിവരാവകാശ അപേക്ഷയിന്‍മേല്‍ മറുപടി നല്‍കാത്ത വിവരാവകാശ ഓഫീസര്‍മാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനംഗം ടി കെ രാമകൃഷ്ണന്‍.
കോഴിക്കോട് തിങ്കളാഴ്ച നടത്തിയ വിവരാവകാശ കമ്മീഷന്‍ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഓഫീസില്‍ ലഭിക്കുന്ന വിവരാവകാശ അപേക്ഷയില്‍ ചോദിച്ച വിവരങ്ങള്‍ മറ്റൊരു ഓഫീസില്‍ നിന്നാണ് ലഭ്യമാക്കേണ്ടതെങ്കില്‍ പോലും അത് ആ
ഓഫീസിലേക്ക് കൈമാറേണ്ട ചുമതല വിവരാവകാശ ഓഫീസര്‍ക്കുണ്ട്. വിവരങ്ങള്‍ ഈ ഓഫീസില്‍ ലഭ്യമല്ല, അറിയില്ല എന്ന രീതിയില്‍ മറുപടി നല്‍കുന്നതിനെതിരെ നടപടി സ്വീകരിക്കും, കമ്മീഷന്‍ വ്യക്തമാക്കി.
വിവരാവകാശ അപേക്ഷയില്‍ രണ്ടാം അപ്പീല്‍ കൂടിവരുന്ന പ്രവണതക്കെതിരെയും
കമ്മീഷന്‍ പ്രതികരിച്ചു. കമ്മീഷന്‍ മുമ്പാകെ രണ്ടാം അപ്പീലുകള്‍
ഒരുപാട് വരുന്നു. ഇത് താഴെതട്ടില്‍ തന്നെ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ചവരുത്തുന്നതിനാലാണ്. രണ്ടാം അപ്പീലുകളുടെ എണ്ണം കുറയ്ക്കുന്നതില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് (എസ്പിഐഒ) നിര്‍ണായക പങ്കുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.
തിങ്കളാഴ്ച കോഴിക്കോട് നടന്ന സിറ്റിംഗില്‍ 11 അപേക്ഷകളാണ് പരിഗണിച്ചത്. ഇത് മുഴുവനും തീര്‍പ്പാക്കി.
നിശ്ചിതസമയത്തിനുള്ളില്‍ ആവശ്യപ്പെട്ട രേഖ നല്‍കുന്നതില്‍ വളയനാട് വില്ലേജിലെ എസ്പിഐഒ വീഴ്ച്ച വരുത്തിയതായി കമ്മീഷന്‍ പറഞ്ഞു. പല അപേക്ഷകളിലും എസ്പിഐഒമാര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും കമ്മീഷന്‍ അംഗം വ്യക്തമാക്കി.