മിറേ എന്ന പെൺകുട്ടിയെപ്പോലൊരാളെ ഈ ലോകം കാത്തിരിക്കുന്നുണ്ട്.!

ലോകം മുഴവന്‍ കോവിഡ് 19ന്റെ അതിവ്യാപനകാലത്ത് ഏറെ പ്രസക്തമായ കൊറിയന്‍ ചിത്രമായ ദി ഫ്‌ളൂവിനെ കുറിച്ച് സിനിമാനിരൂപകനും എഴുത്തകാരനുമായ വികെ ജോബിഷ് എഴുതുന്നു

‘എന്റെ അമ്മയെ വെടിവെക്കല്ലേ…എന്റെ അമ്മയെ വെടിവെക്കല്ലേ’ എന്ന് കൊറിയയിലെ സിയോളിന്റെ അതിർത്തിയിലെ റോഡിനു നടുവിൽ നിന്ന് തൊണ്ടപൊട്ടിയലറുന്ന പെൺകുട്ടിയാണ് മിറേ. ഡോ.ഇൻഹേ കിമ്മിന്റെ മകൾ. ബുൾഡാങ്ങിൽ മണിക്കൂറുകൾക്കുള്ളിൽ പടർന്നുപിടിച്ച് അനേകായിരങ്ങൾ മരണത്തിലേക്കെടുത്തെറിയപ്പെടാൻ കാരണമായ ഏവിയൻ ഫ്ലൂവിനെതിരായി ലോകത്തിനാശ്വാസമായ മിറേ.അപ്പോൾ വരെ ലോകത്ത് ഈ രോഗത്തിന് മരുന്നില്ലായിരുന്നു.അതുകൊണ്ട് രോഗം രാജ്യമാകെ പടരാതിരിക്കാൻ ബോംബർ വിമാനങ്ങളും തോക്കുകളുമുപയോഗിച്ച് ചികിത്സിക്കാമെന്ന് കരുതുന്ന ഭരണകൂടം. രോഗമില്ലാത്ത ഒരു പാട് പേർ ദേശീയപാതയിൽ വെടിയേറ്റു വീണപ്പോൾ പട്ടാളക്കാരുടെ തോക്കിൻ മുനമ്പിൽ നിന്ന്
‘ഈ കുട്ടി രോഗത്തെ അതിജീവിക്കുന്നത് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാണെന്ന് ‘ പറയുന്ന എമർജൻസി റെസ്പോൺസിബിൾ ടീമംഗം ജിഗുവിന്റെ വാക്കുകൾ സീസി ടി വി യിലൂടെ പ്രസിഡന്റും മന്ത്രിമാരുമൊക്കെ കേൾക്കുന്ന അപൂർവ്വ നിമിഷത്തിൽ മരണത്തിന്റെ മുനമ്പിൽ നിന്ന് ജീവൻ തിരിച്ചു കിട്ടുന്ന മിറേയും ഒരുപാട് മനുഷ്യരും. കൊറോണക്കാലമായതുകൊണ്ട് രണ്ടു ദിവസമായി മിറേ തന്നെയാണ് എന്റെ മനസിൽ.അതെ; ഇത്രയുമെഴുതിയത് ദക്ഷിണ കൊറിയൻ സംവിധായകനായ കിം സംഗ് സുവിന്റെ ‘ദ ഫ്ലൂ’ എന്ന ചിത്രത്തെ പരിചയപ്പെടുത്താനാണ്.
ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ടെന്ന് പറയാറുണ്ട്. എത്ര പെരുമ നേടിയതാണെങ്കിലും ചില സിനിമകൾ പല കാരണങ്ങൾ കൊണ്ട് എപ്പോഴും നമ്മുടെ കാഴ്ചകൾക്ക് പുറത്തായിപ്പോവാറുണ്ട്. അങ്ങനെയൊരു സിനിമയായിരുന്നു എന്നെ സംബന്ധിച്ച് ‘ദ ഫ്ലൂ’. 2013 ൽ ഇറങ്ങി ലോകശ്രദ്ധയാകർഷിച്ച ഈ സിനിമ എന്നിലേക്കെത്താൻ കൊറോണക്കാലം വരെ കാത്തിരുന്നത് ആ തീവ്രത ഇത്ര കഠിനമായി അനുഭവിപ്പിക്കാനായിരുന്നോ ! ഈ വൈറസ് കാലത്ത് കണ്ണുകളിൽ നിന്ന് കണ്ണുകളിലേക്ക് പടർന്നു പിടിക്കേണ്ട കൊറിയൻ സിനിമയാണ് ദ ഫ്ലൂ. ഉഗ്രൻ എന്നെഴുതിയാൽ സിനിമ അതിനു മുകളിൽപ്പോയി നിൽക്കും. അതുകൊണ്ട് ദഫ്ലൂവിനെ അത്യുഗ്രൻ എന്ന വാക്കുകൊണ്ടു തന്നെ ചേർത്തു പിടിക്കുന്നു.

ചുമയിലാണ് ഈ സിനിമ ആരംഭിക്കുന്നത്. അനധികൃതമായി സിയോളിലേക്ക് കണ്ടെയിനറിലൂടെ നടത്തുന്ന മനുഷ്യക്കടത്ത്. ഹോങ്കോങ്ങിൽ നിന്നും കണ്ടെയിനറിലേക്ക് ഓടിക്കയറുന്ന പലതരം മനുഷ്യർ. കണ്ടെയിനർ പുറപ്പെടുമ്പോൾ ബോൺസായി എന്ന ചെറുപ്പക്കാരനും മറ്റൊരാളും ചുമയ്ക്കുന്നുണ്ട്. ഒട്ടും അസാധാരണത്വം തോന്നാത്ത ആ ചുമയിൽ നിന്ന് രാജ്യമാകെ പടരുന്ന ഭീഷണിയായി മാറുന്ന രോഗവുമായി പുറപ്പെടുന്ന വണ്ടി. വണ്ടി സിയോളിൽ എത്തിയതോടെ മനുഷ്യക്കടത്തു മാഫിയയിലെ രണ്ടു ചെറുപ്പക്കാർ ജുബൈങ്ങ് വൂ, ജുബൈങ്ങ് കീ- യും ചേർന്ന് കണ്ടെയ്നർ തുറക്കുന്നപ്പോൾ ഒരാളൊഴികെ മറ്റെല്ലാവരും മരണപ്പെട്ടിരിക്കുന്നതാണ് കാണുന്നത്. വിശ്വാസ്യതയ്ക്ക് മൃതദേഹങ്ങളുടെ സെൽ ഫോൺ വീഡിയോ തങ്ങളുടെ ബോസിനെ കാണിക്കാൻ ഇവർ എടുക്കുന്നുണ്ട്. അപ്പോൾ ചുമച്ചു കൊണ്ട് പുറത്തേക്ക് രക്ഷപ്പെടുന്ന മോൺസായിയിൽ നിന്നും മനുഷ്യക്കടത്തു സംഘത്തിലെ സഹോദരരിൽ ഒരാൾക്ക് ആദ്യം രോഗം പകരുകയാണ്. ചികിത്സയ്ക്കായി അയാൾ ആശുപത്രിയിലെത്തുന്നതോടെ അവിടെയുള്ളവരിലേക്കും, സന്ദർശകരിലേക്കും രോഗം പടരുകയാണ്. ഒപ്പം മാളിൽ,എയർപോർട്ടിൽ,ഡേകെയറിൽ, റോഡിൽ,റിസപ്ഷനിൽ തുടങ്ങി എല്ലായിടവും നിമിഷങ്ങൾക്കുള്ളിൽ ആളുകൾ രക്തം ഛർദിച്ച് വീഴുകയാണ്. ശേഷം മരുന്നോ ചികിത്സയോ ഇല്ലാത്ത ഈ മഹാമാരിക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ തരിച്ചിരിക്കുന്ന ഭരണകൂടത്തിനും മെഡിക്കൽ ടീമിനുമൊപ്പം പ്രേക്ഷകരായ നമ്മളും ചേരുന്നു. സിനിമയിലേക്കുള്ള ഒരു വഴി ഇതുവഴി.

എമർജൻസി റെസ്പോൺസബിൾ ടീം അംഗമാണ് ജിഗ്ഗുവും കൂട്ടുകാരനായ ബേ ക്യുങ്ങ് ഉബും. ഡോ.കിം ഇൻഹേ റോഡിൽ നിന്ന് ഖനിയിലേക്ക് വലിയൊരപകടത്തിൽപ്പെട്ടപ്പോൾ രക്ഷപ്പെടുത്തുന്നത് ഇവരാണ്. പക്ഷെ കാര്യമായ ഒരു നന്ദി പോലും പറയാതെയാണ് അവർ പോകുന്നത്. പക്ഷെ അവരുടെ ബാഗ് അതിനിടയിൽ നഷ്ടപ്പെടുന്നുണ്ട്. അത് തിരിച്ചു കിട്ടാത്തതു കാരണം കിം വീണ്ടും ജിഗ്ഗുവിനെ സമീപിക്കുന്നുണ്ട്. കിമ്മിന്റെ സൗന്ദര്യത്തിൽ ജിഗ്ഗു മതിമറക്കുകയും പിന്നീട് ആ ബാഗ് കണ്ടെത്തി കിമ്മിന്റെ മകൾ വഴി തിരിച്ചെത്തിക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കയിലുള്ള തന്റെ ഭർത്താവുമായി വേർപിരിഞ്ഞ് മകളോടൊപ്പം താമസിക്കുകയാണ് ഡോ.കിം ഇൻഹേയെന്ന് അപ്പോഴാണ് ജിഗ്ഗു അറിയുന്നത്. ആ മകളാണ് മിറേ. ഈ കൂടിക്കാഴ്ചകൾക്കിടയിലേക്കാണ് കണ്ടെയ്നറിൽ നിന്ന് രക്ഷപ്പെട്ട മോൺസായി ആരുമറിയാതെ കടന്നു വരുന്നത്. അയാളിലൂടെ മിറേയിലേക്കും ഫ്ലൂ പടരുകയാണ്. ഇത് കിം തിരിച്ചറിയുകയും പിന്നീട് സിയോൾ നഗരത്തിലുള്ളവരോടൊപ്പം ക്യാമ്പിലേക്ക് മാറ്റപ്പെടുകയുമാണ്. ക്യാമ്പിൽ നിന്ന് ടെസ്റ്റിലൂടെ തിരിച്ചറിയപ്പെടുന്ന രോഗികളെ മുഴുവൻ പുകവണ്ടി ഉപയോഗിച്ച് കത്തിച്ചുകളയുകയാണ്. ഈ ക്യാമ്പിലേക്ക് ബോൺസായിയും മാഫിയാ വിഭാഗത്തിലെ അംഗവും ജിഗ്ഗുവും സുഹൃത്തും മെഡിക്കൽ അംഗങ്ങളും ഒക്കെ എത്തുകയാണ്. ഇതിനിടയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു അമ്മയുടെയും മകളുടെയും അതിജീവനലോകമാണ് സിനിമയിലെ മറ്റൊരു വഴി.

സെന്റെർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കൊറിയയുടെ സഹായത്തോടെ രോഗികളെ കൊണ്ടുവന്ന ഷിപ്പിംഗ് കണ്ടെയ്നർ കണ്ടെത്തുന്നതോടെ അതിൽ നിന്നിറങ്ങി ഓടുന്ന എലികൾ നഗരത്തിലേക്ക് പായുകയാണ്. വൈറസിന് പ്രതിവിധിയില്ലെന്നും 36 മണിക്കൂറിനുള്ളിൽ വൈറസാക്രമണമുണ്ടാവുന്നവർ മരണപ്പെടുമെന്നും മെഡിക്കൽ റിപ്പോർട്ട് വരുകയും ശേഷം ഉന്നതാധികാരികൾ പ്രശ്ന പരിഹാരത്തിനായിരിക്കുകയുമാണ്. പിന്നീട് നഗരം ക്വാറന്റൈന് വിധേയമാവുകയാണ്. ഇപ്പോൾ നമ്മുടേതെന്ന പോലെ.!
ആളുകൾ ക്യാമ്പിലെത്തുകയും രോഗബാധിതരെ പട്ടാളക്കാർ കൊന്നുതീർക്കുകയാണെന്നറിഞ്ഞപ്പോൾ ലഹളകൾ ആരംഭിക്കുകയും ചെയ്യുന്നു. ഈ ലഹള പിന്നീട് ദേശീയ പാതയിലേക്കെത്തുമ്പോൾ ജനക്കൂട്ടവും സൈനികരും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുകയാണ്.ഇതിനിടയിൽ മിറേയിൽ ആന്റിബോഡിയുണ്ടെന്ന് മെഡിക്കൽ സംഘം തിരിച്ചറിയുന്നു.പക്ഷെ മിറെ തോക്കിനു മുന്നിലാണ്.!
അവളും രാജ്യവും രക്ഷപ്പെടുമോ.?
ഇത്തരമൊരു ഭീകരമായ സാഹചര്യത്തെ ഭരണാധികാരികളും രാഷ്ട്രീയക്കാരും ആരോഗ്യ സംഘവുമൊക്കെ എങ്ങനെ കൈകാര്യം ചെയ്യും.?
ഇതിലേക്കുള്ള വഴിയാണ് സിനിമയുടെ വേറൊരു വഴി.

രണ്ടുമണിക്കൂർ ഒരു മിനിറ്റുള്ള ഈ സിനിമയിലെ ഓരോ നിമിഷവും മൊബൈൽ ഫോണിന്റെ ക്ലാരിറ്റി കാണിക്കാൻ കമ്പനികൾ ചെയ്യുന്ന പരസ്യചിത്രം പോലെ മനോഹരമാണ്. കളറിംഗിലും ലൈറ്റിംഗിലും ഓരോ ഫ്രെയിമും അത്ഭുതപ്പെടുത്തും. ഒരു ക്രെയിനിൽ ഒരുപാട് മനുഷ്യരെയെടുത്ത് ശവക്കൂമ്പാരത്തിലേക്കെറിയുന്ന ഒരു ദൃശ്യമുണ്ട് സിനിമയിൽ.ആ ദൃശ്യം കുറേ സമയം ഞാൻ ഫ്രീസ് ചെയ്ത് വെച്ചിരുന്നു.! സംവിധായകനോട് ആദരവ് തോന്നുന്ന നിമിഷങ്ങളിലൊന്ന്. അത്ര ഗംഭീരം.അഭിനയം കണ്ടാൽ ആർട്ടിസ്റ്റുകളെല്ലാം യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുകയാണോയെന്നു സംശയം തോന്നും. തുടക്കത്തത്തിൽ ഡോ.കിം അപകടത്തിൽപ്പെട്ടപ്പോൾ രക്ഷിക്കാനായി താഴേക്കിറങ്ങാൻ പോകുന്ന ജിഗ്ഗുവിനോട് ‘അപകടം പിടിച്ച വഴിയാണേ’ എന്ന് സുഹൃത്ത് പറയുന്നുണ്ട്. യഥാർത്ഥത്തിൽ അപ്പോൾ മാത്രമല്ല സിനിമയിൽ നാം കാണുന്ന ജിഗ്ഗു അവസാനം വരെ അപകടങ്ങൾ നിറഞ്ഞ വഴികളിലൂടെ നടത്തുന്ന യാത്രയാണ് ‘ദ ഫ്ലൂ’.മിറേയായി അഭിനയിച്ച പാർക്ക് മിൻഹേ നമ്മുടെ കൂടെപ്പോരും. ഒപ്പം ജി ഗ്ഗുവായഭിനയിച്ച ജാങ്ങ് ഹ്യൂക്കും, ഡോ. കിമ്മായ സുഎ യും. ഈ മൂന്നു പേരാണ് ഈ സിനിമയെ അതിന്റെ ഉന്നതതലത്തിൽ പ്രതിഷ്ഠിക്കുന്നത്. അനധികൃതമായി നടത്തുന്ന മനുഷ്യക്കടത്തിന്റെ ഫലമായാണ് ഒരു രാജ്യം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതെന്ന് കാണാൻ കഴിയും.നിയമ വിരുദ്ധമായ ജീവിതങ്ങൾ തന്നെയാണ് ഏതൊരു രാഷ്ട്രത്തിനും ഭീഷണി എന്നാണ് ഈ സിനിമയുടെ മറ്റൊരു ധ്വനി. മാത്രമല്ല കോവിഡുമായി ഏറെ ബന്ധമുള്ള വൈറസ് മാസങ്ങൾക്ക് മുമ്പ് ചൈനയിലേക്ക് നിയമവിരുദ്ധമായി കടത്തിയ ഈനാംപേച്ചിയിൽ നിന്ന് കണ്ടെത്തിയിരുന്നു എന്ന് നേച്ചർ ജേർണൽ പ്രസിദ്ധീകരിച്ചത് ഇതോടൊപ്പം ചേർത്തുനിർത്തിയാൽ ഈ സിനിമ ഒരു പ്രവചന സ്വഭാവമുള്ള മാധ്യമം കൂടിയായി മാറിയിട്ടുണ്ടെന്ന് കാണാം. അങ്ങനെയൊക്കെയാണ് കാഴ്ചയിൽ ‘ദ ഫ്ലൂ’ ലോകോത്തര നിലവാരത്തിലേക്കുയരുന്നത്.

ഇന്ത്യാക്കാരായ നമ്മളോരോരുത്തരും ക്വാറിന്റെന് വിധേയരായി വീട്ടിലിരിക്കുന്ന സന്ദർഭത്തിൽത്തന്നെ ‘ദ ഫ്ലൂ’ കാണുന്നതായിരിക്കും നല്ലത്.കാരണം ഈ സിനിമയിലെ സംഭാഷണങ്ങളും വാക്യങ്ങളുമൊക്കെ ഇന്ത്യയുൾപ്പെടെ ലോകവ്യാപകമായി ഇപ്പോൾ കേട്ടുകൊണ്ടിരിക്കുകയാണ്. അതിൽച്ചിലത് ഇങ്ങനെയാണ്.
‘പോലീസ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.’ ,ആളുകളെല്ലാം വീടുകളിലേക്ക് തിരിച്ചു പോവുക’ ,’രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട് ‘ , ‘ഇതൊരു മഹാമാരിയുടെ മുന്നോടിയാണ്.’, ‘ഈ അസുഖത്തിന് ചികിത്സയും മരുന്നുമൊന്നുമില്ല’,
‘എല്ലാവരും ഗവൺമെന്റിന്റെ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’,
‘വൈറസ് കൂടുതൽ പടരാതിരിക്കാനുള്ള നടപടികളാണ് നമ്മളിപ്പോൾ സ്വീകരിക്കേണ്ടത് ”.
ഇങ്ങനെ നോക്കിയാൽ ഈ കൊറോണക്കാലം നാം നിത്യവും കേൾക്കുന്ന വാക്യങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയുമാണ്
‘ദ ഫ്ലൂ’ ആദ്യാവസാനം സഞ്ചരിക്കുന്നത്.
മനുഷ്യവംശവും ശാസ്ത്രവുമൊക്കെ നിസ്സഹായരായിത്തീർന്ന ഇതുപോലുള്ള ചരിത്ര സന്ദർഭത്തിലൂടെ ലോകം ഇതിനുമുമ്പും കടന്നു പോയിട്ടുണ്ടെന്നും അതിനെ അതിജീവിച്ചിട്ടുണ്ടെന്നും ലോകത്തോടു വിളിച്ചു പറഞ്ഞ ‘ദ ഫ്ലൂ’ എന്ന ഈ സിനിമ മറ്റൊരർത്ഥത്തിൽ ഇപ്പോൾ വീടുകളിൽ മാത്രമായിപ്പോയ നമുക്കൊരാശ്വാസവുമാണ്.

Related Articles