പൊന്നാനി , കടലെടുത്ത വീടുകള്‍ നോക്കി കണ്ണീര്‍ പൊഴിച്ച കടലിന്റെ മക്കള്‍ക്ക് ഇനി ആശ്വാസത്തോടെ കിടന്നുറങ്ങാം. പുനര്‍ഗേഹം പദ്ധതിയിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഫ്‌ലാറ്റുകള്‍ വ്യാഴാഴ്ച വൈകിട്ട് നാലിന് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കും.
സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതിയുടെ ഭാഗമായി ഹാര്‍ബര്‍ പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാവും. ചടങ്ങില്‍ പുനര്‍ഗേഹം പദ്ധതിയിലൂടെ സ്വന്തം സ്ഥലം കണ്ടെത്തി വീട് നിര്‍മാണം പൂര്‍ത്തീകരിച്ച 13 വ്യക്തിഗത ഭവനങ്ങളുടെ താക്കോല്‍ദാനം ഇ ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിക്കും. ഫ്‌ലാറ്റുകളുടെ താക്കോല്‍ പി നന്ദകുമാര്‍ എംഎല്‍എ കൈമാറും. മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാവും. പൂര്‍ത്തിയായ 128 ഫ്‌ലാറ്റുകളില്‍ ഫിഷറീസ് അംഗീകരിച്ച 106 കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറും. ബാക്കി അര്‍ഹതപ്പെട്ട 22 പേര്‍ക്ക് പിന്നീട് കൈമാറും.
നറുക്കെടുപ്പിലൂടെയാവും ഫ്‌ലാറ്റുകള്‍ നല്‍കുക. വികലാംഗര്‍ക്കും പ്രായാധിക്യമുള്ളവര്‍ക്കും താഴത്തെ ഫ്‌ലാറ്റുകളില്‍ മുന്‍ഗണന നല്‍കും. 128 കുടുംബങ്ങള്‍ക്ക് ആധുനിക രീതിയിലുള്ള കെട്ടിടം ഹാര്‍ബറിലെ രണ്ടേക്കര്‍ സ്ഥലത്താണ് പൂര്‍ത്തിയാക്കിയത്. 16 ബ്ലോക്കുകളിലായി 640 സ്‌ക്വയര്‍ ഫീറ്റില്‍ 128 വീടുകളാണ്. ഒരു ബ്ലോക്കില്‍ താഴെയും മുകളിലുമായി എട്ട് വീടുകളാണുള്ളത്. ഒരു വീടിന് 10 ലക്ഷം നിരക്കില്‍ 12.8 കോടിയാണ് നിര്‍മാണ ചെലവ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.




