ചങ്ങരംകുളം: അര്‍ധരാത്രി ആഴമേറിയ കിണറ്റില്‍വീണ യുവാവിനെ നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയുംചേര്‍ന്ന് രക്ഷപ്പെടുത്തി. പരിക്കുപറ്റിയ ഇയാളെ ആശുപത്രിയിലെത്തിച്ചു.
ചങ്ങരംകുളം ആലങ്കോട് കീഴേപ്പുറം ക്ഷേത്രത്തിന് സമീപമുള്ള കിണറ്റിലാണ് യുവാവ് വീണത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. നിലവിളികേട്ടെത്തിയ പ്രദേശവാസികള്‍ പോലീസിനെ വിവരം അറിയിച്ചു.
ചാവക്കാട് സ്വദേശിയും എറവക്കാട് താമസക്കാരനുമായ 36-കാരനാണ് കീഴേപ്പുറം ക്ഷേത്രത്തിനുസമീപത്ത് റോഡിനോട് ചേര്‍ന്ന പറമ്പിലെ കിണറ്റില്‍ വീണത്. ചങ്ങരംകുളം പോലീസും പൊന്നാനിയില്‍നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് യുവാവിനെ കരയ്ക്കുകയറ്റിയത്. എ.എസ്.ഐ. ഷിജുമോന്‍, സി.പി.ഒ. മാരായ രാജേഷ്, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.




