ബന്ധുക്കളുടെ പരാതി, ചേളാരിയില്‍ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

തിരൂരങ്ങാടി:  മരണത്തില്‍ ദുരൂഹതയുള്ളതായി ഭാര്യയുടെയും മക്കളുടെയും പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. താഴെ ചേളാരി ചോലക്കല്‍ വീട്ടില്‍ തിരുത്തുമ്മല്‍ അബ്ദുല്‍ അസീസിന്റെ മൃതദേഹമാണ് പുറത്തെടുക്കുന്നത്.

കഴിഞ്ഞ ജൂലൈ 31 ന് മരണപ്പെട്ട ഇദ്ദേഹത്തിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് ഭാര്യയും മക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. മരിച്ച അസീസിന്റെ സഹോദരനും മകനും മറ്റു ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് പരാതി. സ്വത്ത് തട്ടിയെടുക്കാന്‍ നടത്തിയ കൊലപാതകമാണെന്നാണ്
ഇവരുടെ ആരോപണം.

സഹോദരന്റെ വീട്ടില്‍ വച്ചാണ് അസീസ് മരിക്കുന്നത്.
മരണ വിവരം ഇവരെ അറിയിച്ചില്ലെന്നും തങ്ങളുടെ മഹല്ലായ തയ്യിലക്കടവില്‍ കബറടക്കാതെ സഹോദരന്റെ മഹല്ലായ വൈക്കത്ത്പാടം മഹല്ലിലെ പള്ളിയില്‍ പെട്ടെന്ന് കബറക്കിയെന്നും പരാതിയില്‍ പറയുന്നു. അസീസീന്റെ പേരിലുള്ള 2 കോടിയോളം രൂപ വിലവരുന്ന സ്വത്ത് സഹോദരന്റെ പേരിലേക്ക് മാറ്റിയതായും തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും പറയുന്നു.
പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു

തിങ്കളാഴ്ച ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുമെന്ന് ഇന്‍സ്‌പെക്ടര്‍ സന്ദീപ് പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top