നവവധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ബന്ധു പിടിയില്‍

പയ്യന്നൂര്‍: കരിവെള്ളൂര്‍ പലിയേരിയില്‍ നവ വധുവിന്റെ 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ ബന്ധുവായ യുവതി പിടിയില്‍. കൂത്തുപറമ്പ് വേങ്ങാട്ടെ എ കെ വിപിനി (46) ആണ് പയ്യന്നൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒന്നിനാണ് പലിയേരിയിലെ എ കെ അര്‍ജുന്റെ ഭാര്യ ആര്‍ച്ച എസ് സുധിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. തിരുവനന്തപുരത്ത് ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന അര്‍ജുനും ആര്‍ച്ചയും തമ്മിലുള്ള വിവാഹം മെയ് ഒന്നിനായിരുന്നു. വിവാഹം കഴിഞ്ഞ് അര്‍ജുന്റെ വിട്ടിലെത്തിയശേഷം മുകളിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ രാത്രി ഒമ്പതോടെ ഭര്‍തൃ വീട്ടുകാരെ കാണിക്കാന്‍ തെരഞ്ഞപ്പോഴാണ് മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടത്.

പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ആര്‍ച്ച നല്‍കിയ പരാതിയെത്തുടര്‍ന്ന് രാത്രിതന്നെ എസ്‌ഐ പി യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡ്വാഗ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധിച്ചു. നാലിലധികം വിരലടയാളങ്ങള്‍ ശേഖരിച്ചു. ഇതനുസരിച്ച് ഓരോരുത്തരെയും ചോദ്യം ചെയ്തു. ഇതിനിടെ ബുധന്‍ പകല്‍ 11.30ന് എസ്‌ഐ കെ മനോജ്കുമാറും സംഘവും ഇവരുടെ വീട്ടിലെത്തിയപ്പോള്‍ വീടിന്റെ തെക്കു ഭാഗത്ത് ഷെഡിനും തറക്കും ഇടയിലായി വെളുത്ത സഞ്ചി ശ്രദ്ധയില്‍പ്പെട്ടു. തുറന്ന് പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സംശയ നിഴലില്‍ നില്‍ക്കുമ്പോഴാണ് അടുത്ത ബന്ധുവായ വിപിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. വിവാഹ ദിവസം വൈകിട്ട് അര്‍ജുന്റെ മുറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ സ്വന്തമാക്കുകയായിരുന്നു. രാത്രി ഏഴോടെ ഭര്‍ത്താവിനും മകനുമൊപ്പം കൂത്തുപറമ്പിലേക്ക് പോയി. പൊലീസ് അന്വേഷണം തന്നിലേക്ക് എത്തുമെന്ന് ഭയന്നാണ് ആഭരണങ്ങളെടുത്ത വിവരം ഭര്‍ത്താവിനെ അറിയിച്ചത്. ഉടന്‍ തിരിച്ചേല്‍പ്പിക്കണമെന്ന് ഭര്‍ത്താവും മകനും പറഞ്ഞതിനെ തുടര്‍ന്ന് ആറിന് അര്‍ധരാത്രിയോടെ പലിയേരിയിലെത്തി വീടിന് സമീപത്ത് സഞ്ചിയിലാക്കി സ്വര്‍ണാഭരണങ്ങള്‍ ഉപേക്ഷിച്ച് കടന്നു.

ഏഴിന് ഇവിടെയെത്തിയ പൊലീസാണ് സ്വര്‍ണമടങ്ങിയ സഞ്ചി കണ്ടത്. പൊലീസ് നായ മണം പിടിച്ച് വീടിനകത്ത് ചുറ്റിത്തിരിഞ്ഞത് വീട്ടുകാരെ ആശങ്കയിലാക്കി. പൊലീസിന്റെ സംശയം വിപിനിയിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് എസ് ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കുത്തുപറമ്പിലെ വീട്ടിലെത്തി ചോദ്യം ചെയ്യുകയായിരുന്നു. എസ്‌ഐ പി യദുകൃഷ് ണന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ കെ വി മനോജന്‍, കെ രാകേഷ്, എ ജി ജബ്ബാര്‍, കെ പ്രമോദ് എന്നിവരാണ് അന്വേഷക സംഘത്തില്‍ ഉണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top