തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ജീവനക്കാരെ പിന്തുണച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവല്ല നഗരസഭയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയാ റീല്‍ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും മന്ത്രി വിവരങ്ങള്‍ തേടിയിരുന്നു.
ഇത് അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത് എന്ന് മനസിലായി. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടി, ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധി ദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്. പക്ഷേ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയില്‍ ആഘോഷ പരിപാടികളൊന്നും ഓഫീസുകളില്‍ സംഘടിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്.
തിരുവല്ല നഗരസഭയില്‍ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. അവശ്യഘട്ടങ്ങളില്‍ സേവനസജ്ജരായി ഞായറാഴ്ചകളില്‍ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




