പാലക്കാട്‌ റെക്കോർഡ് താപനില

പാലക്കാട്: സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില വെള്ളിയാഴ്ച പാലക്കാട് രേഖപ്പെടുത്തി. 39.8 ഡിഗ്രി സെൽഷ്യസാണ് പാലക്കാട് രേഖപ്പെടുത്തിയ താപനില. ഇത് സാധാരണയെക്കാൾ 2.2 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. പുനലൂർ 38 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് രേഖപ്പെടുത്തിയ താപനില. ഇത് കഴിഞ്ഞ ദിവസങ്ങളിലേതിനെക്കാൾ 1.8 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.

കടുത്ത ചൂടിനെത്തുടർന്ന് പാലക്കാട് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.

കൊടുംചൂടിനിടയിലും സംസ്ഥാനത്താകെ അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനത്തിൽ എല്ലാ ജില്ലകളിലും ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്.

രാജ്യത്ത് ഈ സീസണിൽ കടുത്ത വേനൽ അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് വന്നിട്ടുണ്ട്. ഉഷ്ണതരംഗം ഉത്തരേന്ത്യൻ നാടുകളെ വലിയ തോതിലും, ദക്ഷിണേന്ത്യയെ ഒറ്റപ്പെട്ട നിലയിലും ബാധിച്ചേക്കാം. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കടുത്ത ചൂടിനെ കരുതിയിരിക്കേണ്ടതുണ്ട്. ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ ഉഷ്ണ തരംഗം തുടങ്ങിയിട്ടുണ്ട്. സാധാരണ താപനിലയെക്കാൾ 14 ഡിഗ്രിയൊക്കെയാണ് ഹിമാചലിൽ ഉയർന്നിരിക്കുന്നത്. മുംബൈ, താനെ തുടങ്ങിയ നഗരങ്ങളിലും ഉഷ്ണതരംഗം പിടിമുറുക്കിയിരിക്കുകയാണ്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലും മഹാരാഷ്ട്രയിലെ വിദർഭയിലും കടുത്ത ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top