മലപ്പുറം : യുവതലമുറയ്ക്ക് കായിക പരിശീലന സൗകര്യമൊരുക്കാനും മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാനും കോട്ടപ്പടി സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ സ്പോര്‍ട്സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. കായികവകുപ്പും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. 80 ലക്ഷം രൂപ ചെലവഴിച്ചാണ് 2000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ അത്യാധുനിക സംവിധാനത്തോടെ ഫിറ്റ്നസ് സെന്റര്‍ സ്ഥാപിച്ചത്. കേന്ദ്രീകൃത ശീതീകരണ സംവിധാനമാണുള്ളത്.
ട്രെഡ്മില്‍, എലിപ്റ്റിക്കല്‍ സൈക്കിള്‍, ബഹുജന വ്യായാമം സാധ്യമാകുന്ന മള്‍ട്ടി സെറ്റ്, ഡംബെല്‍, ബാര്‍ബെല്‍, ബാര്‍ബെല്‍ പ്ലേറ്റ്, കിടന്ന് വ്യായാമം ചെയ്യാനുള്ള ബെഞ്ചുകള്‍, ജിംബോള്‍ ഉള്‍പ്പെടെ ഇറക്കുമതിചെയ്ത 88 തരം ആധുനിക ഫിറ്റ്നസ് ഉപകരണങ്ങളും സജ്ജമാണ്. 50 പേര്‍ക്ക് ഒരേസമയം വ്യായാമത്തിന് സൗകര്യമുണ്ട്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ഡ്രെസ്സിങ് മുറികളും വാംഅപ്പ് ഏരിയകളും ക്രമീകരിച്ചിട്ടുണ്ട്. കായികതാരങ്ങള്‍ക്ക് സൗജന്യമായി ഈ സേവനം ഉപയോഗപ്പെടുത്താം. രാവിലെ അഞ്ചുമുതല്‍ 11വരെയും വൈകിട്ട് നാലുമുതല്‍ രാത്രി 10വരെയുമാണ് ജിംനേഷ്യം പ്രവര്‍ത്തിക്കുക. പരിശീലകരുടെ സേവനം ലഭ്യമാണ്.
കോട്ടപ്പടി സ്പോര്‍ട്സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ ഞായറാഴ്ച ഉദ്ഘാടനംചെയ്യുമെന്ന് ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി പി അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരുക്കിയ ഏറ്റവും വലിയ ജിംനേഷ്യമാണിത്.
കായികതാരങ്ങളുടെ ശരീരികക്ഷമതക്കൊപ്പം പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് പദ്ധതി. പകല്‍ 11ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനംചെയ്യും. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷനാകും. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി ആര്‍ അര്‍ജുന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ പി ഋഷികേശ്കുമാര്‍, സി സുരേഷ്, സ്പോര്‍ട്സ് കേരളാ ഫൗണ്ടേഷന്‍ അംഗം എ അച്ചു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




