കാന്‍സര്‍ രോഗികള്‍ക്ക് അത്യാധുനിക സംവിധാനം ഒരുക്കാന്‍ ആര്‍സിസിയില്‍ പുതിയ ബ്ലോക്ക്

തിരുവനന്തപുരം: ആര്‍. സി. സിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ 187 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 14 നില കെട്ടിടത്തില്‍ ഒരുക്കുക കാന്‍സര്‍ ചികിത്സയ്ക്കുള്ള അത്യാധുനിക സംവിധാനങ്ങള്‍. 281673 ചതുരശ്രഅടി വിസ്തീര്‍ണം പുതിയ കെട്ടിടത്തിനുണ്ടാവും.
കെട്ടിടത്തിന്റെ ശിലാസ്ഥാപനം 26ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റേഡിയോ തെറാപ്പി, ന്യൂക്ലിയര്‍ മെഡിസിന്‍, ബ്ളഡ് ബാങ്ക്, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ്, ഓപ്പറേഷന്‍ തിയേറ്ററുകള്‍, വാര്‍ഡുകള്‍, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, ലുക്കീമിയ വാര്‍ഡ് എന്നിവ പുതിയ കെട്ടിടത്തില്‍ സജ്ജീകരിക്കും. രണ്ടു നിലകളില്‍ വാഹന പാര്‍ക്കിംഗ് സൗകര്യവുമുണ്ടാവും. നിലവില്‍ ആര്‍. സി. സിയിലുള്ള കിടക്കകള്‍ക്കു പുറമെ 250 കിടക്കകള്‍ കൂടി പുതിയ കെട്ടിടത്തില്‍ ഒരുക്കും. രോഗികളുടെ കാത്തിരിപ്പ് കുറയ്ക്കാനും കാര്യക്ഷമമായ സേവനം ലഭ്യമാക്കാനും ഇത് സഹായിക്കും. സൗരോര്‍ജം പരമാവധി ഉപയോഗിച്ചും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുമാവും കെട്ടിടം നിര്‍മിക്കുക. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സജ്ജീകരിക്കും.
ശിലാസ്ഥാപന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ. കെ. ശൈലജ അധ്യക്ഷത വഹിക്കും. ദേവസ്വം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. ശശിതരൂര്‍ എം. പി മുഖ്യപ്രഭാഷണം നടത്തും.

Related Articles