ആര്‍സി പണയപ്പെടുത്തി കാര്‍ തട്ടിയെടുക്കല്‍; മമ്പുറം സ്വദേശി റിമാന്‍ഡില്‍

തിരൂരങ്ങാടി : ആര്‍സി പണയപ്പെടുത്തി പണം നല്‍കാമെന്ന് പറഞ്ഞ് കാര്‍ തട്ടിയെടുത്ത മമ്പുറം സ്വദേശി റിമാന്‍ഡില്‍. കക്കാട് കരിമ്പില്‍ കൊയ്പ്പക്കോലോത്ത് യൂസഫിന്റെ ഭാര്യ സഹീറയുടെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തട്ടിയെടുത്തത്. മമ്പുറം വെട്ടത്ത് ബസാര്‍ വളപ്പില്‍ ഷാരത്ത് ഇസാ യൂനുസിനെ (29) നെയാണ് റിമാന്‍ഡ് ചെയ്തത്.

50,000 രൂപ വാഗ്ദാനം ചെയ്ത് പരപ്പനങ്ങാടി, ചെമ്മാട് എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങിയശേഷം മമ്പുറത്തുവെച്ചാണ് കാര്‍ തട്ടിയെടുത്ത് യൂനുസ് രക്ഷപ്പെട്ടത്. കാര്‍ നിലമ്പൂരില്‍ വില്‍പ്പന നടത്തി 25,000 രൂപ അഡ്വാന്‍സ് വാങ്ങിയ ഇയാള്‍ മൈസൂരുവിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. അവിടെ നിന്ന് മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാവിലെ കക്കാട് വെച്ചാണ് യൂനുസിനെ തിരൂരങ്ങാടി പോലീസ് പിടികൂടിയത്. ഇയാളോടൊപ്പമുള്ളവരെക്കുറിച്ച് അനേ്വഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കാര്‍ കണ്ടെടുക്കാനും നടപടി തുടങ്ങി.

സബ് ഇന്‍സ്‌പെക്ടര്‍ എ സുനില്‍, എഎസ്‌ഐമാരായ മോഹനന്‍, ഉണ്ണികൃഷ്ണന്‍, സിപിഒ വിമല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

Share news
error: Content is protected !!
Scroll to Top