കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗണ്‍ഹാളിലെത്തി. വന്‍ ജനപ്രവാഹമാണ് ടൗണ്‍ ഹാളില്‍ കോടിയേരിയെ ഒരു നോക്ക് കാണാനായി എത്തിചേര്‍ന്നിരിക്കുന്നത്. രാവിലെ 11.22 നാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് പുറപ്പെട്ടത്. എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി. മുദ്രാവാക്യം വിളികളോട് കൂടിയാണ് നേതാവിന്റെ
മൃതദേഹം പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു. പിണറായി വിജയന്‍ പുഷ്പചക്രം
അര്‍പ്പിച്ചു. ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശത്തിന് വെക്കും.
തലശ്ശേരിയിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് കണ്ണൂരില്‍ നിന്ന് ആരംഭിച്ചത്. പതിനാല് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ വിലാപയാത്ര നിര്‍ത്തി. കോടിയേരിയെ അവസാനമായി കാണാന്‍ വന്‍ ജനാവലിയായിരുന്നു റോഡിന് ഇരുവശവും.
സംസ്‌ക്കാരം പൂര്‍ണ്ണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും.




