
നിലമ്പൂർ: പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് നാലുവർഷം കഠിന തടവും 5,000 രൂപ പിഴയും ശിക്ഷവിധിച്ചു. മൂത്തേടം കാരപ്പുറം സ്വദേശി പുതുവായ് വിനോദിനെതിരെ (34)യാണ് നിലമ്പൂർ അതിവേഗ പോക്സോ കോടതി ജഡ്‌ജി കെ പി ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചാൽ തുക അതിജീവിതക്ക് നൽകും. പിഴ അടയ്ക്കാത്ത പക്ഷം രണ്ട് മാസവും രണ്ട് ആഴ്ചയും അധിക തടവനുഭവിക്കണം.
2024 ജൂൺ 16നാണ് കേസിന് ആസ്പദമായ സംഭവം. പോത്തുകല്ല് പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്. പോത്തുകല്ല് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ സോമനാണ് കേസന്വേഷണം നടത്തിയത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ എം ബിജിത കേസന്വേഷണത്തിൽ സഹായിച്ചു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ ഫ്രാൻസിസ് ഹാജരായി. 17 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ ജയിലിലേക്ക് അയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



