രണ്ടാമടക്കം നോവല്‍ റിവ്യൂ: ലളിതമായ വിവരണം, ആശ്ചര്യപ്പെടുത്തുന്ന അന്ത്യം

HIGHLIGHTS : Randamadakkam novel review

എഴുത്ത്;ഷിനോദ് അക്കരപറമ്പില്‍

സലില്‍ ജോസിന്റെ ‘രണ്ടാമടക്കം’ എന്ന നോവല്‍ കാലത്തിലേക്ക് തുറന്നു വച്ച ഒരു കണ്ണാടി പോലെയാണ്. ഒരു കലാകാരനാകാനുള്ള ക്രിസ്ത്യന്‍ യുവാവിന്റെ പരിശ്രമത്തെകുറിച്ചാണ് ഈ കഥയുടെ ഉള്ളടക്കം. തന്റെ ആഗ്രഹം നിറവേറ്റാന്‍ വേണ്ടി അവന്‍ ജന്മനാട്ടില്‍ നിന്ന് ഒളിച്ചോടുന്നു. അവന്റെ വരവിനായി വീട്ടുകാര്‍ കാത്തിരിക്കുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍ ജന്മനാട്ടിലേയ്ക്ക് വീണ്ടും തിരിച്ചു വരുകയും അവിടെ എല്ലാവരെയും അലട്ടിയ ഒരു വലിയ പ്രശ്‌നം പരിഹരിക്കാന്‍ കാരണമാകുകയും ചെയ്യുന്നു. പ്രശ്നം പരിഹരിച്ചതിന് ശേഷം അവനവിടെ നിന്നും വീണ്ടും അപ്രത്യക്ഷനാകുന്നു.

sameeksha-malabarinews

തോമസുകുട്ടിയുടെ ബാല്യകാലം വിവരിക്കുന്നത് വളരെ രസകരമായിട്ടാണ്. വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പല വിവരണങ്ങളും ഉണ്ട്. തോമസുകുട്ടിയുടെ ആദ്യകുറുബാന സ്വീകരണം വിവരിച്ചിരിക്കുന്നത് അതിന് ഒരു ഉദാഹരണമാണ് :

”നീ ക്രിസ്തുവിന്റെ ശരീരവും രക്തവുമാണ് സ്വീകരിക്കുന്നത്. അത് കൊണ്ടതു ചവയ്ക്കരുത്. അത് യേശുവാണ്. അത് നിന്റെ നാവിലിരുന്നലിഞ്ഞു നിന്റെ ഭാഗമാകണം. നീ അപ്പോള്‍ പ്രാര്‍ത്ഥിക്കണം.’ ചവയ്ക്കാതിരിക്കാന്‍ തോമസുകുട്ടി വളരെ പാടുപെട്ടു. ചവയ്ക്കലിനും അലിയിപ്പിക്കലിനും നടുക്കുള്ള ഒരു മാര്‍ഗം അവന്‍ തിരഞ്ഞെടുത്തു. അവനു പ്രാര്‍ത്ഥിക്കുവാന്‍ കഴിഞ്ഞില്ല. കാരണം ക്രിസ്തുവിന്റെ ശരീരത്തി ന്റെയും രക്തത്തിന്റെയും രുചി എന്താണെന്ന് അറിയാന്‍ അവന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.’

തോമസുകുട്ടി വളരുമ്പോള്‍ ഒരു ആത്മീയ പ്രതിസന്ധി അവനെ ബാധിക്കുന്നു. ഒരു നല്ല ഗായകനാകാനുള്ള വിട്ടുവീഴ്ചയില്ലാത്ത ശ്രമത്തിലൂടെ അവന്‍ ആ പ്രതിസന്ധി മറികടക്കുന്നു. അവന്റെ ചിന്തകളിങ്ങനെ പോകുന്നു: ‘സംഗീതത്തിന്റെ വഴി ഞാന്‍ പൂര്‍ണമായി തിരഞ്ഞെടുക്കുകയാണെങ്കില്‍, എന്റെ പൂര്‍വീകന്മാര്‍ ക്രിസ്തുമതത്തിനു വേണ്ടി അവരുടെ അവബോധത്തിന്റെ ഇരുണ്ട അറകളിലെങ്ങോ അടക്കം ചെയ്തു അതുവഴി എനിക്ക് നിക്ഷേധിച്ച എന്റെ ആത്മാവിനെ കണ്ടെത്താം.’

അവന്‍ അഭിമുഖീകരിക്കുന്ന ഓരോ പ്രതികൂല സാഹചര്യങ്ങളും അവനെ കൂടുതല്‍ ശക്തനാക്കുന്നു. അവന്റെ ജീവിതയാത്ര മനുഷ്യമനസ്സിന്റെ എല്ലാ ബലഹീനതകളിലേക്കും ചഞ്ചലതയിലേക്കും അവനെ തുറന്നുകാട്ടുന്നു. കീഴടക്കലിന്റെയും സ്വയം കണ്ടെത്തലിന്റെയും കഥയാണ് തോമസുകുട്ടിയുടേത്.

ഈ നോവലിന്റെ അവസാനം വളരെ നാടകീയമാണ്. എല്ലാ ഒഴുക്കികൊണ്ടു പോകുന്ന കാട്ടാറു പോലെയാണ് തോമസുകുട്ടിയുടെ സംഗീതം എന്ന് നോവലില്‍ വിവരിച്ചിരിക്കുന്നു. അത് പോലെ തന്നെയാണ് ഈ നോവല്‍ അവസാനിക്കുന്നതും. കഥയുടെ ഒഴുക്കില്‍ വായനക്കാര്‍ അകപ്പെട്ടുപോകും.

ഇതിലെ അടിയൊഴുക്കുകള്‍ ഈ കാലഘട്ടത്തില്‍ നമുക്കെല്ലാവര്‍ക്കും സന്ദേശങ്ങള്‍ നല്‍കുന്നു. ലളിതമായ ഭാഷയില്‍ ഗഹനമായ വിഷയങ്ങള്‍ സലില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഒറ്റയിരിപ്പില്‍ വായിക്കാവുന്ന പുസ്തകമാണിത്.

പൂര്‍ണ പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!