Section

malabari-logo-mobile

മഗ്‌രിബിലെ സൂര്യോദയങ്ങള്‍

HIGHLIGHTS : പെരുമഴ പെട്ടെന്ന് ഒറ്റയടിക്ക് നിന്നതുപോലെ എങ്ങും ഒരു ഗാഢമായ വിമൂകത. പ്രകൃതിയാകെയും നനഞ്ഞുകുതിര്‍ന്ന ഒരാലസ്യം! ഘനനമൂകമായ ഈയൊരു പ്രശാന്തതയിലേക്ക് തയ്...

Magrib 1
സുള്‍ഫി

പെരുമഴ പെട്ടെന്ന് ഒറ്റയടിക്ക് നിന്നതുപോലെ എങ്ങും ഒരു ഗാഢമായ വിമൂകത. പ്രകൃതിയാകെയും നനഞ്ഞുകുതിര്‍ന്ന ഒരാലസ്യം! ഘനനമൂകമായ ഈയൊരു പ്രശാന്തതയിലേക്ക് തയ്യാറാകാന്‍ തുടങ്ങിയിട്ട് നാളുകളായി. പക്ഷേ കരുതിയിരുന്നിട്ടും വന്നുചേര്‍ന്നപ്പോള്‍ അപ്രതീക്ഷിതമെന്നപോലെ! ആഴ്ചകള്‍ക്കുമുമ്പേ വീട് ഒരുക്കം തുടങ്ങിയതാണ്. പെണ്ണുങ്ങളുടെ ഒരു വിളയാട്ടമാണ് ‘നനച്ചുകുളി’. ഉമ്മറം മുതല്‍ അടുക്കളപ്പുറം വരെ കട്ടിലും കസേരയും പായും പാത്രങ്ങളുമെല്ലാം വാരിപ്പുറത്തിട്ട്, തേച്ചുരച്ചും നിലം കഴുകിയും തുടച്ചും, മുക്കും മൂലയും മാറാലയടിച്ചും ചുവരുകള്‍ കുമ്മായം പൂശിയും ആകെയും ഒരു പുതുമോടിയാക്കല്‍.

മാസപ്പിറവി കാണണം നോമ്പുതുടങ്ങാന്‍. എന്നാലും വാവും നേരവും കൂട്ടിക്കിഴിച്ച് കണക്കാക്കി കാരണവന്മാര്‍ പറയും, ഇന്ന ദിവസമാകുമെന്ന്. പറഞ്ഞതുപോലെത്തന്നെ ആകുകയും ചെയ്യും. എപ്പോളും അങ്ങനെ സംഭവിക്കുന്നതുകൊണ്ട് ആ പ്രവചനം ഒരത്ഭുമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. കടപ്പുറത്ത് കണ്ണുംനട്ട് കാത്തിരുന്നവരാരെങ്കിലും ഒരൊളി കണ്ടാലും ഉറപ്പിന് ആകാശവാണിയുടെ അറിയിപ്പുവരെ കാത്തിരിക്കുന്നെന്നുമാത്രം.
‘ആകാശവാണി കോഴിക്കോട്. ശവ്വാല്‍മാസപ്പിറവി കണ്ടതായി കോഴിക്കോട് ഖാസി അറിയിച്ചു.’
പൊടുന്നനെ ജീവിതത്തിന്റെ താളക്രമങ്ങളാകെയും മാറിമറിഞ്ഞു. മനസ്സും ശരീരംപോലും മാറി. അടക്കവുമൊതുക്കവുമുള്ള പുതിയൊരു ജീവിതചര്യയിലേക്ക്, പകല്‍വ്രതത്തിന്റെ വാട്ടത്തിലേക്ക്. നിസ്‌കാരവും ഓത്തുമായി പള്ളികളൊക്കെ ജനനിബിഡമായിത്തുടങ്ങി.
നട്ടപ്പാതിരയില്‍നിന്ന്‌തെന്നി, തിര്യക്കുകള്‍പോലും മയങ്ങിപ്പോകുന്ന ഇരുട്ടിലേക്കുണര്‍ത്തിയാണ് അത്താഴം. തണുപ്പുകോരുന്ന, ഉറക്കം മത്തുപിടിപ്പിക്കുന്ന രാത്രിയാമങ്ങളില്‍ അത്താഴത്തിനേക്കാള്‍ ഉറക്കത്തെ പ്രണയിച്ചുപോകുമ്പോള്‍ മൃദുലമായ വിളിച്ചുണര്‍ത്തല്‍ ശകാരമായിത്തീരും. അത്താഴത്തിനുണര്‍ന്നില്ലെങ്കിലും സങ്കടംതന്നെ. നേരത്തേയണഞ്ഞ വീട്ടുവിളക്കുകള്‍ അന്നേരം കണ്‍തുറന്ന്, വീട് ശബ്ദമുഖരിതമാകും. സമൃദ്ധമായി ഭക്ഷണം കഴിക്കാനാവില്ല. പകലിന്റെ ദൈര്‍ഘ്യമോര്‍ത്ത് എന്തെങ്കിലും തിന്നണം. എന്നിട്ട് ‘നബൈത്തു സൗമഹ്ദിന്‍ അന്‍ഹദായി ഫര്‍ള് റമദാനി ആദിഹീസനത്തി ലില്ലാഹിത്തഅല’എന്ന് ‘നാളത്തെ നോമ്പുനോല്‍ക്കാന്‍ നിയ്യത്തുചെയ്ത്’കൊണ്ടാണ് കിടത്തം. മുതിര്‍ന്നവര്‍ നിയ്യത്ത് പറഞ്ഞുതന്നതേറ്റുപറഞ്ഞ് കുട്ടികള്‍ക്ക് വീണ്ടും പായയിലേക്കമരുമ്പോള്‍ മുതിര്‍ന്നവര്‍ സുബ്ഹ് നമസ്‌കാരത്തിനൊരുക്കം തുടങ്ങും. അതിനുശേഷംപുലര്‍ക്കാലത്ത് ഒരു കൊച്ചുറക്കം.
അത്താഴത്തിനുണരാന്‍ മറന്ന് വീടൊന്നാകെ ഉറങ്ങിപ്പോകുന്ന ദിവസങ്ങളുമുണ്ട്. പുലര്‍ന്നിട്ടാകും അബദ്ധമറിയുക. അങ്ങനെ അത്താഴമില്ലാതെ നോമ്പെടുക്കുന്ന പകലത്തെ കാര്യം കഷ്ടമാണെങ്കിലും തിന്നാതെ ബാക്കിയായ ചോറും കറിയുംമറ്റും പിറ്റേന്ന് ആടിനും പൂച്ചക്കും കാക്കക്കുമെല്ലാം കുശാലാണ്. ചിലദിവസം ഉണരാന്‍ വൈകി, അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോളാകും ബാങ്ക് കേള്‍ക്കുന്നത്. ബാങ്ക് കേട്ടാല്‍ ഭക്ഷണം നിര്‍ത്തണം – സങ്കടപ്പെരുമഴയാണപ്പോള്‍.
ആദ്യമായി നോമ്പെടുത്തപ്പോള്‍ ഉമിനീര്‌പോലും തുപ്പിക്കളഞ്ഞു, അബദ്ധധാരണകൊണ്ട്. തൊണ്ട വരണ്ട് ഉച്ചകടക്കാനാവാതെയുമായി. കൊതിപ്പകലുകളില്‍ ആരും കാണാതെ കിണറ്റില്‍നിന്ന് വെള്ളംകോരി മുഖംകഴുകുന്ന വ്യാജേന മതിവരുവോളം കുടിച്ച നോമ്പുകളുമുണ്ട്. കുട്ടികള്‍ നോമ്പെടുക്കുന്ന ദിവസം എന്തെങ്കിലും വിഭവം പ്രത്യേകമുണ്ടാക്കി. നൊമ്പെടുക്കാത്ത ‘അത്താഴക്കള്ളന്മാര്‍’ കുറവാണ്. നോമ്പൊഴിച്ചിട്ടും വലിയ ലാഭമൊന്നുമില്ല. പകല്‍ തിന്നാന്‍ കാര്യമൊയൊന്നും കിട്ടില്ല. തലേന്നത്തെ പത്തിരിയോ ‘പഴഞ്ചോറോ’ കിട്ടിയാലായി. വറ്റിയ കൂട്ടാനോ മുളകും പുളിയും വെളിച്ചെണ്ണകൂട്ടി ചാലിച്ചതും കൂട്ടി, തലേന്ന് ബാക്കിയായ വാടിത്തളര്‍ന്ന്, കാരച്ചുവയുള്ള പപ്പടം മേമ്പൊടിയായി വിശന്ന വയറ്റില്‍ പഴഞ്ചോറ് തിന്നല്‍ ഒരനുഭവമാണ്. വിശപ്പുതീര്‍ന്നാല്‍ നോമ്പൊഴിച്ചതോര്‍ത്ത് സങ്കടംതോന്നും. എല്ലാരും നോമ്പുതുറക്കുമ്പോള്‍ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നാകും മനസ്സ്. കൂട്ടത്തിലുള്ളവരോട് ഒരുനോമ്പിന് പിന്നിലാകുന്നതും സങ്കടംതന്നെ.
ഉച്ചതിരിയുന്നതോടെ തളര്‍ന്ന് മുറിയിലും മൂലയിലും കിടന്നുമയങ്ങിപ്പോകും. ഉണര്‍ന്നാലും നേരം ബാക്കിതന്നെ! സ്‌കൂളുള്ള ദിവസം നേരംപോകുന്നതറിയില്ല. കുട്ടികളാരെങ്കിലും അച്ചാറോ മിഠായിയോ തിന്നുമ്പോള്‍ വായില്‍ വെള്ളമൂറും. ചോറുകൊണ്ടുവന്നവര്‍ ഉച്ചക്ക് ചോറ്റുപാത്രത്തിന്റെ മൂടിതുറക്കുമ്പോള്‍ ക്ലാസാകെ
ഒരു ലഹരിപിടിപ്പിക്കുന്ന മണംപരക്കും. അന്നേരം മുമ്പെങ്ങും തോന്നാത്തവിധം ചോറിന് വല്ലാത്ത കൊതിതോന്നും. അവധിദിവസങ്ങളില്‍ കൂട്ടുകൂടി നടന്നോ തോട്ടിലും കുളത്തിലും ചൂണ്ടലിട്ടോ സമയം പോക്കാം.
വൈകുന്നേരമാകുമ്പോഴേക്ക് റവകൊണ്ടുള്ള തരിക്കഞ്ഞിയില്‍, തൂമിച്ചൊഴിക്കുന്നതിന്റെയും മണ്‍ചട്ടിയില്‍ പൊള്ളിവീര്‍ക്കുന്ന നേര്‍ത്ത അരിപ്പത്തിരിയുടെയും നല്ല മസാലക്കറിവെന്തതിന്റേതുമൊക്കെ ‘അസഹനീയ’ഗന്ധം വന്ന് പൊതിയുമ്പോള്‍ അസ്തമനത്തിന് ഇനി എത്രനേരമെന്ന് അക്ഷമയോടെ കാത്തിരുന്നു.
കാരക്കകൊണ്ടാണ് നോമ്പുതുറക്കുന്നത്. നോമ്പുതീരുമ്പോഴേക്ക് മുറ്റത്തവിടവിടെ തെരുതെരെ കാരക്കാക്കുരുക്കള്‍ മുളക്കുമ്പോള്‍ കണ്ടുവെച്ച്, നോമ്പുകഴിഞ്ഞിട്ടുവേണം മുളച്ച കുരുവില്‍നിന്ന് ‘പൊങ്ങ്’ എടുത്തുതിന്നാനെന്ന് കാത്തിരുന്നു.
തലനോമ്പ് മൂന്നുകഴിഞ്ഞാല്‍ നോമ്പുതുറകള്‍ തുടങ്ങും. ബന്ധുക്കളെയും പുതിയാപ്ലമാരെയും മുസ്ല്യമാരെയുമെല്ലാം നോമ്പുതുറപ്പിക്കും. നോമ്പുതുറ ഒരുത്സവംതന്നെയാണ്. എല്ലാവരും ചേര്‍ന്നങ്ങനെ വട്ടത്തിലിരുന്ന് തുറക്കുന്ന നോമ്പിന് മറ്റെല്ലാ നോമ്പിനേക്കാളും ഒരു കുളിര്‍മയും സന്തോഷവും തോന്നി. ഇല്ലായ്മകളുടെ കുന്നായ്മയില്‍നിന്ന് സമൃദ്ധികളിലേക്കുള്ള ഒരു കണ്ണേറുപോലെ.
മഗ്‌രിബിലാണ് സൂര്യോദയങ്ങളെന്നപോലെ ആളും അങ്ങാടിയുമുണരുന്നത് സായാഹ്നത്തോടെയാണ്. ഓടച്ചൂട്ടുമായി രാത്രിയിലെ ‘തറാവീഹ്’നമസ്‌കാരത്തിന് സംഘംചേര്‍ന്ന് പള്ളിയില്‍ പോകും. ദീര്‍ഘമായ നിസ്‌കാരം ആവേശത്തോടെ തുടങ്ങിയാലും കാലുകഴക്കുമ്പോള്‍ വേഗം തീര്‍ന്നാല്‍മതിയായിരുന്നൂവെന്ന് കഠിനമായി ആഗ്രഹിച്ചു.
‘വയളുകള്‍'(മതപ്രഭാഷണം) റംസാന്‍ രാത്രികളെ ശബ്ദമുഖരിതമാക്കി. ദൂരെനിന്ന്, രാക്കാറ്റിന്റെ ചിറകാട്ടത്തിനനുസരിച്ച് പ്രത്യേക താളത്തില്‍ അതങ്ങനെ ഏറിയും കുറഞ്ഞും കേള്‍ക്കാം. പള്ളിയോടുചേര്‍ന്ന് മദ്രസ പരിസരത്താണ് പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചത്. രാത്രി നമസ്‌കാരവും കഴിഞ്ഞ് ‘ചീരാകഞ്ഞി’യെന്ന ജീരകക്കഞ്ഞിയും കുടിച്ചാണ് വയളുകേള്‍ക്കാന്‍ കൂട്ടത്തോടെ പോകുന്നത്. മണ്ണിലോ കൂടെക്കൊണ്ടുവന്ന ഓലപ്പായയിലോ ഒക്കെയാണ് ഇരിക്കുന്നത്. രാത്രിചെല്ലുമ്പോള്‍ മണ്ണില്‍നിന്ന് ഒരു കുളിര് അരിച്ചുകേറും. ആകാശത്തുനിന്നും തണുപ്പിന്റെ നേരിയ കയ്യെത്തിത്തൊടും. അങ്ങനെ വയള് പാതിയാകുംമുമ്പേതന്നെ ഉമ്മയുടെ മടിയില്‍ തലവെച്ച് ഉറങ്ങിപ്പോയി.
വയളിനുശേഷം ലേലമുണ്ട്. പള്ളിക്ക് സംഭാവനയായി കിട്ടിയ തേങ്ങയും കോഴിയും പഴവും കോഴിമുട്ടയുമെല്ലാം പണമാക്കാനാണ് ലേലം. അത് വിലക്കുവാങ്ങുന്നത് ഒരു സദ്കര്‍മ്മമായി കരുതി. ലേലംവിളി രസംപിടിക്കുമ്പോള്‍ വിലയും കുതിക്കും. ചിലപ്പോള്‍ ചിലര്‍ ഒരു കോഴിമുട്ടക്കുപോലും നൂറും അതിലധികവും ഉറുപ്പികക്ക് വിളിക്കും. പ്രഭാഷകന്മാര്‍ ലേലവസ്തുവില്‍ ചൊല്ലിപ്പറഞ്ഞൂതി, അത് വാങ്ങുന്നവര്‍ക്ക് പ്രത്യേകം ദൈവാനുഗ്രഹമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കും. അതൊരു തന്ത്രംകൂടിയാണ്. നട്ടപ്പാതിരവരെ വയളും ലേലവും നീണ്ടുനില്‍ക്കും. പിന്നെ നീണ്ട പ്രാര്‍ത്ഥനയോടെ അന്നത്തെ വയള് അവസാനിക്കുമ്പോള്‍ കട്ടപിടിച്ച ഇരുട്ടിലൂടെ ചൂട്ടും കത്തിച്ച് തിരിച്ച് വീടുകളിലേക്ക്. ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തിച്ച് നടത്തുമ്പോള്‍ സ്വപ്നാടനത്തിലെന്നപോലെയാകും യാത്ര. അപ്പോളും വയളവസാനിക്കാത്തിടങ്ങളില്‍നിന്ന് കാറ്റിന്റെ താളത്തിനൊത്ത് ദിക്ക്‌റും സ്വലാത്തും കഷ്ണംമുറിഞ്ഞ് കേള്‍ക്കാം. വന്നൊന്ന്കിടന്ന് ഒന്നുമയങ്ങുമ്പോളേക്കും അത്താഴത്തിനുള്ള സമയവുമായി.
റംദാനിലെ പുണ്യമാക്കപ്പെട്ട ദിവസമാണ് ‘ലൈലത്തുല്‍ ഖദ്ര്‍’. ആയിരം രാവുകളേക്കാള്‍ പുണ്യമുള്ളത്. പക്ഷേ എന്നാണെന്ന് കൃത്യമായറിയില്ല. നോമ്പ് ഇരുപത്തൊന്നുമുതല്‍ ഇരുപത്തിയേഴുവരെയുള്ളതില്‍ ഏതോ ഒരു രാവ്. സ്വതവേ നിഷ്ഠയോടെ പ്രാര്‍ത്ഥിച്ച് അടക്കത്തോടെ കഴിയുമ്പോളും പുണ്യംപെറുന്ന ആ രാവിനായി ഈ ഏഴുനാളുകളും പതിവിലും കരുതലോടെ കഴിച്ചുകൂട്ടി. ‘ഇന്നാഅന്‍സല്‍നാഹു ലൈലത്തുല്‍ ഖദ്ര്‍’എന്ന സൂറത്ത് ഇരുപത്തൊന്ന് പ്രാവശ്യം ഓതണമെന്നാണ്. ഓതിയെന്ന് ഉമ്മയെ ബോധിപ്പിക്കാന്‍ ഇരുന്നും നടന്നുമൊക്കെ ഉറക്കെ ഓതും.
ഇരുപത്തിയേഴാംരാവ്, കാത്തിരുന്ന ദിവസമാണ്. അന്നുതൊട്ട് പെരുന്നാള്‍രാവുവരെ ‘സക്കാത്ത്’ കിട്ടും. മുതിര്‍ന്നവരും ബന്ധുക്കളുമെല്ലാം സക്കാത്ത് തന്നു. സക്കാത്തുകിട്ടിയ തിളങ്ങുന്ന നാണയങ്ങളും ചുളിയാത്ത പുത്തന്‍ നോട്ടുകളും ഇടയ്ക്കിടെ എടുത്ത് എണ്ണിക്കൊണ്ടിരിക്കും; ആര്‍ക്കാണ് കൂടുതല്‍ കിട്ടിയതെന്ന് മത്സരമാണ്.
അവസാന നോമ്പുതുറക്കുമ്പോള്‍, പെരുന്നാളാകുന്നതിന്റെ ആഹ്ലാദത്തോടൊപ്പം നോമ്പ് തീരുന്നതിന്റെ സങ്കടവുമുണ്ട്. വേഗം തീര്‍ന്നുകിട്ടാന്‍ കൊതിച്ചവര്‍ക്കും മനസ്സിലൊരു മൂകവിഷാദം കൂടുവെക്കും. എന്നാലും ഉള്ളിന്റെയുള്ളില്‍ പിന്നെയും പ്രതീക്ഷതന്നെയാണ്. ശവ്വാല്‍പ്പിറവി കണ്ട് പെരുന്നാള്‍ ഉറപ്പിക്കുന്നതോടെ ഇലപൊഴിച്ചുനിന്ന കൊമ്പും ചില്ലയും വേനല്‍മഴയേറ്റ് പൊടുന്നനെ തുരുതുരെ തളിര്‍ക്കുന്നുമ്പോലെ ഒരസ്തമയം കഴിയുമ്പോളേക്ക് ജീവിതം ഒറ്റയടിക്ക് തകിടം മറിഞ്ഞ് ചടുലമാകും.
പുണ്യംപോലും വില്പ്പനച്ചരക്കായ ഒരു കാലത്ത് കൂടുതല്‍ സമൃദ്ധമായി നോമ്പുതുറക്കുകയാണ് നമ്മള്‍. വിപണികളുടെ മത്സരകാലംകൂടിയാണ് നോമ്പുകാലം ചിലപ്പോള്‍. ഇല്ലായ്മകളുടെ ആകുലതകളിലും പോയകാലങ്ങള്‍ നല്കിയ സന്തുഷ്ടിയും സന്തോഷവും അന്യമായിരിക്കുന്നു. അകവും പുറവും സംസ്‌കരിക്കുന്ന ആ നന്മയില്‍നിന്ന് വെറും ആചാരാനുഷ്ഠാനത്തിലേക്ക് മാറിപ്പോയ ഇന്ന് പുതുതലമുറക്കുകിട്ടാതെപോയൊരു കാലം മാത്രമല്ല അത്; ആചാരങ്ങളില്‍മാത്രം അഭിരമിക്കുന്ന, ഉപഭോക്താക്കള്‍ മാത്രമായിത്തീര്‍ന്ന നമുക്കും ഗൃഹാതുരമായ ഓര്‍മ്മകളാണ് ആ കാലമിപ്പോള്‍.

sameeksha-malabarinews

l

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!