ഹംസ കടവത്ത്

പരപ്പനങ്ങാടി : മരിച്ചു പോയവരുടെ ഓര്‍മ്മകള്‍ സൂക്ഷിച്ച് ചരമ ലൈബ്രറി ഉണ്ടാക്കി രാജന്‍. മരിച്ചവരെയല്ലാം ഓര്‍ത്തെടുത്ത് വെക്കാന്‍ ഇതാ പരപ്പനങ്ങാടിയില്‍ ഒരാള്‍ സ്വര്‍ണാഭരണ തൊഴിലാളിയായ പരപ്പനങ്ങാടി പുത്തരി ക്കലിലെ കാട്ടിക്കോലോത്ത് രാജന്റെ ശേഖരത്തിലെ ചരമ പത്ര താളുകളുടെ സൂക്ഷിപ്പ് വിസ്മയകരമാണ്.
തന്റെ പരിചയ വൃത്തത്തിലുള്ളവര്‍ മാത്രമല്ല, സാമൂഹ്യ സേവകരായ പൊതുപ്രവര്‍ത്തകര്‍ , പ്രാദേശികം തൊട്ട് അന്തര്‍ദേശീയ തലങ്ങളില്‍ വരെ വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ വേര്‍പാടുകള്‍, അപകട അത്യാഹിത മരണങ്ങള്‍ തൊട്ട് നൊമ്പരങ്ങളുടെ നേര്‍സാക്ഷ്യങ്ങള്‍ ചരിത്ര രേഖകളായി രാജന്‍ അടക്കി വെച്ചിട്ടുണ്ട്.
മുപ്പത് കൊല്ലത്തോളമായി പത്രത്താളകളില്‍ നിന്നും വെട്ടിയെടുത്ത് ഓര്‍മ്മകളുടെ ആല്‍ബമായി രാജന്റെ ശേഖരത്തില്‍ മരണപ്പെട്ടവര്‍ ഒളിമങ്ങാതെ ജീവിച്ചു വരികയാണ് സംഗീത പ്രിയനായ ഇദ്ദേഹം 1938 മുതല്‍ 1990 വരെയായി ഇറങ്ങിയ മലയാള ചലച്ചിത്രത്തിലെ ഗാനം – ഗാനരചന – സംഗീതം, ഗായകര്‍ , സിനിമ, ഇവ ഇറങ്ങിയ വര്‍ഷം എന്നിവയും ഒന്നൊഴിയാതെ രേഖപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്ര ഗാന രേഖയും പഴയ കാല നോട്ട് – നാണയ ശേഖരവും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്.പ്രശസ്ത സംഗീത സംവിധായകന്‍ ബാബുരാജിനെ നേരിട്ട് കാണാന്‍ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ നിമിഷമായിട്ടാണ് രാജന്‍ ഇപ്പോഴും ഓര്‍ത്തെടുക്കുന്നത്.
പരപ്പനങ്ങാടി കോടതിക്ക് സമീപമുള്ള കടയില്‍ സ്വര്‍ണ്ണ പ്പണി ചെയ്യുന്നതോടൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുത്തരിക്കല്‍ ശാഖയില്‍ ഗോള്‍ഡ് അപ്രൈസ്സര്‍ ജോലിയുമുണ്ട് .




