
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്.
കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണം. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപിനോട് ചേർന്ന് ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.അടുത്ത മണിക്കൂറുകളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കും.മന്നാർ കടലിടുക്കിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ചൊവഴ്ചയോടെ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.നാളെയും 11 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.
തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്ന തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനത്തിൽ, ഒക്ടോബർ 21-ഓടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ മദ്ധ്യഭാഗങ്ങളിലും അതിനോട് ചേർന്ന പടിഞ്ഞാറൻ-മദ്ധ്യ ബംഗാൾ ഉൾക്കടലിലുമുള്ള ഭാഗങ്ങളിലും തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.




