HIGHLIGHTS : Rains are intensifying in the state
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമടക്കം സാധ്യതയുള്ളതിനാലാണ് ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.കോട്ടയം ജില്ലയിലെ മണിമല നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
അറബികടലിലെ ശക്തി കൂടിയ ന്യൂന മര്‍ദ്ദം മഹാരാഷ്ട്ര തീരത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകുന്ന ന്യുന മര്‍ദ്ദം ഞായറാഴ്ചയോടെ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍കടലില്‍ തമിഴ്നാട് തീരത്തിനു സമീപവും, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലും മുകളിലായി രണ്ട് ചക്രവാതചുഴികളും സ്ഥിതിചെയ്യുന്നു. അതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.