മലപ്പുറം: കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക കൃഷിനാശം. നെല്ല്, വാഴ, പച്ചക്കറി ഉള്‍പ്പെടെ 12,696 ഹെക്ടര്‍ കൃഷി വെള്ളം കയറി നശിച്ചു.
ഏകദേശം 7530 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. ജില്ലയുടെ വിവിധയിടങ്ങളിലായി 1528 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു.
വേങ്ങര, പെരുമ്പടപ്പ്, എടപ്പാള്‍, പരപ്പനങ്ങാടി, തിരൂര്‍, മഞ്ചേരി, അങ്ങാടിപ്പുറം എന്നിവിടങ്ങളിലെല്ലാം കൃഷി വ്യാപകമായി നശിച്ചു.
പൊന്നാനി കോള്‍മേഖലയില്‍ 200 ഏക്കര്‍ നെല്‍കൃഷി വെള്ളത്തിലായി. കാഞ്ഞിയൂര്‍, ചിയ്യാനൂര്‍, ഒതളൂര്‍, മാണൂര്‍ കായല്‍ എന്നിവിടങ്ങളിലെ നെല്‍കൃഷിയാണ് വെള്ളം കയറി നശിച്ചത്.
കടലുണ്ടിപ്പുഴയുടെ കൈതോടുകളും ചാലിയാര്‍ തോടും നിറഞ്ഞൊഴുകി വേങ്ങരയിലെ പാടശേഖരങ്ങളില്‍ വെള്ളം കയറി 100 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു.




