Section

malabari-logo-mobile

17 വര്‍ഷം മുമ്പ് കാണാതായ രാഹുലിനെ മുംബൈയില്‍ കണ്ടെന്ന് കത്ത്

HIGHLIGHTS : Rahul, who went missing from Alappuzha 17 years ago, is in Mumbai; Letter from Mumbai after the death of his father

ആലപ്പുഴ: ആലപ്പുഴയില്‍ നിന്ന് 17 വര്‍ഷം മുമ്പ് കാണാതായ രാഹുലിനോട് സാമ്യമുള്ള കുട്ടിയെ കണ്ടെന്ന വെളിപ്പെടുത്തലുമായി ആലപ്പുഴയിലെ വീട്ടിലേക്ക് മുംബൈയില്‍ നിന്ന് കത്ത്. വസുന്ധര ദേവി എന്ന് പേരായ സ്ത്രീയാണ് കത്തയച്ചത്. ശിവജി പാര്‍ക്കില്‍ വെച്ച് താന്‍ കണ്ട കുട്ടിക്ക് രാഹുലുമായി സാമ്യമുണ്ടെന്നാണ് കത്തില്‍ പറയുന്നത്. അച്ഛനെ തിരഞ്ഞ് മുംബൈയിലെത്തിയ വിനയ് എന്ന് പേരുള്ളയാളിനെയാണ് രാഹുല്‍ എന്ന് സംശയിച്ച് വസുന്ധര, ആലപ്പുഴയിലെ കുടുംബത്തിന് കത്തയച്ചത്. വിനയ്‌യുടെ ഫോട്ടോയും കത്തിനൊപ്പം വെച്ചിരുന്നു.

വസുന്ധര ദേവി മാസങ്ങള്‍ക്ക് മുന്‍പാണ് ശിവാജി പാര്‍ക്കില്‍ വിനയിനെ കണ്ടത്. ഏഴാം വയസില്‍ പത്തനംതിട്ടയിലെ അനാഥാലയത്തില്‍ എത്തിയതാണ് താനെന്നും പിതാവിനെ തേടിയാണ് മുംബൈയില്‍ എത്തിയത് എന്നുമാണ് വിനയ് പറഞ്ഞതെന്ന് വസുന്ധര ദേവി കത്തില്‍ പറയുന്നു.

sameeksha-malabarinews

കത്തും ഫോട്ടോയും രാഹുലിന്റെ കുടുംബം ആലപ്പുഴ എസ് പിക്ക് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. രാഹുലിന്റെ 55കാരനായിരുന്ന പിതാവ് രാജുവിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് 17 വര്‍ഷം മുന്‍പ് കാണാതായ മകന്‍ രാഹുലിന്റെ തിരോധാനം വീണ്ടും ചര്‍ച്ചയായത്. ഈ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും ഇതോടെയാണ് താന്‍ കണ്ടത് രാഹുലാണെന്ന് സംശയം തോന്നിയതെന്നും വസുന്ധര ദേവി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2005 മേയ് 18ന് വൈകീട്ട് നാലുമണിയോടെയാണ് വീടിനടുത്തെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന രാഹുലിനെ കാണാതായത്. ആലപ്പുഴ ടൈനി ടോട്‌സ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു രാഹുല്‍ അന്ന്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും സിബിഐയും കേസന്വേഷിച്ചു. പക്ഷേ രാഹുലിനെ കണ്ടെത്താനായില്ല. കേരള പൊലീസ് 19 മാസമാണ് ഈ കേസ് അന്വേഷിച്ചത്. രാഹുല്‍ നിരോധാന കേസില്‍ അയല്‍വാസികളെയുള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.

രാഹുലിനെ കൊന്ന് ചതുപ്പില്‍ തളളിയതായി സമ്മതിച്ച മധ്യവയസ്‌കനായ അയല്‍വാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചതുപ്പില്‍ നിന്നും മൃതദേഹം കണ്ടെത്താനാകാതെ വന്നതോടെ കേസ് കുഴഞ്ഞുമറിഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊഴി വ്യാജവും കെട്ടിച്ചമച്ചതും ആണെന്ന് പോലീസ് കണ്ടെത്തി.

ഒരു നാള്‍ രാഹുല്‍ വീട്ടിലേക്കു കയറി വരുമെന്ന പ്രതീക്ഷ രാജുവിനും കുടുംബത്തിനും ഉണ്ടായിരുന്നു. രാഹുലിനെ കാണാതാകുമ്പോള്‍ പിതാവ് രാജു കുവൈത്തിലായിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളും മറ്റും പിടികൂടി. മകന്റെ തിരോധാനം മാനസികമായി തകര്‍ത്തു. കണ്ണടയ്ക്കും മുമ്പ് മകനെ അവസാനമായി കാണണമെന്ന ആഗ്രഹം ബാക്കിയാണ് രാജു മടങ്ങിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!