അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റിയേക്കും. രാജിവെക്കാന്‍ രാഹുലിനോട് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
അശ്ലീല സന്ദേശ വിവാദത്തില്‍ എഐസിസി ഇടപെട്ടിരുന്നു. ഹൈക്കമാന്‍ഡില്‍ തന്നെ ഒന്നിലേറെ പരാതികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കേരളത്തിലെ നേതാക്കള്‍ തന്നെയാണ് രാഹുലിനെതിരെയുള്ള വിഷയം ഹൈക്കമാന്‍ഡിനെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഒരു യുവനേതാവ് തന്നെ പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് യുവനടിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുകാരനല്ലെങ്കില്‍ അത് തെളിയിക്കണമെന്നാണ് ചര്‍ച്ചയിലെ ആവശ്യം. നിയമപരമായി മുന്നോട്ടു പോകണമെന്ന് ഗ്രൂപ്പില്‍ വനിതാ നേതാവ് സന്ദേശമയച്ചു. അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌നേഹ ഹരിപ്പാട് വാട്‌സാപ്പ് ഗ്രൂപ്പില്‍ ആവശ്യപ്പെട്ടു.
എഴുത്തുകാരി ഹണി ഭാസ്‌ക്കറും രാഹുലില്‍ നിന്ന് നേരിട്ട മോശം അനുഭവം പങ്കുവെച്ചിരുന്നു.




