Section

malabari-logo-mobile

കുട്ടികളുടെ നാടകം ജാതിരാഷ്ട്രീയം പറയേണ്ടതുണ്ടോ.?

HIGHLIGHTS : റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത സ്‌കൂള്‍ കലോത്സവത്തില്‍ ശ്രദ്ധേയമായ ‘പേര്’ എന്ന് നാടകത്തെ കുറിച്ച് വികെ ജോബിഷ് എഴുതുന്നു. വലിയവരുടെ നാട...

റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത സ്‌കൂള്‍ കലോത്സവത്തില്‍ ശ്രദ്ധേയമായ ‘പേര്’ എന്ന് നാടകത്തെ കുറിച്ച് വികെ ജോബിഷ് എഴുതുന്നു.

വലിയവരുടെ നാടകത്തിന് രാഷ്ട്രീയമാകാം. എന്നാല്‍ കുട്ടികളുടെ നാടകത്തിനോ.?
പതിവായുയരുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്
റഫീക്ക് മംഗലശേരി രചനയും സംവിധാനവും നിര്‍വഹിച്ച ‘പേര് ‘. മനുഷ്യരെല്ലാം ഐഡിയോളജികളില്‍ കുടുങ്ങിക്കിടക്കുന്നവരാണ്. പിന്നെ കുട്ടികള്‍ക്ക് മാത്രമായി എങ്ങനെ അതില്‍ നിന്ന് പുറത്തുപോയി നില്‍ക്കാന്‍ പറ്റും. കറുപ്പഴകാണെന്ന് വലിയവരില്‍ച്ചില രാവര്‍ത്തിച്ചാവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടും കറുത്ത / ദളിത് കുട്ടികള്‍ ഇപ്പോഴും അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്താണ്.?
ഈ ചോദ്യമാണ് ഈ നാടകം ഉന്നയിക്കുന്നത്. സവര്‍ണ്ണതയുടെ മാത്രം ജനാധിപത്യത്തില്‍ ബന്ധനസ്ഥരായിക്കിടക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ലെന്നാണ് പേരിലൂടെ കുട്ടികള്‍ വിളിച്ചു പറയുന്നത്. രണ്ടു വിഭാഗം കാണികളോടാണ് ഈ നാടകം സംസാരിക്കുന്നത്. കറുപ്പ് ഒരുവര്‍ണ്ണം മാത്രമാണെന്ന് സംശയമുള്ള നിഷ്‌കളങ്കര്‍ ഇപ്പോഴും നമുക്കിടയില്‍ ബാക്കിയുണ്ട്. അവരോടാണ് ഒന്ന്.
പ്രത്യക്ഷമായ ഹിംസയോ ആക്രമണമോ മാത്രമാണ് ജാതിപീഡനം എന്നു കരുതുന്നവരുണ്ട്. അവരാണ് ഇവിടെ ഇപ്പോഴും ജാതിയുണ്ടോ എന്ന് ചോദിച്ചു കൊണ്ടേയിരിക്കുന്നത്. അവരോടാണ് ഈ നാടകം രണ്ടാമതായി സംസാരിക്കുന്നത്. പീഡിതമായ, അപമാനിതമായ ജാതിജീവിതങ്ങളെ കപടമായി ആദര്‍ശവല്‍ക്കരിച്ചു കൊണ്ട് ഇനിയും നമുക്ക് മുന്നോട്ടു പോകാനാകില്ലെന്ന് പേര് അടിവരയിടുന്നു. അപരിഹാര്യമായിത്തുടരുന്നതും ജാതി ജീവിതങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നതുമായ കീഴാളതയുടെ വിവിധ അടരുകളാണ് കുട്ടികള്‍ പേരിലൂടെ, നാടകത്തിലൂടെ വിടര്‍ത്തിക്കാണിക്കുന്നത്. മാത്രമല്ല ഒപ്പം രണ്ട് പാരമ്പര്യങ്ങളില്‍ നിലീനമായ വര്‍ണ്ണാധികാരങ്ങളെയും അഭിസംബോധന ചെയ്യുന്നുണ്ട്. അരങ്ങിന്റെതും പ്രതിനിധാന യുക്തികളുടേതും. ഈ രണ്ട് പാരമ്പര്യങ്ങളുമായുള്ള സംവാദാത്മകമായ വിനിമയം കൂടിയാണ് പേര്. സൂക്ഷിച്ചു നോക്കിയാല്‍ ഇതുകൂടാതെ അനേക മുനകള്‍ ഇനിയും കാണാം.

sameeksha-malabarinews

പ്ലേ എന്നാല്‍ കളി എന്നാണല്ലോ. ആ അര്‍ത്ഥത്തില്‍ കുട്ടികളുടെ നാടകത്തെക്കുറിച്ചേ പ്ലേ എന്ന് പറയാന്‍ കഴിയൂ. അതായത് ‘തുള്ളുക’ എന്ന അര്‍ത്ഥം വരുന്ന ‘നട്’ എന്ന ധാതുവില്‍ നിന്നാണല്ലോ നാടകമെന്ന വാക്കുണ്ടായത്. അങ്ങനെ മനസിലാക്കി ‘പേരി’ലേക്ക് നോക്കിയാല്‍ ‘പേര് ‘ പൂര്‍ണ്ണമായും കുട്ടികളുടെ തുള്ളലാണ്. തീര്‍ത്തും പൊളിറ്റിക്കലായ തുള്ളല്‍. കാരണം കുട്ടികള്‍ അരങ്ങില്‍ വേഷം മാറി കളിച്ചു കൊണ്ടേയിരിക്കയാണ്. മാത്രമല്ല നാടകം തുടങ്ങി അവസാനിക്കുന്നതു വരെ മിക്ക കഥാപാത്രങ്ങളും സംഭാഷണങ്ങളില്‍ ഭൂരിഭാഗവും ഈ തുള്ളിക്കളികള്‍ക്കിടയിലാണ് പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. എന്നാല്‍ ഈ ‘തുള്ളിക്കളി’യിലൂടെ ചോദ്യം ചെയ്യുന്നതോ ആഴമുള്ള ജാതി ജീവിതത്തിന്റെ സിരാ കേന്ദ്രങ്ങളെയാണ്. സാഹിതീയമായ’ ഔത്കൃഷ്ട്യം’ പ്രകടിപ്പിക്കുന്ന വാക്കുകളിലൂടെയല്ല കുട്ടികള്‍ പേരുമായി അരങ്ങിലാടുന്നത്. മറിച്ച് കുട്ടിത്തം നിറഞ്ഞ നാട്ടുമൊഴിയിലൂടെയാണ്. അതാകട്ടെ പ്രാമാണികവത്കരിക്കപ്പെട്ട സംസ്‌കാരത്തിന്റെ എടുപ്പുകളെയാണ് ആദ്യം തകര്‍ക്കുന്നത്.
ആ എടുപ്പുകള്‍ക്ക് ഇതിഹാസത്തോളം പഴക്കമുണ്ട്. അതിന്റെ ആഴമുള്ള മുഖം അനാവരണം ചെയ്യാന്‍ കുട്ടികള്‍ തന്നെ വേണമെന്ന് അവര്‍ക്കാഗ്രഹിക്കാം. കാരണം ഇതിഹാസത്തിലൊരിടത്ത് വംശത്തിന്റെ പേരില്‍ വൈഭവത്തിന്റെ പെരുവിരല്‍ മുറിച്ചു കൊടുത്തത് ഒരു കുട്ടിയായിരുന്നല്ലോ. ആ ഏകലവ്യന്റെ ചോരയില്‍ നിന്ന് ഇന്നത്തെ തീട്ടപ്പറമ്പില്‍ അഭിയുടെ ജീവിതം വരെ പറയാന്‍ കുട്ടികള്‍ക്കാണ് എളുപ്പം കഴിയുക. ജാതി ജീവിതത്തിന്റെ പ്രിവിലേജുകളെക്കുറിച്ച് വലിയവര്‍ വര്‍ഷങ്ങളായിപ്പറഞ്ഞിട്ടും മനസിലാവാത്തത് കുട്ടികള്‍ ഒറ്റനാടകത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുണ്ട്. അതും ഒരൊറ്റ ‘പേരു’ വിളിയിലൂടെ. ‘ഡാ…തീട്ടപ്പറമ്പിലെ അഭിയേന്ന്…’
ഈ നാടകം കയറിയിറങ്ങുന്ന അരങ്ങിനു മുന്നിലെ കാണികള്‍ ഭാവിയില്‍ ചെറുക്കുന്ന ‘അഭിസംബോധന’കളുടെ അഭാവലോകമാണ് തീര്‍ച്ചയായും ‘പേര് ‘ഭാവന ചെയ്യുന്നത്. ഭാവി ചെയ്യേണ്ടത്.!
അതുകൊണ്ടു തന്നെ പേരിന്റെ പെരുമ സ്‌കൂള്‍ കലോത്സവത്തിന്റെ അരങ്ങില്‍ അവസാനിക്കരുത്. പേരിന്റെ വേര് നാടുനീളെ പടരണം. നാളത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൊന്ന് ‘പേരി’ന്റെ നാട്ടുപ്രദര്‍ശനങ്ങള്‍ കൂടിയാവട്ടെ. കാരണം നാട്ടിന്‍പുറങ്ങളിലാണ് തീവ്രമായി ജാതിയുള്ളത്.അപ്പോഴേ നവോത്ഥാന വഴികളില്‍ പുതുവെളിച്ചമുണ്ടാകൂ.അത് ഇനി കുട്ടികളുണ്ടാക്കട്ടെ.

ഒരു ക്ലബിനകത്തു വെച്ചാണ് ‘പേര് ‘ ആരംഭിക്കുന്നത്.പഴയ കാലത്ത് രാഷ്ട്രീയ നാടകങ്ങളാല്‍ ജനങ്ങളെ ഉദ്ബുദ്ധരാക്കിയ ‘ചെന്താര’ ക്ലബിലേക്ക് കടന്നുവരുന്ന പുതിയ തലമുറയിലെ കുട്ടികള്‍.അവര്‍ മേനോത്തികളും നായന്‍മാരുമൊക്കെയാണ്. സോഷ്യല്‍ മീഡിയകളുടെ അഡിക്റ്റാണവര്‍, പ്രത്യേകിച്ച് ടിക്ക് ടോക്കിന്. ഇപ്പോള്‍ അതില്‍ ‘വൈറലാ’ണ് അവരുടെ കൂട്ടുകാരനും ദളിതനുമായ തീട്ടപ്പറമ്പില്‍ അഭി. അഭിയെക്കുറിച്ചുള്ള അസൂയ കലര്‍ന്ന അവരുടെ സംഭാഷണങ്ങള്‍ക്കിടയിലേക്കാണ് ഇരുപത്തഞ്ച് കൊല്ലത്തോളം അരങ്ങില്‍ നാടകവുമായി നിറഞ്ഞു നിന്ന അരക്കണ്ടി ബാബു കയറി വരുന്നത്. ക്ലബില്‍ പതിച്ചിരുന്ന കെ.ടി.യുടെയും വി.ടി യുടെയും എന്‍.എന്‍ പിള്ളയുടെയും തോപ്പില്‍ ഭാസിയുടെയും ചിത്രങ്ങള്‍ക്കു മുകളില്‍പ്പതിച്ച കുട്ടികളുടെ പുതിയ സോഷ്യല്‍ മീഡിയ താരങ്ങളെക്കണ്ട് അരക്കണ്ടി ബാബു അത്ഭുതപ്പെടുന്നതും തുടര്‍ന്ന് രണ്ട് കാലങ്ങള്‍ തമ്മിലുള്ള അഭിരുചികളുടെ ഏറ്റുമുട്ടലുകളുമാണ് അരങ്ങില്‍ നടക്കുന്നത്.ഇതിനിടയിലേക്കാണ് സോഷ്യല്‍ മീഡിയയുടെ ആരാധനയിലഭിരമിച്ച് അഭിയും കയറി വരുന്നത്. പാട്ടും നാടകവും എഴുത്തും രാഷ്ട്രീയവും ചേര്‍ന്ന് നിര്‍മ്മിച്ച കേരളത്തെക്കുറിച്ചും പുതിയ പകരം വെപ്പുകള്‍ ആ കേരളത്തെ ഇല്ലാതാക്കുമെന്നുമുള്ള ആധി പങ്കുവെക്കുന്ന ‘ഡിപ്ലോമാറ്റി’ക്കാണ് അരക്കണ്ടി ബാബു.
‘ഇപ്പോള്‍ ഡിമാന്റ് കറുപ്പിനാ. അപ്പൊ നമ്മള്‍ കറുപ്പിനൊപ്പം നില്‍ക്കണം’ എന്ന പക്ഷക്കാരനാണയാള്‍.
പക്ഷെ അത് ഡിപ്ലോമാറ്റിക്കായ ചേര്‍ന്നു നില്‍പ്പാണ്. എന്നാല്‍ ദളിത് വിരുദ്ധതയുടെ കാര്യത്തില്‍ ആന്തരികമായി രണ്ടു തലമുറയുടെ പ്രതിനിധികളും ഒരേ രാഷ്ട്രീയമാണ് പങ്കുവെക്കുന്നതെന്ന് അവരുടെ സംഭാഷണങ്ങളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും തുടര്‍ന്ന് നമുക്ക് ബോധ്യമാവും. ഉത്സവത്തിന്റെ പ്രൊമോ കൂടി ചെയ്യുന്നതോടെ ഈ അന്തര്‍ധാര ഓരോന്നായി വെളിവാകുന്നുണ്ട്.ഒപ്പം അരങ്ങിനും ആ വിചാരണയില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയുന്നില്ല.
പഴയ നാടകത്തിന്റെ സെറ്റൊക്കെ തിരിച്ചും മറിച്ചുമിട്ട് ഉത്സവപ്പറമ്പുണ്ടാക്കുകയും അതില്‍ തനിക്കിഷ്ടപ്പെട്ട വേഷങ്ങളില്‍ നിന്നെല്ലാം പുറത്തായി ഒടുവില്‍ കറുപ്പിന്റെ ഉയര്‍ന്ന രൂപമായ കരിയുടെ വേഷം കെട്ടി പതിഞ്ഞ താളത്തില്‍ തുടങ്ങിയ അഭിക്ക് പതിയെപ്പതിയെ ആത്മബോധത്തിന്റെ മദം പൊട്ടുകയാണ്. അതോടെ അധികാരികളുള്‍പ്പെടെ ചുറ്റിലുമുള്ളവരെല്ലാം ഭീരുക്കളായി ഓടിയൊളിക്കുകയാണ്. ഒടുക്കം ഈ സഹ്യന്റെ മകന്‍ ഇതിഹാസത്തില്‍ നിന്ന് തുടങ്ങി സമകാലിത വരെ പടര്‍ന്നു പിടിച്ച സവര്‍ണ്ണതയുടെ ഭിന്നങ്ങളായ അധികാരങ്ങളെയെല്ലാം പ്രതീകാത്മകമായി ചോദ്യം ചെയ്യുകയാണ്.
അതിനൊരു ഉപാധിയായി ഉത്സവപ്പറമ്പില്‍ കുരുക്ഷേത്ര തിയറ്ററിന്റെ ‘ഭക്തവത്സലന്‍’ എന്ന മറ്റൊരു നാടകത്തെയും സംവിധായകന്‍ കൊണ്ടുവരുന്നുണ്ട്. അതിലൂടെ ദൈവം, മതം, രാഷ്ട്രീയം, സംസ്‌കാരം, കല തുടങ്ങി സര്‍വതിനെയും ആ ഉത്സവപ്പറമ്പില്‍ വെച്ച് ചോദ്യം ചെയ്ത് ഒടുവില്‍ തന്റെയും തന്റെ പൂര്‍വഗാമികളുടെയും ചരിത്രം ആത്മഗതത്തിലൂടെ വിടര്‍ത്തി അരങ്ങില്‍ നിന്ന് തീട്ടപ്പറമ്പില്‍ അഭിയായിത്തന്നെ പിന്‍വാങ്ങുകയാണ്. സങ്കല്‍പ്പത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുണരുന്ന കൊമ്പന്‍ കറുത്ത കുട്ടിയായിത്തന്നെ അരങ്ങില്‍ നില്‍ക്കുന്നു.!
അപ്പോള്‍ അഭി ഇങ്ങനെ കൂടി പറയുന്നുണ്ട്

‘നിങ്ങളെന്താച്ചാ…. വിളിച്ചോളി….
അഭിന്നോ.. ,തീട്ടഭീന്നോ….,കീരി അയ്യപ്പന്‍ന്നോ…., കാക്ക സുമതീന്നോ എന്താച്ചാ വിളിച്ചോളീ….
എനിക്കൊരു പരാതിയുമില്ല….
പക്ഷെ ഞാനൊരു പത്ത് നിമിഷം നിങ്ങളെ പിന്നാലെ ആനയായി മദമിളകി ഓടിയപ്പോള്‍… നിങ്ങളൊക്കെ എത്ര അനുഭവിച്ച്…..
അപ്പൊ ഞങ്ങളൊക്കെ എത്ര കാലായി അനുഭവിക്ക്ണ്.’
അതെ വാക്കാണ് ഈ നാടകത്തിന്റെ രാഷ്ട്രീയം. ജീവിതത്തിന്റെ അരങ്ങില്‍ ദളിതുകള്‍ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന അടിച്ചമര്‍ത്തലിന്റെ രാഷ്ട്രീയം. അതായത് അക്കാലം പോയ്മറഞ്ഞെന്നാലും പോയ് മറഞ്ഞില്ലെന്ന് പേര്. എന്തായാലും ഇനി നമുക്ക് അരക്കണ്ടി ബാബുവിനെപ്പോലെ ഡിപ്ലോമാറ്റിക്കാകാന്‍, ഒളിച്ചുകളിക്കാന്‍ കഴിയില്ലെന്ന്.!

ജാതിയെന്ന ഒരു കാര്യം എല്ലാവര്‍ക്കും അറിയാം.പക്ഷെ അതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയാന്‍ പാടില്ല. നവോത്ഥാനാനന്തരവും കേരളത്തിലും അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അഭിയുടെ അച്ഛനുമമ്മയ്ക്കും കീരി അയ്യപ്പനെന്നും കാക്ക സുമതിയെന്നും പേര് ചാര്‍ത്തിക്കിട്ടിയത് അരങ്ങില്‍ നിന്നു തന്നെയാണ്. ഇപ്പോള്‍ അവരുടെ മകന് ആന അഭിയെന്ന് ചാര്‍ത്തിക്കൊടുക്കാനൊരുങ്ങിയതും ആ പഴയ ‘ചെന്താര’ യുടെ അരങ്ങു തന്നെ. ഒരര്‍ത്ഥത്തില്‍ തീട്ടമബി എന്ന പേരില്‍ നിന്ന് ആന അഭി എന്ന സ്ഥാനക്കയറ്റത്തിന് സൗകര്യം ചെയ്തു കൊടുക്കുകയാണെന്ന് അഭിയുടെ സുഹൃത്ത് അനുശ്രീ പറയുന്നുണ്ട്.!
സവര്‍ണ്ണസംസ്‌കാരം അടിച്ചേല്‍പ്പിച്ച പ്രതിനിധാനബോധ്യങ്ങളെ നമ്മുടെ അരങ്ങിനും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം കൂടി ‘പേര് ‘ ഉന്നയിക്കുന്നുണ്ട്. വലിയവര്‍ കയ്യടി നേടി ആടിത്തീര്‍ത്ത നാടകങ്ങളെ വിചാരണ ചെയ്തു കൊണ്ട് കുട്ടികള്‍ അരങ്ങിന്റെ ഭൂതകാലത്തിലേക്ക് നോക്കുന്നത് അതുകൊണ്ടാണ്. ഒരു കാലത്ത് സവര്‍ണ്ണതയ്ക്ക് ഒളിക്കാനുള്ള ഇടം കൂടിയായിരുന്നു നമ്മുടെ കലകളും കളികളും. പ്രത്യേകിച്ച് ക്ഷേത്ര കേന്ദ്രീകൃതമായ അരങ്ങ് എന്ന സൂചനയും തരുന്നുണ്ട്. ഇതില്‍ ആനയ്ക്ക് മദം പൊട്ടിയപ്പോള്‍ ആളുകള്‍ പലയിടങ്ങളിലേക്ക് ചിതറുന്നുണ്ട്. അപ്പോള്‍ പശ്ചാത്തലത്തില്‍ നിന്നും വരുന്ന മൈക്ക് അനൗണ്‍സ്‌മെന്റ് ശ്രദ്ധിച്ചാല്‍ ഈ കാര്യം മനസിലാവും. അതിങ്ങനെയാണ് ‘ആദിപരാശക്തി കുടിയിരിക്കുന്ന ആല്‍ത്തറയോട് ചേര്‍ന്നിരിക്കുന്ന നാടക വേദിയിലേക്ക് ആന ഒരിക്കലും പാഞ്ഞുകയറില്ല. അമ്മേ ശരണം ദേവി ശരണം. ഭക്തജനങ്ങളെല്ലാവരും നാടക വേദിയിലേക്ക് ചെല്ലുക’.
അതെ. പോയകാല നമ്മുടെ അരങ്ങിലേക്ക് തിരിഞ്ഞു നോക്കാന്‍ കൂടിയുള്ള ആഹ്വാനമാണത്.അങ്ങനെ നോക്കിയാല്‍ കാണുന്ന അനേകം വൈരുദ്ധ്യങ്ങളുണ്ട്. ആ അരങ്ങിനെയാണ് ചുരുക്കത്തില്‍ ഒന്‍പതിലും പത്തിലുമൊക്കെ പഠിക്കുന്ന കുട്ടികള്‍ ജാതി രാഷ്ട്രീയം പറയാന്‍ ഉപയോഗിച്ചത്. ഇനിയും ചിലര്‍ക്ക് സംശയമുണ്ടാകാം. കുട്ടികളുടെ നാടകങ്ങള്‍ ഇത്രത്തോളം സൂക്ഷ്മമാകേണ്ടതുണ്ടോ.ഉണ്ട്. കാരണം പത്താം ക്ലാസില്‍ അവര്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ ‘അക്കര്‍ മാശി’ പഠിക്കുന്നുണ്ട്. എങ്കില്‍ ആ കുട്ടികള്‍ക്ക് അരങ്ങില്‍ ജാതിയുടെ രാഷ്ട്രീയം പറയാം. പേര് അതിനൊരു ബലമാകട്ടെ.

അരങ്ങിനെ ഒരേ സമയം പ്രതിരോധത്തിന്റെയും സൗന്ദര്യാനുഭവങ്ങളുടെയും ഇടമാക്കി മാറ്റാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അരങ്ങിന്റെ ഭാഷ ദൃശ്യ ശ്രാവ്യബിംബങ്ങളുടെ സൗന്ദര്യപരമായ സമ്മേളനത്തിലൂടെയും കൂടിയാണ് സാധ്യമാവുകയെന്നും പേര് തെളിയിക്കുന്നു. കുട്ടികളുടെ വര്‍ണ ലോകവുമായി ആഴത്തില്‍ ചേര്‍ന്നു നില്‍ക്കുന്ന ആഹാര്യമാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്.ഏറ്റവും ആധുനികോത്തരരായി ജീവിക്കുന്നവരില്‍ത്തുടങ്ങി ഉത്സവത്തിന്റെ ദൃശ്യപ്പൊലിമയിലൂടെ നീങ്ങി പഴയ രംഗ പാരമ്പര്യത്തിന്റെ വേഷപ്പകര്‍ച്ചകളിലേക്കെത്തുന്നതോടെ അഭിനയത്തിന്റെയും ആഹാര്യത്തിന്റെയും വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ തീര്‍ക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഈ ഏകാങ്കത്തിലെ അംഗചലനങ്ങളുടെ ചടുല വേഗങ്ങളും എടുത്തു പറയേണ്ടതാണ്. കാരണം ഇത് കളിയാണ്. കുട്ടികളുടെ കളി.ആ ബോധ്യം നാടകത്തിന്റെ തുടക്കം മുതല്‍ അന്ത്യം വരെ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മിക്കവാറുമെല്ലാ സന്ദര്‍ഭങ്ങളിലും കുട്ടികള്‍ ഒരുമിച്ച് രംഗത്തുണ്ട്. ഒറ്റയ്ക്കു നിന്നാല്‍ ഒറ്റയ്ക്കായിപ്പോകുമെന്ന് ആന്തരികമായി മറ്റൊരു ധ്വനി. മാത്രമല്ല കൂട്ടത്തിലൊറ്റയ്ക്കായിപ്പോയവനെ ചേര്‍ത്തു പിടിച്ച് പുതിയൊരു മൂല്യബോധത്തിലേക്ക് അവസാനം കുട്ടികളെല്ലാം ഉയരുകയും ചെയ്യുന്നുണ്ടല്ലോ.

അവസാനമായി ഇത്രയും കൂടി. റഫീക്ക് കുട്ടികളുടെ നാടകവേദിയില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നാലോചിച്ചപ്പോള്‍ ഒരിക്കല്‍ ബര്‍ടോള്‍ഡ് ബ്രഹ്ത് ലൂത്ത് ഓട്ടോയോട് പറഞ്ഞ കാര്യമാണോര്‍ത്തത്.
‘നാടകത്തിന്റെ മുഖ്യവിഷയം മനുഷ്യര്‍ തമ്മില്‍ നിലനില്‍ക്കുന്ന ബന്ധങ്ങളായിരിക്കണം.പ്രാഥമികമായി ഞാന്‍ അവ കണ്ടെത്തുകയും അതാവിഷ്‌കരിക്കാനുളള ഉപാധികള്‍ക്കായി ശ്രമിക്കുകയും ചെയ്യുന്നു. ഏതുതരം മാറ്റങ്ങളാണ് മനുഷ്യരാശിക്ക് പ്രയോജനകരമെന്നു കണ്ടുപിടിച്ച് അവയെ ഞാന്‍ അടിവരയിട്ട് ജനങ്ങള്‍ക്ക് മുന്‍പാകെ എത്തിക്കുന്നു’. നാടകവുമായി ബന്ധപ്പെട്ട് ബ്രഹ്തിന്റെ ഈ ചിന്തകള്‍ തന്നെയാണ് റഫീക്ക് മംഗലശേരിയും മലയാളത്തിന്റെ അരങ്ങില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നാടകം തീരുമ്പോള്‍ കാണികള്‍ തമ്മിലുള്ള ബന്ധങ്ങളാണ് മാറുന്നത്. തിയറ്ററിനു നിര്‍വഹിക്കാവുന്ന ബോധന ദൗത്യത്തെക്കുറിച്ചും സമൂഹം കൊണ്ടു നടക്കുന്ന യാഥാസ്ഥിതികത്വത്തെക്കുറിച്ചും നന്നായറിയാവുന്ന ഒരാള്‍ക്ക് മാത്രമറിയാവുന്ന തിയറ്ററാണ് റഫീക്കിന്റേതെന്ന് ഉറപ്പിച്ചു പറയാം. റഫീക്കിന്റെ മുന്‍ നാടകങ്ങളെല്ലാം അതിനുദാഹരണം തന്നെ.
കഴിഞ്ഞ വര്‍ഷം റഫീക്ക് തുറക്കുകയും അധികാരികള്‍ അടച്ചു വെക്കുകയും ചെയ്ത ‘കിത്താബ്’ ചരിത്രത്തിലുണ്ട്. ആ കുട്ടികളില്‍ ചിലരാണ് പേരുമായി ഈ വര്‍ഷം അരങ്ങിലെത്തിയത്. കിതാബ് മതമാണെങ്കില്‍ പേര് ജാതിയാണ്. രണ്ടും ഇപ്പോഴും നമുക്കിടയിലുണ്ട്.

‘കറുപ്പൊരു നിറമല്ല
സഹിച്ചതൊക്കെയും
തഴമ്പിച്ചതാണത്.
വെളുപ്പൊരു നിറം തന്നെ
ചെയ്തതിനെ ഓര്‍ത്ത്
തൊലിയുരിയുമ്പോള്‍
വെളിപ്പെടുന്നത് ‘

വീരാന്‍ കുട്ടി കവിതയിലെഴുതിയത് റഫീക്കും കുട്ടികളും അരങ്ങില്‍ കാണിച്ചു തന്നു. നന്ദി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!