ദോഹ: അല്‍ ഗാനിം ബസ് സ്റ്റേഷനിലെ വെയിറ്റിംഗ് ഷെഡിലേക്ക് ബസ് പാഞ്ഞുകയറി മരിച്ച എല്ലാവരേയും തിരിച്ചറിഞ്ഞു. ഇന്ത്യക്കാരായ റായ് ബറേലി സ്വദേശി ഖാന്‍ മുഹമ്മദ് മുബീന്‍ (33), ലഖ്‌നോ സ്വദേശി ജെയ്‌സ്വാള്‍ സഞ്ജയ് കുമാര്‍ (35) എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. അകാസാര്‍ ബറാബെ അരാറ്റോ (50), മരേഷ്യ മെന്‍ഡോസ തനായിഡ് (30) എന്നിവരാണ് മരിച്ച ഫിലിപ്പിനോ സ്വദേശികള്‍. ഇന്ത്യക്കാര്‍ രണ്ടുപേരും ഒരേ കമ്പനിയിലെ തൊഴിലാളികളാണ്. ഇന്ത്യക്കാര്‍ മരിച്ച വിവരം ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും എംബസി അധികൃതര്‍ ഇക്കാര്യത്തില്‍ ആവശ്യമായýവിധത്തില്‍ ഇടപെട്ടില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചക്ക് 12.20ഓടെയാണ് കര്‍ത്തിയാത്തിലേക്ക് പോകുന്ന 156-ാം നമ്പര്‍ ബസ് നിയന്ത്രണംവിട്ട് വെയിറ്റിംഗ് ഷെഡിനു മുമ്പില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് നിര്‍മിത ബാരിക്കേഡ് തകര്‍ത്ത് ഷെഡും കടന്ന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന അല്‍മില്ല്യണിന്റെ രണ്ടു ടാക്‌സി കാറുകളില്‍ ഇടിച്ചു നിന്നത്.
ബസ് ഓടിച്ചിരുന്ന നേപ്പാളി ഡ്രൈവര്‍ ബ്രേക്കിന് പകരം ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്.
ഗറാഫയില്‍ നിന്നെത്തിയ ബസ് യാത്രക്കാരെ ടെര്‍മിനലിന്റെ മറ്റൊരു ഭാഗത്ത് ഇറക്കിയ ശേഷം റിട്ടേണ്‍ ട്രിപ്പിനായി യാത്രക്കാരെ കയറ്റുന്നതിന് ബേയിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.



