ഖത്തര്‍ വേള്‍ഡ് കപ്പ് ജനറേഷന്‍ അമേസിംങ്: കോച്ചിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ജനറേഷന്‍ അമേസിംഗ് മലപ്പുറം ജില്ലയിലെ ആദ്യ കോച്ചിംഗ് സെന്റെര്‍ വെറ്റിലപ്പാറ ഗവണ്‍മെന്റ് ഹൈസ്‌കൂളിലും ആരംഭിച്ചു. ഖത്തര്‍ വേള്‍ഡ് കപ്പ് നടത്തിപ്പുകാരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ നിര്‍ദ്ദേശാനുസരണം ഗോതമ്പറോഡ് തണല്‍ ജി.എ ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മോഹന്‍ദാസ് പന്ത് തട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

ഖത്തര്‍ ഗവണ്‍മെന്റിന്റെ അതിഥിയായി റഷ്യന്‍ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനവസരം ലഭിച്ച ജനറേഷന്‍ അമേസിംഗ് വര്‍ക്കേഴ്‌സ് അംബാസിഡറായ സാദിഖ് റഹ്മാന്‍ സി.പി പരിശീലനത്തിന് നേതൃത്വം നല്‍കി. ഫുട്ബാളിലൂടെ വിദ്യാര്‍ഥികളില്‍ നന്മയും സാമൂഹികക്ഷമതയും വര്‍ധിപ്പിച്ച് ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കലാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട 25 ആണ്‍കുട്ടികള്‍ക്കും 15 പെണ്‍കുട്ടികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.
പി.ടി.എ പ്രസിഡന്റ് സുബ്രഹ്മണ്യന്‍, ചാലില്‍ അബ്ദുമാസ്റ്റര്‍, അബ്ദുല്‍ മുനീബ്, ഉസ്മാന്‍ പാറക്കല്‍ എന്നിവര്‍ സംസാരിച്ചു.
കോച്ചിംഗ് സെന്ററിലേക്കുള്ള ബാളും ടീഷര്‍ട്ടും സി.പി സാദിഖ് റഹ്മാന്‍ വിതരണം ചെയ്തു. സ്‌കൂളിനുള്ള ജനറേഷന്‍ അമേസിംഗിന്റെ ഉപഹാരം പരിസ്ഥിതി സൗഹൃദ ഇക്കോബാഗ് ഗോതമ്പറോഡ് തണല്‍ ജി.എ കോഡിനേറ്റര്‍ സാലിം ജീറോഡ് സീനിയര്‍ അസിസ്‌ററന്റ് സി. സാദിഖലിക്ക് സമ്മാനിച്ചു. റോജന്‍ പി.ജെ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു. കോച്ചുമാരായ അലി അക്ബര്‍, ശ്രീജ, ജിനീഷ്, അന്‍സില്‍റഹ്മാന്‍, അഫി, അഫ്‌ലഹ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles