കച്ചവടക്കാര്‍ക്ക്‌ ആശ്വാസമായി ഖത്തറില്‍ ഒരുവര്‍ഷത്തേക്ക്‌ കട വാടക വര്‍ധനയില്ല

Untitled-1 copyദോഹ: വിലക്കയറ്റത്തെ തുടര്‍ന്ന്‌ കഷ്ടതിയിലായ പ്രവാസികള്‍ക്ക്‌ ആശ്വാസമായി ഒരു വര്‍ഷത്തേക്ക്‌ കട വാടക വര്‍ധിപ്പിക്കേണ്ടതില്ലെന്ന്‌ മന്ത്രിസഭാ യോഗതതില്‍ തീരുമാനമായി. കടകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വാടക അടുത്ത ഫെബ്രുവരിവരെ വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ്‌ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്‌. രാജ്യത്ത്‌ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും ചെറുകിട കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ വാടക കുതിച്ചുയരുകയാണെന്ന പരാതി ശക്തമാകുന്നതിനിടയിലാണ്‌ വര്‍ഷാവര്‍ഷമുള്ള വാടക വര്‍ധന താല്‍കാലികമായി പിടിച്ചു നിര്‍ത്താന്‍ മന്ത്രിസഭ ഇടപെട്ടത്‌.

വാടകയലുണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവിനെ കുറിച്ച്‌ ഉപദേശക സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ചചെയ്‌ത ശേഷമാണ്‌ മന്ത്രിസഭ പുതിയ തീരുമാനം അറിയിച്ചത്‌. ഇതനുസരിച്ച്‌ ഒറ്റയായ കടകള്‍ക്കും മാളുകളിലും മറ്റ്‌ വ്യാപാര സമുച്ചയങ്ങളിലും പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും 2017 പകുതിവരെ വാടക വര്‍ധിപ്പിക്കരുതെന്നാണ്‌ നിര്‍ദേശം. വാടകക്കരാറിന്റെ കാലാവധി നിലവിലുള്ള വാടകയില്‍ തന്നെ ഒരു വര്‍ഷം കൂടി തുടരാനും അനുവദിച്ചിട്ടുണ്ട്‌.

2008 ലെ നാലാം നമ്പര്‍ നിയമം വ്യവസ്ഥ ചെയ്യുന്നത്‌ പ്രകാരം ഉടമകള്‍ക്ക്‌ പ്രതിവര്‍ഷം വാടകയില്‍ നിശ്ചിത ശതമാനം വര്‍ധന വരുത്താനുള്ള അവകാശമാണ്‌ താല്‍കാലികമായി റദ്ദ്‌ ചെയ്‌തത്‌.