ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം പിന്‍ വിലിക്കുന്നു

ദോഹ: ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുന്നു. ഇക്കാര്യത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ ചര്‍ച്ചതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിദേശ യാത്ര തുടങ്ങിയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഘട്ടം ഘട്ടമായി ഉപരോധം പിന്‍വലിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ബിന്‍ സല്‍മാന്‍ ഈജിപ്ത്, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഖത്തര്‍ ഉപരോധം പ്രധാന വിഷയമാകുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യഘട്ടത്തില്‍ ഖത്തറില്‍ നിന്ന് സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രാ തടസങ്ങള്‍ നീക്കുമെന്നാണ് സൂചന. ഖത്തറിനെതിരെ ഉപരോധം അവസാനിപ്പിക്കണമെന്ന് ബ്രിട്ടണും അമേരിക്കയും സൗദി സഖ്യത്തോട് ആവശ്യപ്പെട്ടിരുന്നു.

മെയ് മാസത്തില്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന ക്യാംപ് ഡേവിഡ് ഉച്ചകോടിയില്‍ അമേരിക്കയും ജിസിസി രാജ്യങ്ങളുമാണ് പങ്കെടുക്കുക. എന്നാല്‍ ഖത്തറിനെതിരെ ഉപരോധം തുടരുകയാണെങ്കില്‍ ഉച്ചകോടി നടക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ സമാധാന ശ്രമം വീണ്ടും ആരംഭിച്ചിട്ടുണ്ട്.

അതെസമയം ഉപരോധം പൂര്‍ണമായി ഒഴിവാക്കാന്‍ ഇപ്പോള്‍ തീരുമാനമില്ലെന്നാണ് അറിയുന്നത്. സൗദി അറേബ്യന്‍ സഖ്യം ഉന്നയിക്കുന്ന നിബന്ധനകള്‍ ഖത്തര്‍ പാലിച്ചാല്‍ മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നാണ് നേതാക്കളുടെ നിലപാടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top