ദോഹ: രാജ്യത്ത് ജനുവരി ഒന്നുമുതല്‍ ടെലികമ്മ്യൂണിക്കേഷന്‍ നിരക്കുകള്‍ പുതുക്കുന്നു. പുതുക്കി നിശ്ചയിക്കുന്നതിനുള്ള റീട്ടെയില്‍ താരിഫ് ഇന്‍സ്ട്രക്ഷന്‍ (ആര്‍ടിഐ) കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (സിആര്‍എ)പ്രഖ്യാപിച്ചുകഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്ന് കാരണത്താലാണ് ഇത്തരമൊരു നീക്കമെന്ന് സിആര്‍എ പ്രസിഡണ്ട് മുഹമ്മദലി അല്‍ മന്നായി വ്യക്തമാക്കി.
ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന ആര്‍ടിഐ അനുസരിച്ചായിരിക്കണം ടെലികോം സേവനദാതാക്കള്‍ പുതിയ നിരക്കുകള്‍ നിശ്ചയിക്കേണ്ടത്. ഇതുപ്രകാരം വിവിധ ഉപഭോക്തൃ വിഭാഗങ്ങള്‍ക്ക് യോജിക്കുന്ന തരത്തില്‍ നിരക്കുകള്‍ നിശ്ചയിക്കാന്‍ സാധിക്കും.
പുതുക്കിയ നിരക്കുകള്‍ സേവനദാതാക്കള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. പുതിയ ആര്‍ടിഐ നിയമാനുസൃതമല്ലാത്ത നിരക്കുകള്‍ ഉപഭോക്താക്കള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ഇത് തടയുകയും ചെയ്യും. ജനുവരി ഒന്നുമുതല്‍ നാലുമാസത്തിനുള്ളില്‍ നിയമാനുസൃതമല്ലാത്ത എല്ലാ നിരക്കുകളും സേവനദാതാക്കള്‍ ഒഴിവാക്കണമെന്നും ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്.




