ഖത്തറില്‍ നാടുകടത്തല്‍ കേന്ദ്രത്തിലുള്ളത് 115 പ്രവാസികള്‍; സെന്‍ട്രല്‍ ജയിലില്‍ 189 പേര്‍

ദോഹ: രാജ്യത്തെ നാടുകടത്തല്‍ കേന്ദ്രത്തിലും തടവിലും കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. സെന്‍ട്രല്‍ ജയിലില്‍ ജൂലായില്‍ 177 പേര്‍ ആയിരുന്നത് ആഗസ്റ്റില്‍ 189 പേരായി ഉയര്‍ന്നു. നാടുകടത്തല്‍ കേന്ദ്രത്തില്‍ 96 പേരായിരുന്നവര്‍ 115 പേരായും വര്‍ധിച്ചു. ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൗസിലാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്.

ജയിലിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ തിരക്കാനായി എംബസിയില്‍ നിന്നുള്ള സംഘം ഇരുസ്ഥലങ്ങളും സന്ദര്‍ശിച്ചതായും എംബസി അധികൃതര്‍ അറിയിച്ചു. ജനുവരി മുതല്‍ ഓഗസ്റ്റ് വരെ നടത്തിയ എട്ട് പ്രതിമാസ ഓപ്പണ്‍ ഹൗസുകളിലായി 42 പരാതികളാണ് ലഭിച്ചത്. സ്ഥാനപതി പി.കുമാരന്റെ സാന്നിധ്യത്തില്‍ നടത്തിയ ഓപ്പണ്‍ ഹൗസുകളില്‍ തൊഴിലാളികള്‍ നേരിട്ടാണ് പരാതികള്‍ നല്‍കിയത്. ലഭിച്ച പരാതികളില്‍ 14 എണ്ണം പരിഹാര നടപടികളിലാണ്, 28 എണ്ണമാണ് പരിഹരിക്കപ്പെട്ടത്.

നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനായി 43 അടിയന്തര സര്‍ട്ടിഫിക്കറ്റുകളും ഓഗസ്റ്റില്‍ വിതരണം നടത്തി. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന 23 പേര്‍ക്ക് വിമാന ടിക്കറ്റും വിതരണം ചെയ്തു.

ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ സ്ഥാനപതിയെ കൂടാതെ തേഡ് സെക്രട്ടറി എം അലീം, ഐ.സി.ബി.എഫ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Share news
error: Content is protected !!
Scroll to Top