പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചയ്ക്ക് ഖത്തര്‍ തയ്യാറെന്ന് കുവൈത്ത്

ഇപ്പോള്‍ നിലനില്‍ക്കുന്ന നയതന്ത്ര പ്രതിസന്ധി പഹരിക്കാന്‍ ഖത്തര്‍ സന്നദ്ധമാണെന്ന് കുവൈത്ത്. പ്രതിസന്ധി ആറാംദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിന് ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചിരിക്കുന്നത്.

കുവൈത്ത് അമീറിന്റെ നേതൃത്വത്തിലാണ് മധ്യസ്ഥ ശ്രമങ്ങള്‍ നടന്നു വരുന്നത്. തങ്ങളുടെ സഹോദരങ്ങളുടെ പ്രശ്‌നത്തിന്റെ യാഥാര്‍ത്ഥ്യം എന്താണെന്നറിയുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും നില നിര്‍ത്തുന്നതിനുമുള്ള മഹത്തായ ലക്ഷ്യം കണക്കിലെടുത്ത് കൊണ്ടും വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഖത്തറിലെ സഹോദരങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണു കുവൈത്ത് വിദേശ കാര്യ മന്ത്രി പറഞ്ഞിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ ചട്ടകൂട്ടില്‍ നിന്നു കൊണ്ട് പ്രശ്‌നം പരിഹരിക്കുവാനുള്ള അനിവാര്യതക്ക് കുവൈത്ത് ഊന്നല്‍ നല്‍കുന്നതായും വിദേശമന്ത്രി അറിയിച്ചു.

ഈ വിഷയത്തില്‍ കുവൈത്ത് സ്വീകരിച്ചുവരുന്ന മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നും സഹോദര രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകളിലേക്ക് നയിച്ച കാരണങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദേഹം വ്യക്തമാക്കി.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു എന്ന് ആരോപിച്ചാണ് സൗദി,യുഎഇ,ബഹ്‌റൈന്‍,എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്.

അതെസമയം വിഷയത്തില്‍ നിഷ്പക്ഷതപുലര്‍ത്തുന്ന കുവൈത്തിന്റെ നേതൃത്വത്തിലാണ് മധ്യസ്ഥ ശ്രമങ്ങള്‍ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി കുവൈത്ത് അമീര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് സൗദി,യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമ്മദ് അല്‍ താനിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണിപ്പോള്‍ ആദ്യമായി വിഷയത്തില്‍ ഖത്തര്‍ മധ്യസ്ഥത ചര്‍ച്ചകള്‍ക്ക് തയ്യാറെണന്ന കുവൈത്ത് വിദേശ കാര്യ മന്ത്രിയുടെ പ്രസ്ഥാവന പുറത്തുവന്നിരിക്കുന്നത്.

പ്രശ്‌ന പരിഹാരത്തിനായി അറബ് ലീഗ് തിങ്കളാഴ്ച അടിയന്തിരമായി യോഗം ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അറബ് ലീഗ് സമ്മേളനത്തില്‍ വെച്ച് ഉണ്ടാവുന്ന ധാരണകള്‍ പ്രകാരം ഉടന്‍ തന്നെ ജി.സി.സി യോഗം ചേരുമെന്നുമാണ് സൂചന.