ഖത്തറില്‍ അയക്കൂറ മീന്‍പിടിക്കാന്‍ വിലക്ക്

ദോഹ: രാജ്യത്ത് അയക്കൂറ(കിങ് ഫിഷ്) ഇനത്തില്‍പ്പെട്ട കന്‍ആദ് മീന്‍ പിടിക്കുന്നതിന് വിലക്ക്. നഗരസഭ പരിസ്ഥിതി മന്ത്രാലയമാണ് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 വരെ രണ്ട് മാസത്തേക്ക് മാത്രമാണ്.

ഈ കാലയളവില്‍ വല ഉപയോഗിച്ച് അയക്കൂറ പിടിക്കാന്‍പാടില്ല. എന്നാല്‍ ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കാന്‍ അനുമതിയുണ്ട്. മന്ത്രാലയത്തിന്റെ ഫിഷറീസ് വകുപ്പാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.പ്രജനനകാലത്ത് മീന്‍പിടിക്കുന്നത് മീനുകളുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്നതിനാലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നിരോധിതകാലയളവില്‍ കന്‍ആദ് മീന്‍ കച്ചവടം നടത്തുന്നതിനും അനുമതിയില്ല. നിരോധിച്ച മത്സ്യത്തെ പിടിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ശക്തമായ പരിശോധനയും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.