പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തീരുമാനം തൃണമൂല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍

HIGHLIGHTS : PV Anwar to contest from Nilambur; decision taken at Trinamool state secretariat meeting

cite

മലപ്പുറം: നിലമ്പൂരില്‍ നിന്നും പി വി അന്‍വര്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇന്നലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗമാണ് പി വി അന്‍വറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ന് ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രഖ്യാപനം. യുഡിഎഫ് അവഗണിച്ചുവെന്ന പൊതുവികാരമാണ് തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറിയേറ്റില്‍ ഉണ്ടായത്. ഇനി യുഡിഎഫ് നേതൃത്വം മുന്‍കൈ എടുത്ത് ചര്‍ച്ച നടത്തി തൃണമൂല്‍ കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കാന്‍ തീരുമാനിച്ചാല്‍ മാത്രം മത്സരിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചാല്‍ മതിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.

മത്സരിക്കണോ വേണ്ടയോ എന്ന് നാളത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം തീരുമാനിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ചില ആളുകള്‍ക്ക് ദുഷ്ടമായ ചിന്തകളുണ്ട്. ഇനി ഒരു അബദ്ധത്തില്‍ പോയി ചാടരുത് എന്നാണ് ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലെ പൊതു ആലോചന. ഇനി ഒളിച്ചിരുന്നുളള ഒരു ചര്‍ച്ചയ്ക്ക് തയ്യാറല്ല. ഇനി കാര്യങ്ങള്‍ പരസ്യമായി പറയണം. രാഷ്ട്രീയം പൊതുവായതാണല്ലോ. ഇതുവരെയുളള ചര്‍ച്ചകള്‍ സ്വകാര്യതയിലായിരുന്നു. അതൊരു വിശ്വാസത്തിന്റെ പുറത്തായിരുന്നു. ആ വിശ്വാസ്യത നഷ്ടപ്പെട്ടു. ഇനി പൊതുസമൂഹം കൂടി അറിഞ്ഞിട്ടുളള ചര്‍ച്ചയ്ക്കേ ഉള്ളു എന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

ആര്യാടന്‍ ഷൗക്കത്ത് പറ്റില്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണങ്ങളുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി. ആ കാരണങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വിശദീകരിക്കേണ്ടിവരുമെന്നും ഷൗക്കത്തിനെ എംഎല്‍എയാക്കാനല്ല താന്‍ രാജിവെച്ചതെന്നും അന്‍വര്‍ പറഞ്ഞിരുന്നു. റോഡിലൂടെ പോകുന്നവന്‍ സ്ഥാനാര്‍ത്ഥിയെപ്പറ്റി പറഞ്ഞാല്‍ അത് തിരുത്തേണ്ടതില്ലല്ലോ? നമ്മള്‍ അതിന്റെ ഭാഗമാകുമ്പോഴാണല്ലോ എന്തെങ്കിലും വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടത്. ആര്യാടന്‍ ഷൗക്കത്ത് എന്നല്ല യുഡിഎഫ് നിര്‍ത്തുന്ന ഏത് സ്ഥാനാര്‍ത്ഥിയെയും പിന്തുണയ്ക്കാമെന്ന് ആയിരം തവണ പറഞ്ഞതല്ലേ. അതിലെന്താണ് ആശയക്കുഴപ്പം? അങ്ങനെ ആശയക്കുഴപ്പമുണ്ടെന്ന് ചില യുഡിഎഫ് നേതാക്കള്‍ വരുത്തിത്തീര്‍ക്കുകയല്ലേ. ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന നരേഷന്‍ ആരാണ് ഉണ്ടാക്കിയത്. ഏത് ചെകുത്താനാണെങ്കിലും ഞാന്‍ സമ്മതിക്കുമെന്ന് പറഞ്ഞതല്ലേ. തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയാക്കുന്നുണ്ടെങ്കില്‍ മാത്രമേ ഇനി സംസാരമുളളുവെന്നും അന്‍വര്‍ ചൂണ്ടിക്കാണിച്ചു. തൃണമൂലിനെ സഖ്യകക്ഷിയാക്കുന്നതില്‍ എന്താണ് കുഴപ്പം? ഒരു കമ്പ്യൂട്ടറും രണ്ട് ആളുകളുമുളള പ്രവാസി അസോസിയേഷന്‍ അവരുടെ ഘടകകക്ഷിയാണ്. എന്താണ് ഞങ്ങളെ ഘടകകക്ഷിയാക്കാന്‍ പറ്റാത്തത് എന്നതിന് വിശദീകരണം തരണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി ഡി സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായുള്ള തന്റെ കൂടിക്കാഴ്ച്ച മുടക്കിയത് വി ഡി സതീശനെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെ സി വേണുഗോപാലിലായിരുന്നു തന്റെ അവസാന പ്രതീക്ഷ. കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇടപെട്ടിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് വെച്ച് കൂടിക്കാഴ്ച്ച നടത്താമെന്നും അറിയിച്ചിരുന്നതാണെന്നും അന്‍വര്‍ പറഞ്ഞിരുന്നു. അന്‍വറിനെ കണ്ടാല്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുമെന്ന് വി ഡി സതീശന്‍ അവസാന നിമിഷം കെ സി വേണുഗോപാലിനെ അറിയിച്ചു. ഇതില്‍ നിസ്സഹായനായ കെ സി വേണുഗോപാല്‍ തിരക്കാണെന്നും പിന്നീട് സംസാരിക്കാമെന്നും പറഞ്ഞ് മനഃപൂര്‍വ്വം കൂടിക്കാഴ്ച്ചയില്‍ നിന്നും പിന്മാറുകയായിരുന്നു എന്നുമായിരുന്നു അന്‍വറിന്റെ പ്രതികരണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!