HIGHLIGHTS : National Highway collapse: Action taken against officials, NHAI site engineer dismissed, project director suspended

ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാത 66 ല്‍ വ്യാപകമായി തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ നടപടി. എന്‍എച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിടുകയും പ്രൊജക്ട് ഡയറക്ടറെ സസ്പെന്റ് ചെയ്യുകയും ചെയ്തു. റോഡ് നിര്‍മ്മാണത്തിന് കരാറെടുത്ത കൂടുതല്‍ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ദേശീയപാത 66ല്‍ കൂരിയാട് ദേശീയപാത തകര്‍ന്നതിന് കാരണം കരാറുകാരുടെ അശ്രദ്ധയാണെന്ന് ദേശീയപാത അതോറിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി ശക്തമാക്കുന്നത്. കൂരിയാട് അടക്കം കരാറുകാരന്‍ സ്വന്തം ചിലവില്‍ വെള്ളം പോകാനുള്ള സംവിധാനം നിര്‍മ്മിക്കണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചു.

അതേസമയം, റോഡ് സുരക്ഷാ അവലോകനത്തിനായി എക്സ്പേര്‍ട്ട് കമ്മറ്റിയും ദേശീയ പാത അതോറിറ്റി രൂപീകരിച്ചു. വിരമിച്ച ഐഐടി-ഡല്‍ഹി പ്രൊഫസര്‍ ജി വി റാവുവിന്റെ അധ്യക്ഷതയിലാണ് കമ്മിറ്റി. ഡോ. അനില്‍ ദീക്ഷിത്, ഡോ ജിമ്മി തോമസ്, ഡോ. കെ മോഹന്‍ കൃഷ്ണ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. അതേസമയം, കേരളത്തിലെ റോഡുകളില്‍ വ്യാപകമായി വിള്ളലുകളും തകര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍മാണം നടത്തുന്ന കൂടുതല്‍ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സുരക്ഷാ കണ്‍സള്‍ട്ടന്റ്, ഡിസൈന്‍ കണ്‍സള്‍ട്ടന്റ് കമ്പനികള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
കൂരിയാട് ദേശീയപാത തകര്‍ച്ചയ്ക്ക് പിന്നില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ വീഴ്ചയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സ്ഥലത്തെക്കുറിച്ച് മനസിലാക്കുന്നതിലും എത്രത്തോളം ഭാരം താങ്ങാന്‍ കഴിയുമെന്ന് കണ്ടെത്തുന്നതിനും പരിശോധന നടത്തിയില്ലെന്ന് എന്‍എച്ച്എഐ വ്യക്തമാക്കുന്നു. അടിമണ്ണിന് ഉറപ്പില്ലാത്തതാണ് പ്രശ്നത്തിന് ഇടയാക്കിയത് എന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍എച്ച്എഐ ചൂണ്ടിക്കാട്ടുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു