മഴ കനക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

HIGHLIGHTS : CM urges caution in heavy rain situation

cite

മഴ കനത്തതോടെ പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ജലാശയങ്ങളില്‍ കുളിക്കുന്നതും മറ്റു പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതും ശ്രദ്ധിക്കണമെന്നും മത്സ്യതൊഴിലാളികള്‍ മുന്നറിയിപ്പ് ഉള്ള സമയങ്ങളില്‍ കടലില്‍ പോകരുതെന്നും തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങള്‍, പുഴയോരം, സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങള്‍, മറ്റു പാരിസ്ഥിതിക ലോല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കാന്‍ തയ്യറാകണം.

മഴ കനത്ത സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും അടിയന്തിര ഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളും താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും മുഴുവന്‍ സമയവും പ്രവര്‍ത്തനക്ഷമാണ്. സാധാരണ അവലംബിക്കുന്ന മാര്‍ഗങ്ങള്‍ക്ക് പുറമെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകളിലൂടെയുള്ള സന്ദേശവും സൈറണ്‍ ഹൂട്ടിങ്ങും നല്‍കുന്നുണ്ട്. ഇത് തുടരുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ സിവില്‍ ഡിഫെന്‍സ്, ആപ്ദ മിത്ര, സന്നദ്ധസേന തുടങ്ങിയ സന്നദ്ധപ്രവര്‍ത്തകരെ അടിയന്തിര സാഹചര്യങ്ങളില്‍ വിന്യസിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പഞ്ചായത്തു തല എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകളെയും സജ്ജരാക്കിയിട്ടുണ്ട്.

ദേശിയ ദുരന്ത പ്രതികരണ സേനയുടെ ഒന്‍പത് ടീമുകളെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിന്യസിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ഇടുക്കി, മലപ്പുറം കാസര്‍കോഡ്, തൃശൂര്‍ ജില്ലകളില്‍ ദേശിയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമിനെ വീതം വിന്യസിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നാം തീയതിയോടെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ടീമുകളെ വിന്യസിക്കും. മഴക്കാലം കഴിയുന്നത് വരെ ഇവര്‍ ഈ ജില്ലകളില്‍ ഉണ്ടായിരിക്കും. റെസിഡന്‍സ് അസോസിയേഷനുകള്‍, നാട്ടിന്‍ പുറത്തെ കൂട്ടായ്മകള്‍ എന്നിവര്‍ പ്രദേശങ്ങളിലെ വാട്സ്ആപ്പ് കൂട്ടായ്മകള്‍ ഉണ്ടാക്കി മഴ വിവരങ്ങള്‍ കൈമാറണം. മഴക്കാലവുമായി ബന്ധപ്പെട്ട ശുചീകരണപ്രവര്‍ത്തങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും നടത്തണം. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാനത്തു 59 ക്യാമ്പുകളിലായി 1296 ആള്‍ക്കാരെ താമസിപ്പിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

അതിരാവിലെ പത്ര വിതരണത്തിനും, റബ്ബര്‍ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. രാത്രികാലങ്ങളില്‍ മരം വീണും മറ്റും വൈദ്യുത കമ്പികള്‍ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടി കിടക്കാന്‍ സാധ്യതയുണ്ട്. വൈദ്യുതി ലൈനുകള്‍ അപകടകരമായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരിക്കലും സമീപത്തേക്ക് പോകരുത്. ഉടന്‍ സമീപത്തെ കെ എസ് ഇ ബി ഓഫീസിലോ 9496010101 എന്ന നമ്പരിലോ അറിയിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!