HIGHLIGHTS : 'Pushpa is the reason for the family's breakup', disappointed at being left alone, I don't want to go out anymore': Chenthamara
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതല്‍ കാര്യങ്ങള്‍ ചെന്താമര പൊലീസിനോട് വെളിപ്പെടുത്തിയത്. തന്റെ കുടുംബം തകരാന്‍ പ്രധാന കാരണക്കാരിലൊരാള്‍ അയല്‍വാസിയായ പുഷ്പയാണെന്ന് ചെന്താമര മൊഴി നല്‍കി. പുഷ്പയെ വെറുതെ വിട്ടതില്‍ നിരാശയുണ്ടെന്നും താന്‍ പുറത്തിറങ്ങാതിരിക്കാന്‍ കൂട്ട പരാതി നല്‍കിയവരില്‍ പുഷ്പയും ഉണ്ടെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു.
ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ പുഷ്പ രക്ഷപ്പെട്ടുവെന്നും ചെന്താമര പറഞ്ഞു. ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്റെ ചോദ്യം ചെയ്യലിലാണ് ചെന്താമരയുടെ വെളിപ്പെടുത്തല്‍. പുഷ്പയെ ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ലെന്നാണ് ചെന്താമരയുടെ വെളിപ്പെടുത്തല്‍.
നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. വൈകീട്ട് 3 മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തെളിവെടുപ്പ് തുടരും.
ഇന്നലെ രാവിലെ 11 മണിയ്ക്കാണ് ചെന്താമരയെ വിയ്യൂര്‍ ജയിലില്‍ നിന്ന് ആലത്തൂര്‍ കോടതിയില്‍ എത്തിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പൊലീസ് പ്രതിയുമായി പോത്തുണ്ടിയിലെ ബോയന്‍ കോളനിയിലേക്കാണ് എത്തിയത്. കൊല നടത്തിയ സ്ഥലത്താണ് ആദ്യമെത്തിച്ചത്. അതിനുശേഷം വീട്ടിലേക്ക് പോയതും മലയില്‍ പോയി ഒളിച്ചത് എങ്ങനെയാണെന്നത് ഉള്‍പ്പെടെ യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര പൊലീസിന് വിശദീകരിച്ചുകൊടുത്തത്. കൊടുവാള്‍ വീട്ടില്‍ വെച്ചശേഷം പാടവരമ്പിലൂടെ ഓടി. ഇടയ്ക്ക് കമ്പി വേലി ചാടി കടന്നപ്പോള്‍ ശരീരത്തില്‍ ചെറിയ മുറിവേറ്റു.
പകല്‍ മുഴുവന്‍ പാടത്തെ ചെറിയ ചാലില്‍ തന്നെ നിന്നു . രാത്രി കനാലിലൂടെ മലകയറിയെന്നും അവിടെ ഒരു ഗുഹയിലായിരുന്നു താമസമെന്നും ചെന്താമര വിശദീകരിച്ചു. ഒളിവിലിരിക്കെ പൊലീസ് ജീപ്പിന്റെ വെളിച്ചം പലവട്ടം കണ്ടുവെന്നും ചെന്താമര പറഞ്ഞു. മലയിലേക്ക് പോയ വഴിയും തിരിച്ചുവന്ന വഴിയും ഉള്‍പ്പെടെ ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു. കേസിലെ സാക്ഷികളെ ഉള്‍പ്പെടെ കൊണ്ടുവന്നാണ് പൊലീസ് തെളിവെടുത്തത്.
സ്ത്രീകള്‍ ചെന്താമരയെ കണ്ടതും പൊട്ടിത്തെറിച്ചു. പൊലീസിന് ഏറെ പഴി കേള്‍ക്കേണ്ടി വന്ന കേസായതിനാല്‍ പഴുതടച്ച നടപടിക്രമങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്. പ്രദേശവാസികളുടെ വൈകാരിക പ്രകടനം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ വന്‍ സുരക്ഷയാണ് പോത്തുണ്ടി മുതല്‍ ബോയന്‍ കോളനി വരെ ഒരുക്കിയത്. എന്നാല്‍, നാട്ടുകാര്‍ പൊലീസിനോട് പൂര്‍ണമായി സഹകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു