ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും എന്റെ താനൂരിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്നാമത് പൂരപ്പുഴ വളളം കളി നാളെ ഉച്ചക്ക് രണ്ട് മുതല്‍ ഒട്ടും പുറത്ത് നടക്കുമെന്ന് ഫീഷറിസ്, കായിക, ഹജ്ജ് വഖഫ് , റെയില്‍വേ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. താനൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയിരുന്നു
മന്ത്രി.
12 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഉച്ചക്ക് രണ്ടിന് ഉദ്ഘാടനച്ചടങ്ങുകളും ജലഘോഷയാത്രയും നടക്കും.തുടര്‍ന്ന് മത്സരത്തിന് കൊടി വീശും. പ്രാഥമിക റൗണ്ടുകള്‍ പൂര്‍ത്തിയായാല്‍ സെമി ഫൈനല്‍ ലുസേഴ്‌സ് ഫൈനലും ഫൈനല്‍ മത്സരങ്ങളും നടക്കും.ഒന്നാം സമ്മാനം 50,000 രൂപയാണ്. രണ്ടാം സമ്മാനം 25,000 രൂപയും മൂന്നാം സമ്മാനം 15,000 രൂപയും നാലാം സമ്മാനം 10, 000 രൂപയുമാണ്. വിജയികളാകുന്നവര്‍ക്ക് ട്രോഫികളും നല്‍കും. പങ്കെടുക്കുന്ന മുഴുവന്‍ ടീമുകള്‍ക്കും മെമൊന്റെകളും സമ്മാനിക്കും.
താനൂരിലെയും പരിസരങ്ങളിലെയും ക്ലബുകളും സ്ഥാപനങ്ങളും സംഘടനകളും മുന്‍കുട്ടി സ്‌പോണ്‍സര്‍ ചെയ്തതാണ് ഇത്തവണത്തെ മുഴുവന്‍ വള്ളങ്ങളും.
കേരള വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സഹകരിച്ച് എന്റെ താനൂരിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് വള്ളംകളിയുടെ സംഘാടകര്‍. താനൂരിനെ ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കുകയെന്നതാണ് പൂരപ്പുഴ വള്ളംകളിയിലൂടെ ലക്ഷ്യമിടുന്നത്.
മൂന്നാമത് പൂരപ്പുഴ വളളംകളിയുടെ ഭാഗമായി ഇന്നും
നാളെയും താനൂരില്‍ വിവിധ കലാ സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ചിന് താനൂര്‍ ജംങ്ഷനില്‍ വീല്‍സ് ഓണ്‍ മ്യുസിക്ക് സംഗീത പരിപാടി നടക്കും. വൈകീട്ട്ഏഴിന് കാഴ്ച പരിമിതരുടെ കുട്ടായ്മയായ മഞ്ചേരി ചലഞ്ചേഴ്‌സ് ബ്ലയിന്റ് ഓര്‍ക്കസ്ട്രയുടെ വിവിധ പരിപാടികളുമുണ്ടാകും.
നാളെ രാവിലെ ഒന്‍പത് മുതല്‍ ചിറക്കല്‍ കെ.പി.എന്‍.എം.യു.പി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ വിവിധ മത്സരങ്ങള്‍ നടക്കും. 9.30 ന് കുടുംബശ്രി മിഷന്റെ ആഭിമുഖ്യത്തില്‍ താനൂര്‍ നിയോജക മണ്ഡലം പരിധിയിലെ കുടുംബശ്രീ സി.ഡി. എസുകളെ ഉള്‍പ്പെടുത്തി വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തും.
വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തും. സാംസ്‌കാരിക സമ്മേളനത്തില്‍ സിനിമാ താരവും മിസ് കേരളയുമായ അനുപ്രശോഭിനി അതിഥിയാവും.
വൈകീട്ട് 4.30 ന് തായമ്പക, ചാക്യാര്‍ക്കുത്ത്, നൃത്തനൃത്ത്യങ്ങള്‍ വൈകീട്ട് 6.30 ന് ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ നേടിയ അട്ടപ്പാടി ഇരുള വിഭാഗം അവതരിപ്പിക്കുന്ന ഇരുള നൃത്തവും തുടര്‍ന്ന് രാത്രി എട്ടിന്
വോയ്‌സ് മലബാര്‍ ഒരുക്കിയ സംഗീത നിശ എന്നിവ നടക്കും.
2017 ലാണ് ആദ്യമായി പൂരപ്പുഴയില്‍ വള്ളംകളി നടന്നത്. തുടര്‍ന്ന്
2018 ലും പൂരപ്പുഴ വള്ളംകളി നടന്നു. 2019 ലെ പ്രളയവും തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ കോവിഡ് മഹാമാരിയും കാരണം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ പൂരപ്പുഴയിലും വള്ളംകളി നടന്നിരുന്നില്ല.
സംഘാടക സമിതി കണ്‍വീനര്‍ തിരൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഇ. ജയന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാ ചെയര്‍മാന്‍ ഒ. കെ ബേബി ശങ്കര്‍, സംഘാടക സമിതി അംഗങ്ങളായ മേപ്പുറത്ത് ഹംസു, നാദിര്‍ഷ കടായിക്കല്‍, താനൂര്‍ എസ്.എച്ച്. ഒ ജീവന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.




