Section

malabari-logo-mobile

സൈനികരോടു സ്‌നേഹവുമാദരവുമുള്ള സകല മനുഷ്യരേയും സംഘികളുടെ സൈനികയുക്തിയിലേക്ക് തല്ലിയോടിക്കരുത്

HIGHLIGHTS : പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഷിജു ദിവ്യ എഴുതുന്നു രാജ്യവും രാജ്യാതിര്‍ത്തികളുമില്ലാത്ത ‘വിശ്വം ഭവത്യേകനീഡ’മെന്നത് മനോഹര...

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഷിജു ദിവ്യ എഴുതുന്നു

രാജ്യവും രാജ്യാതിര്‍ത്തികളുമില്ലാത്ത ‘വിശ്വം ഭവത്യേകനീഡ’മെന്നത് മനോഹരമായ സ്വപ്നമാണ് . സ്വപ്നങ്ങള്‍ക്ക് ഭാവിയിലേക്കുള്ള കുതിപ്പില്‍ ഊര്‍ജ്ജം നിറയ്ക്കാന്‍ പറ്റും . അതിന്റെ ആവേഗങ്ങള്‍ നമ്മുടെ പ്രവര്‍ത്തിപഥങ്ങളെ സചേതനമാക്കുമെങ്കിലും ആ സ്വപ്നലോകത്തല്ല നാം ജീവിക്കുന്നത് . ഈ തിരിച്ചറിവും പ്രധാനമാണ് . രാജ്യവും അതിര്‍ത്തികളും രാജ്യാന്തര മര്യാദകളുമൊരു സത്യമാണ് . സനാതന സത്യമെന്നല്ല , ചരിത്രത്തില്‍ വികസിച്ചു വന്ന സത്യം . രാജ്യാതിര്‍ത്തികളില്‍ ചോര പടര്‍ത്തുന്ന ഭീകരവാദം വിട്ടുവീഴ്ചയില്ലാത്ത വിധം ചെറുത്തുതോല്പിക്കപ്പെടേണ്ടതുമാണ് .
അതില്‍ ക്രമസമാധാന പ്രശ്‌നമെന്ന പോലെ രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ ഉള്ളടക്കവുമുണ്ട് . ഏതെങ്കിലുമൊന്നിനെ മാത്രമുയര്‍ത്തിപ്പിടിച്ച് മറ്റുള്ളവയെ കണ്ടില്ലെന്ന് നടിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും .

sameeksha-malabarinews

കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ചും രാജ്യത്തിനകത്തെ ന്യൂനപക്ഷ വേട്ടയെക്കുറിച്ചും പറയുമ്പോള്‍ ‘അതിര്‍ത്തിയിലെ പട്ടാളക്കാരെ നോക്കൂ..” എന്നുപറയുന്ന സംഘിയുക്തിയുടെ തന്നെ മാതൃകയാണ് അതിര്‍ത്തിയിലെ ജവാന്മാര്‍ കൊല്ലപ്പെടുമ്പോള്‍ കര്‍ഷക ആത്മഹത്യകളെക്കുറിച്ചു പറയുന്നതും . സൈനികരോടു സ്‌നേഹവുമാദരവുമുള്ള സകല മനുഷ്യരേയും സംഘികളുടെ സൈനികയുക്തിയിലേക്ക് തല്ലിയോടിക്കരുത് . ഇത്തരം ധൈഷണിക വിനോദങ്ങള്‍ കൂടിയാണ് നമ്മുടെ സെക്കുലര്‍ സോഷ്യല്‍ സെറ്റപ്പിനെ കീറിപ്പറിക്കുന്നത്. ഒന്നും മറ്റൊന്നിനും പകരവുമല്ല , തുല്യവുമല്ല .

എല്ലാ തൊഴിലുകള്‍ക്കുമൊരേ അഭിരുചിയും ആഭിമുഖ്യവുമല്ല .ജീവന്‍ മൂലധനമായ തൊഴിലാണ് സൈനികവൃത്തി . ബലപ്രയോഗത്തിന്റെ സൈനികയുക്തി ആധുനികരാഷ്ട്ര യുക്തിയായിക്കൂടാത്തതാണ് . വീരാരാധനയുടെ രാഷ്ട്രീയവും തിരിച്ചറിയപ്പെടണം . അതിനര്‍ത്ഥം സൈന്യം തന്നെ അപ്രസക്തമാണെന്നല്ല . ജീവന്‍ പകരം തരുന്ന അവരുടെ സമര്‍പ്പണബോധം നിസ്സാരവുമല്ല . രാഷ്ട്രമൊരു മൂല്യമാണെന്നതു കൊണ്ട് ആ ജീവത്യാഗം രക്തസാക്ഷിത്വം തന്നെയാണ് . അതിനെ രക്താഭിവാദ്യം ചെയ്യേണ്ടതുണ്ട് .

ഭീകരതയും കശ്മീര്‍ പ്രശ്‌നവുമെല്ലാം സങ്കീര്‍ണ്ണമായ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൂടിയാണ് . അതിന് രാഷ്ട്രീയ പരിഹാരങ്ങളാണുണ്ടാവേണ്ടത് .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!